23.3 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • ‘മീൻ കിട്ടാനില്ല ഭായ്, ചൂട് ഞങ്ങളേം ചതിച്ചു’; 3 മാസങ്ങളോളമായി വറുതിയിൽ മത്സ്യതൊഴിലാളികള്‍, തീരാതെ ദുരിതം
Uncategorized

‘മീൻ കിട്ടാനില്ല ഭായ്, ചൂട് ഞങ്ങളേം ചതിച്ചു’; 3 മാസങ്ങളോളമായി വറുതിയിൽ മത്സ്യതൊഴിലാളികള്‍, തീരാതെ ദുരിതം

കൊച്ചി: കനത്ത ചൂടില്‍ കടലില്‍ നിന്ന് മീൻ കിട്ടാതായതോടെ മൂന്ന് മാസങ്ങളോളമായി വറുതിയിലാണ് സംസ്ഥാനത്തെ മത്സ്യ തൊഴിലാളികള്‍. ചൂട് കൂടിയതോടെ തീരത്തോട് ചേർന്നുള്ള ആഴം കുറഞ്ഞ ഭാഗങ്ങളിൽനിന്ന് മീനുകൾ കൂട്ടത്തോടെ ആഴം കൂടിയ ഉള്‍ ഭാഗങ്ങളിലേക്ക് നീങ്ങിയതാണ് മത്സ്യലഭ്യത ഇല്ലാതാക്കിയത്. ഇത് സംസ്ഥാനത്തെ ഒട്ടുമിക്ക മത്സ്യതൊഴിലാളികളുടേയും അവസ്ഥയാണ്.

ചൂട് കൂടിയതോടെ മീൻ എല്ലാം ആഴക്കടലിലേക്ക് പോയി, ചെറുവള്ളങ്ങളുമായി ഞങ്ങൾക്ക് കടലിൽ പോകാൻ പറ്റാത്ത അവസ്ഥയാണ്. പൊള്ളുന്ന ചൂടിൽ കഷ്ടപ്പെട്ടിട്ട് ഒരു ഫലവുമില്ലെന്ന് മത്സ്യത്തൊഴിലാളികളായ പുഷ്കക്കരനും സാദിഖും പറഞ്ഞു. മീൻപിടിത്തവും ലേലവും വില്‍പ്പനയുമൊക്കെയായി നൂറുകണക്കിനാളുകള്‍ കൂടിയിരുന്ന തുറമുഖങ്ങള്‍ ആളനക്കമില്ലാതായിട്ട് മാസങ്ങളായി. ഫെബ്രുവരി മാസം തുടക്കത്തില്‍ തുടങ്ങിയതാണ് ഇവരുടെ ദുരിതം. മീൻ പിടിക്കാൻ പോയി വെറും കയ്യോടെ വന്നവര്‍ക്കുണ്ടായത് ആയിരക്കണക്കിന് രൂപയുടെ നഷ്ടമാണ്.

ചെറുവള്ളങ്ങളും ബോട്ടുകളുമൊക്കെ ഇപ്പോൾ ആഴക്കടലിലേക്ക് മീൻ പിടിക്കാൻ പോകാറില്ല, വൻ നഷ്ടമാണ് നേരിടേണ്ടി വരുന്നത്. പട്ടിണി കിടന്നാലും ഇനിയും കടം വരുത്തി വയ്ക്കേണ്ടെന്ന് കരുതി പലരും ബോട്ടിറക്കുന്നില്ലെന്ന് മത്സ്യതൊഴിലാളി നേതാവ് ചാള്‍സ് ജോര്‍ജ്ജ് പറഞ്ഞു. അപൂര്‍വം ചിലര്‍ മാത്രമാണ് ഭാഗ്യപരീക്ഷണമെന്ന നിലയില്‍ ബോട്ടുകളുമായി ഇപ്പോള്‍ മത്സ്യ ബന്ധനത്തിന് കടലില്‍ പോകുന്നത്. ഈ അവസരം മുതലെടുത്ത് തമിഴ്നാട്, കര്‍ണാടക,ആന്ധ്ര പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് മീനുകള്‍ ധാരാളമായി ഇവിടേക്ക് കൊണ്ടു വരുന്നുണ്ട്. മാര്‍ക്കെറ്റുകളില്‍ വലിയ വിലയാണ് ഇപ്പോള്‍ മീനുകള്‍ക്ക്. തുടര്‍ച്ചയായി മീൻ കിട്ടാതെ വന്നതോടെ ഇവരെല്ലാവരും തീരത്ത് കടലില്‍ കണ്ണും നട്ട് ഇരിപ്പാണ്, എന്ന് ഇനി മീൻ കിട്ടുമെന്നറിയാതെ.

Related posts

ഒടുവില്‍ ഒപ്പിട്ടു!; പരിഗണനയില്‍ ഇരുന്ന അഞ്ച് ബില്ലുകളിലും ഒപ്പിട്ട് ഗവര്‍ണര്‍

Aswathi Kottiyoor

ബ്രഹ്‌മപുരം തീപിടിത്തത്തിൽ നാസയിൽ നിന്ന് ലഭിച്ച ഉപഗ്രഹ ചിത്രങ്ങൾ അവ്യക്തം

Aswathi Kottiyoor

കെഎസ്ഇബിയുടെ സര്‍വീസ് വയര്‍ കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്

Aswathi Kottiyoor
WordPress Image Lightbox