• Home
  • Uncategorized
  • എക്സൈസ് വകുപ്പിലെ ജനകീയ ഉദ്യോഗസ്ഥൻ എം പി സജീവൻ പടിയിറങ്ങി
Uncategorized

എക്സൈസ് വകുപ്പിലെ ജനകീയ ഉദ്യോഗസ്ഥൻ എം പി സജീവൻ പടിയിറങ്ങി

സാമൂഹിക ഇടപെടലുകളിലൂടെ ശ്രദ്ധേയനായ എക്സൈസ് ഉദ്യോഗസ്ഥൻ പേരാവൂർ റേഞ്ചിലെ അസി.എക്സൈസ് ഇൻസ്പെക്ടർ എം പി സജീവൻ കർമനിരതമായ സേവനകാലത്തിനു ശേഷം സർവ്വീസിൽ നിന്ന് പടിയിറങ്ങി.

2002 ഡിസംബർ 24 ന് എക്സൈസ് വകുപ്പിൽ കൂത്തുപറമ്പ് റെയിഞ്ച് ഓഫീസിൽ എക്സൈസ് ഗാർഡ് ആയി സർക്കാർ സർവ്വീസിൽ സേവനം ആരംഭിച്ച് 21 വർഷങ്ങൾക്കു ശേഷം 2024 ഏപ്രിൽ 30 ന് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ർ തസ്തികയിലിരിക്കെയാണ് റിട്ടയർമെൻ്റ്.

2018ലെ പ്രളയകാലത്ത് കൊട്ടിയൂർ മേഖലയിലുണ്ടായ ഉരുൾ പൊട്ടൽ ഉൾപ്പെടെയുള്ള പ്രകൃതിദുരന്തങ്ങളിലും കണിച്ചാറിൽ വീശിയടിച്ച ചുഴലികാറ്റിലും മലയോരം വിറങ്ങലിച്ചു നിന്നപ്പോൾ ദുരന്തനിവാരണ സേനയെന്ന പോലെ പേരാവൂർ റെയിഞ്ചിലെ ഒരു പറ്റം സഹപ്രവർത്തകരുമായി ദിവസങ്ങളോളം ദുരന്തമുഖങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾക്കും സേവനപ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയതിലൂടെ എം പി സജീവൻ സമൂഹത്തിൽ എല്ലാവിഭാഗം ജനങ്ങളുടെയും പ്രിയങ്കരനായി മാറി. റെയിഞ്ച് പരിധിയിലെ പേരാവൂർ, കണിച്ചാർ, കേളകം, കൊട്ടിയൂർ ഗ്രാമപഞ്ചായത്തുകളിലെ സാമൂഹിക അടുക്കളകളിലേക്കും ശാന്തിഗിരി – കോളിത്തട്ട് സ്കൂൾ, അമ്പായത്തോട്, നെല്ലിയോടി, കൂനമ്പള്ള എന്നിവിടങ്ങളിലെ പ്രളയാനന്തര ക്യാമ്പുകളിലേക്കും ഭക്ഷ്യധാന്യങ്ങളും ആവശ്യവസ്തുക്കളും എത്തിച്ച് നൽകിയതും അമ്പായത്തോട് താഴെ പാൽച്ചുരം കോളനിയിലെ ചോർന്നൊലിച്ച വീടുകൾ ഷീറ്റ് വിരിച്ച് വാസയോഗ്യമാക്കിയതും മലവെള്ളപ്പാച്ചിലിൽ തകർന്ന മലയോര റോഡുകളും പാലങ്ങളും ഉപയോഗയോഗ്യമാക്കുന്നതിന് സൈന്യത്തിനും ഫയർഫോഴ്സിനും സന്നദ്ധ പ്രവർത്തകർക്കുമൊപ്പം തോളോടുതോൾ ചേർന്ന് പ്രവർത്തിച്ചതും ചുഴലിക്കാറ്റിൽ മേൽക്കൂര തകർന്ന കണിച്ചാർ ഡോ.പൽപ്പു മെമ്മോറിയൽ യുപി സ്കൂളിൻ്റെ നവീകരണവുമുൾപ്പെടെ നിരവധി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതിലൂടെ പൊതുസമൂഹത്തിൻ്റെ പ്രശംസക്ക് പാത്രമായതിനൊപ്പം മികച്ച പ്രളയകാല പ്രവർത്തനത്തിന് മുഖ്യമന്ത്രിയിൽ നിന്ന് നേരിട്ട് ഉപഹാരം വാങ്ങാനും അവസരമുണ്ടായി.

എക്‌സൈസിലെ ജനകിയ മുഖമായി മാറിയ ഇദ്ദേഹം സംസ്ഥാന സർക്കാരിന്റെ സ്വപ്ന പദ്ധതിയായ വിമുക്തിയുടെ അന്ത:സത്ത ജീവിതത്തിലുട നീളം പുലർത്തി കൊണ്ട്‌ വിമുക്തി മിഷൻ പ്രവർത്തനത്തിൻ്റെയും ഭാഗമായി പേരാവൂർ റെയിഞ്ച് പരിധിയിൽ വൈവിധ്യമാർന്ന നിരവധി പരിപാടികൾ സംഘടിപ്പിക്കുന്നതിലും ഇദ്ദേഹം നേതൃപരമായ പങ്കുവഹിച്ചു. മേഖലയിലെ പ്രാദേശിക ചാനലുമായി ചേർന്ന് പ്രവാസികളുടെയടക്കം പങ്കാളിത്തത്തോടെ സംഘടിപ്പിച്ച ലഹരിവിരുദ്ധ ട്രോൾ മത്സരവും ആദിവാസി യുവാക്കൾക്കായി ടാഗോർ പി എസ് സി പരിശീലന കേന്ദ്രത്തിൻ്റെയും കുടുംബശ്രീ മിഷൻ ജില്ലാ ഘടകത്തിൻ്റെയും സഹകരണത്തോടെ നടത്തിയ ഊരുണർവ്വ് പരിപാടിയും ജില്ലാ ഹോമിയോപ്പതി വകുപ്പുമായി ചേർന്ന് സ്കൂൾ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി സംഘടിപ്പിച്ച ‘ആശാകിരണം’ കൗൺസലിങ് പരിപാടിയും സംസ്ഥാന തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടു. വിമുക്തി പ്രവർത്തനത്തിൽ പേരാവൂർ മോഡൽ എന്ന ഒരു വിശേഷണവും ഇക്കാലത്തുണ്ടായി.

ഇതേസമയം തന്നെ ഇദ്ദേഹത്തിൻ്റെ സത്യസന്ധവും, ആത്മാർത്ഥതയോടു കൂടിയതും ശ്രദ്ധേയവുമായ എൻഫോഴ്സ്മെൻ്റ് പ്രവർത്തനങ്ങൾ എക്സൈസ് കമ്മീഷണറുടെ സ്പെഷൽ സ്ക്വാഡ് അംഗമായി തെരഞ്ഞെടുക്കപ്പെടുന്നതിനും കാരണമായി. 2017 മുതൽ റിട്ടയർ ചെയ്യുന്നതു വരെ മാറിമാറി വന്ന എക്സൈസ് കമ്മീഷണർമാർ അദ്ദേഹത്തെ നേരിട്ടുള്ള സ്ക്വാഡിൽ നില നിർത്തിയത് അപൂർവതകളിലെ ഒന്നായി ന്നായി മാറി.

ഇന്റലിജന്റ്‌സ് റിപ്പോർട്ട് മുഖേനയും നേരിട്ടും മറ്റ് ഓഫീസർമാർക്കു് പിന്തുണ നൽകിക്കൊണ്ടും എണ്ണൂറോളം അബ്കാരി/എൻ ഡി പി എസ് കേസുകൾ കേസുകൾ കണ്ടുപിടിക്കുവാനും അവയിൽ നിന്ന് പതിനായിരത്തിൽപരം ലിറ്റർ വാഷ്, നാനൂറ് ലിറ്ററോളം ചാരായം, അഞ്ഞൂറ് ലിറ്ററിലധികം മാഹി വിദേശ മദ്യം, ആയിരം ലിറ്ററോളം കെഎസ്ബിസി വിദേശ മദ്യം, 700 മില്ലി ലിറ്റർ കള്ള്, 8 കി ഗ്രാം കഞ്ചാവ്, രണ്ട് കഞ്ചാവ് ബീഡികൾ, 2 ഗ്രാം എംഡിഎംഎ, 11 ഗ്രാം മെത്താഫിറ്റാമിൻ, 75 മിഗ്രാം Tependadol Capsule, 7 ഗ്രാം ഹാഷിഷ്, 26110/- രൂപയുടെ ഇന്ത്യൻ കറൻസി നോട്ടുകൾ, എട്ടു കാറുകൾ, 12 ബൈക്കുകൾ, 12 ഓട്ടോറിക്ഷകൾ, ഒരു ഓമ്നി വാൻ, 3 സ്കൂട്ടറുകൾ എന്നീ വാഹനങ്ങളും മൂന്നു നാടൻ തോക്കുകൾ, മുപ്പത്തിനാല് തിരകൾ, നിരവധി വാറ്റുപകരണങ്ങൾ എന്നിവയും കണ്ടെടുത്ത് സർക്കാരിലേക്ക് മുതൽകൂട്ടുകയും ചെയ്തിട്ടുണ്ട്.

കേസെടുക്കുന്നതിൻ്റെ ഭാഗമായി ഒരു പ്രതിയെയും കായികമായോ, വാക്കാലോ വേദനിപ്പിക്കാതിരിക്കാനും അതേസമയം കുറ്റം ചെയ്തവർക്ക് കോടതിയിൽ നിന്ന് പരമാവധി ശിക്ഷ വാങ്ങി നൽകാനും ജാഗ്രത പുലർത്തിയിരുന്നു അദ്ദേഹം. കണിച്ചാർ മണൽ മാലിൽ കുടുംബാംഗമാണ് എം പി സജീവൻ. ഷൈനിയാണ് ഭാര്യ. മക്കൾ: അനുവിന്ദ്, അഭിനവ്.

Related posts

സെന്‍സെക്‌സില്‍ 250 പോയന്റ് മുന്നേറ്റം: നിഫ്റ്റി 17,550 കടന്നു.*

Aswathi Kottiyoor

അനില്‍ ആന്റണിയുടെ മണ്ഡല പ്രകടന പത്രിക പുറത്തിറക്കി

Aswathi Kottiyoor

കോടികളുടെ കുടിശിക, വീണ്ടും സര്‍ക്കാര്‍ സ്ഥാപനത്തിന്‍റെ ഫ്യൂസ് ഊരി കെഎസ്ഇബി

Aswathi Kottiyoor
WordPress Image Lightbox