24.6 C
Iritty, IN
May 29, 2024
  • Home
  • Uncategorized
  • കൊച്ചിയിലെ നവജാത ശിശുവിന്‍റെ കൊലപാതകം അതിദാരുണം; കേസെടുത്ത് ബാലാവകാശ കമ്മീഷൻ
Uncategorized

കൊച്ചിയിലെ നവജാത ശിശുവിന്‍റെ കൊലപാതകം അതിദാരുണം; കേസെടുത്ത് ബാലാവകാശ കമ്മീഷൻ

കൊച്ചി: കൊച്ചി പനമ്പിള്ളി നഗറിനടുത്ത് നടുറോഡിൽ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കേസെടുത്ത് സംസ്ഥാന ബാലാവകാശ കമ്മീഷൻ. സംഭവത്തില്‍ ജില്ലാ പൊലീസ് മേധാവിയോട് കമ്മീഷൻ റിപ്പോർട്ട് തേടി. സംഭവം അതിദാരുണമാണെന്ന് ബാലാവകാശ കമ്മീഷൻ ചെയർമാൻ കെ വി മനോജ്‌ കുമാർ പ്രതികരിച്ചു. കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ അമ്മ തൊട്ടിൽ അടക്കം സർക്കാർ സംവിധാനങ്ങളുണ്ട്. കുട്ടികളെ വേണ്ടാത്തവർ ഇത്തരം ക്രൂരതകൾ ചെയ്യരുതെന്നും കെ വി മനോജ്‌ കുമാർ പറഞ്ഞു.

ഇന്ന് രാവിലെ എട്ട് മണിയോടെയാണ് കൊച്ചി നഗരത്തെയാകെ ഞെട്ടിച്ച സംഭവം ഉണ്ടായത്. ശുചീകരണത്തൊഴിലാളികളാണ് നടുറോ‍ഡില്‍ നവജാത ശിശുവിനെ ആദ്യം കണ്ടത്. പൊക്കിൾ കൊടി പോലും മുറിച്ചുമാറ്റാത്ത നിലയിലായിരുന്നു നവജാതശിശുവിന്‍റെ മൃതദേഹം. കുട്ടിയുടെ ജഡം ആരെങ്കിലും വാഹനത്തിൽ കൊണ്ടുവന്ന് ഉപേക്ഷിച്ചതാണോ എന്നായിരുന്നു ആദ്യ സംശയം. സമീപിത്തെ സിസിടിവി പരിശോധിച്ചപ്പോഴാണ് മുകളിൽ നിന്ന് വന്ന് വീണതാണെന്ന് വ്യക്തമായത്. അതോടെയാണ് റോഡിന് തൊട്ടരുകില്ലുള്ള ഫ്ലാറ്റിൽ നിന്ന് എറിഞ്ഞതാണെന്ന സംശയം ഉയർന്നത്. പിന്നാലെ പൊലീസെത്തി തുടര്‍ നടപടികൾ ആരംഭിച്ചു. ഫ്ലാറ്റിലെത്തി വിവരങ്ങൾ ശേഖരിച്ചു. എന്നാൽ ഗർഭിണികളായ ആരും അവിടെത്താമസിക്കുന്നതില്ലെന്നാണ് അപ്പാർട്ട്മെന്‍റ് അസോസിയേഷനും ജീവനക്കാരും മൊഴി നൽകിയത്.

പിന്നീടാണ് കുഞ്ഞിനെപ്പൊതിഞ്ഞിരുന്ന ആമസോണിന്‍റെ കവർ പൊലീസ് ശ്രദ്ധിച്ചത്. കുഞ്ഞിന്‍റെ കഴുത്തിൽ ഒരു ഷാളും ചുറ്റിയിരുന്നു. ആമസോണിന്‍റെ കവറിൽ രക്തം പുരണ്ടിരുന്നതിനാൽ വിലാസം വ്യക്തമായിരുന്നില്ല. തുടർന്ന് കവറിലെ ക്യു ആർ കോഡ് സ്കാൻ ചെയ്തപ്പോഴാണ് ബില്ലിങ് വിവരങ്ങൾ കിട്ടിയത്. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ഫ്ലാറ്റിലെ സ്ഥിരം താമസക്കാരിലേക്ക് പൊലീസിനെ എത്തിച്ചത്. ഫ്ലാറ്റില്‍ നടത്തിയ പരിശോധനയിലാണ് സംഭവത്തിന്‍റെ ചുരുളഴിഞ്ഞത്. പൊലീസിന്‍റെ ചോദ്യം ചെയ്യലില്‍ 23 കാരിയായ യുവതി കുറ്റം സമ്മതിക്കുകയായിരുന്നു. പുലർച്ചെ അഞ്ച് മണിക്ക് ബാത്ത് റൂമിലാണ് യുവതി പ്രസവിച്ചത്. പരിഭ്രാന്തയായ താൻ കുഞ്ഞിനെ എങ്ങനേയും മറവ് ചെയ്യണം എന്ന ഉദ്ദേശത്തിലാണ് താഴേക്ക് വലിച്ചെറിഞ്ഞത് എന്നാണ് യുവതി പൊലീസിന് മൊഴി നല്‍കിയത്. ഗർഭിണിയാണെന്ന വിവരം മാതാപിതാക്കളോട് പറ‍ഞ്ഞിരുന്നില്ലെന്നും ഇതുണ്ടാക്കിയ മാനസിക സംഘർഷത്തിലാണ് കൃത്യം ചെയ്തതെന്നുമാണ് യുവതിയുടെ മൊഴി. ഇൻസ്റ്റാംഗ്രാം വഴി പരിചയപ്പെട്ട സുഹൃത്തിൽ നിന്നാണ് ഗർഭിണിയായതെന്നും യുവതി പൊലീസിനോട് പറഞ്ഞു.

കൊലപാതകക്കുറ്റം ചുമത്തി കസ്റ്റഡിയിലെടുത്ത യുവതിയെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോസ്റ്റുമാർട്ടം റിപ്പോർട്ട് കൂടി കിട്ടയശേഷമാകും തുടർ നടപടികൾ. ആരോഗ്യ നില തൃപ്തികരമായ ശേഷം യുവതിയെ കസ്റ്റഡിയിൽ വാങ്ങാനാണ് പൊലീസിന്‍റെ തീരുമാനം. യുവതിയെ ഗർഭിണിയാക്കിയ തൃശ്ശൂർ സ്വദേശിയായ നർത്തകനെതിരെ ബലാത്സംഗത്തിന് കേസ് എടുക്കാമെന്നാണ് പൊലീസിന് കിട്ടിയ നിയമോപദേശം. യുവതിയുടെ മൊഴി എതിരായാൽ മാത്രം സുഹൃത്തായിരുന്ന ആൾക്കെതിരെ അന്വേഷണം നടത്തും.

Related posts

ഇ സേവന പരിശീലനം

Aswathi Kottiyoor

വിദേശ സന്ദര്‍ശനം നേരത്തെ അവസാനിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും തിരിച്ചെത്തി

Aswathi Kottiyoor

മഴയുടെ തീവ്രത കുറഞ്ഞു ; കെടുതി തുടരുന്നു , 95.96 കോടി രൂപയുടെ കൃഷിനാശം

Aswathi Kottiyoor
WordPress Image Lightbox