26.7 C
Iritty, IN
May 4, 2024
  • Home
  • Uncategorized
  • കൊട്ടിക്കലാശത്തില്‍ ആവേശം അതിരുവിട്ടു, പലയിടത്തും വൻ സംഘര്‍ഷം; പരസ്യപ്രചാരണത്തിന് കൊടിയിറക്കം
Uncategorized

കൊട്ടിക്കലാശത്തില്‍ ആവേശം അതിരുവിട്ടു, പലയിടത്തും വൻ സംഘര്‍ഷം; പരസ്യപ്രചാരണത്തിന് കൊടിയിറക്കം

സംസ്ഥാനത്ത് ആവേശത്തിരയിളക്കി പരസ്യ പ്രചാരണത്തിന് സമാപനം കുറിച്ച് കൊട്ടിക്കലാശം. ഇനിയുള്ള മണിക്കൂറുകള്‍ നിശബ്ദ പ്രചാരണം. കൊട്ടിക്കലാശത്തിനിടെ പ്രവര്‍ത്തകരുടെ ആവേശം അതിരുവിട്ടതോടെ പലയിടത്തും സംഘര്‍ഷമുണ്ടായി. ക്രെയിനുകളിലും ജെസിബികളിലുമേറിയാണ് പലയിടത്തും സ്ഥാനാര്‍ത്ഥികള്‍ കൊട്ടിക്കലാശത്തിന്‍റെ ഭാഗമായുള്ള റോഡ് ഷോയില്‍ പങ്കെടുത്തത്. 20 മണ്ഡലങ്ങളിലും വൈകിട്ട് ആറോടെ കൊട്ടിക്കലാശത്തോടെ പരസ്യപ്രചാരണം സമാപിച്ചു.

നാളെ ഒരു ദിവസത്തെ നിശബ്ദ പ്രചാരണത്തിനുശേഷം മറ്റന്നാള്‍ ആണ് കേരളത്തില്‍ വോട്ടെടുപ്പ് നടക്കുക. ഇത്തവണ പുതുചരിത്രമെഴുതുമെന്നാണ് ഇടതുമുന്നണിയുടെ അവകാശവാദം. മുഴുവൻ സീറ്റിലും ജയമെന്ന് അവസാനനിമിഷവും പറയുന്നു യുഡിഎഫ്. പ്രധാനമന്ത്രി പറഞ്ഞപോലെ രണ്ടക്ക സീറ്റ് നേടുമെന്നാണ് ബിജെപിയുടെ വാദം. പലയിടത്തും നേരിയ മഴ പെയ്തെങ്കിലും കൊട്ടിക്കലാശത്തിന്‍റെ ആവേശം ചോര്‍ത്തിയില്ല. തിരുവനന്തപുരത്ത് ഉള്‍പ്പെടെ മഴയ്ക്കിടെയായിരുന്നു കൊട്ടിക്കലാശം.

കരുനാഗപ്പള്ളിയിൽ കല്ലേറ്, എംഎല്‍എക്ക് പരിക്ക്

കരുനാഗപ്പള്ളിയിൽ കലാശക്കൊട്ടിനിടെ എല്‍ഡിഎഫ് പ്രവര്‍ത്തകരും യുഡിഎഫ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. സിആര്‍ മഹേഷ് എംഎല്‍എക്ക് പരിക്കേറ്റു. സിഐ ഉള്‍പ്പെടെ നാലു പൊലീസുകാര്‍ക്കും പരിക്കേറ്റു. പൊലീസ് പ്രവര്‍ത്തകരെ പിരിച്ചുവിടാൻ കണ്ണീര്‍ വാതകം പ്രയോഗിച്ചു. സിആര്‍ മഹേഷ് എംഎല്‍എ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. സംഘര്‍ഷത്തിനിടെയുണ്ടായ കല്ലേറിലാണ് എം.എല്‍എക്കും പൊലീസുകാര്‍ക്കും പരിക്കേറ്റത്. കരുനാഗപ്പള്ളിയിലെ സംഘര്‍ഷത്തിനിടെ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം സൂസൻ കൊടിയിലിനും പരിക്കേറ്റു. കല്ലേറിനിടെയാണ് പരിക്കേറ്റത്. പൊലീസ് ലാത്തിവീശിയാണ് പ്രവര്‍ത്തകരെ പിരിച്ചവിട്ടത്. കരുനാഗപ്പള്ളി എസിപി പ്രദീപ്കുമാറിനും പരിക്കേറ്റു.

ചെറുതോണിയിൽ എഎസ്ഐക്ക് പരിക്ക്

ഇടുക്കി ചെറുതോണിയിൽ കൊട്ടിക്കലാശത്തിനിടെ എൽഡിഎഫ് പ്രവർത്തകൻ ബിജെപി പ്രവർത്തകർക്ക് നേരെയെറിഞ്ഞ കമ്പുകൊണ്ട് എഎസ്ഐ ക്ക് പരിക്കേറ്റു. ഇടുക്കി ഡിവൈഎസ് പി ഓഫസിലെ സന്തോഷ് ബാബു എന്ന പോലീസുകാരനാണ് പരിക്കേറ്റത്. മുഖത്ത് മുറിവേറ്റ എഎസ് ഐയെ ഇടുക്കി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

നെയ്യാറ്റിൻകരയിൽ കലാശക്കൊട്ടിനിടെ സംഘര്‍ഷം, പൊലീസ് ലാത്തിവീശി

നെയ്യാറ്റിൻകരയിൽ കലാശക്കൊട്ടിനിടെ സംഘര്‍ഷമുണ്ടായി. എല്‍ഡിഎഫ്- ബിജെപി പ്രവര്‍ത്തകര്‍ തമ്മിലാണ് ആദ്യം സംഘര്‍ഷമുണ്ടായത്. പിന്നീട് എല്‍ഡിഎഫ് -യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലും വാക്കേറ്റമുണ്ടായി. കൊട്ടിക്കലാശത്തിന്‍റെ സമാപനത്തിനിടെ നെയ്യാറ്റിൻകരയില്‍ പൊലീസ് ലാത്തിയും വീശി. കെഎസ്‍യു -കോണ്‍ഗ്രസ് പ്രവര്‍ത്തകരെയാണ് പൊലീസ് ലാത്തിവീശി ഓടിച്ചത്. കോൺഗ്രസ് പ്രവർത്തകർ പൊലീസിന് നേരെയും അക്രമത്തിന് തുനിഞ്ഞു. മഴ പെയ്യുന്നതിനിടെയും കെഎസ്ആര്‍ടിസി ബസിന് മുകളില്‍ കയറി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു. കൊട്ടിക്കലാശത്തിനിടെയാണ് പ്രവര്‍ത്തകര്‍ ബസിന് മുകളില്‍ കയറിയത്. ഇതിനെചൊല്ലിയാണ് സംഘര്‍ഷമുണ്ടായത്. കെഎസ്ആര്‍ടിസി ബസിനും കേടുപാട് സംഭവിച്ചു. ബസ് തടഞ്ഞു നിർത്തിയതാണ് സംഘർഷത്തിന് കാരണം.

പത്തനാപുരത്ത് കയ്യാങ്കളി

കൊല്ലം പത്തനാപുരത്ത് യുഡ‍ിഎഫ് -എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ കയ്യാങ്കളിയുണ്ടായി. ഉച്ചഭാഷിണി നിര്‍ത്തുന്നതുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം. മലപ്പുറം, കല്‍പ്പറ്റ തുടങ്ങിയ സ്ഥലങ്ങളിലും കൊട്ടിക്കലാശത്തിനിടെ സംഘര്‍ഷമുണ്ടായി.

ക്രെയിനിലേറി സ്ഥാനാര്‍ത്ഥികള്‍

തിരുവനന്തപുരത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരും എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറും ക്രെയിനിലേറിയാണ് കൊട്ടിക്കലാശത്തിൽ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തത്. വയനാട്ടില്‍ കെ സുരേന്ദ്രനും ക്രെയിനിലേറി. കൊല്ലത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥി കൃഷ്ണകുമാറും ക്രെയിനിലേറി. ഇടുക്കിയില്‍ ജെസിബിയില്‍ കയറിയാണ് ഡീൻ കുര്യാക്കോസ് റോഡ് ഷോക്കെത്തിയത്. മറ്റു മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളും ക്രെയിനില്‍ കയറിയാണ് കൊട്ടിക്കലാശത്തിനെത്തിയത്.

മലപ്പുറത്ത് സംഘര്‍ഷം

മലപ്പുറത്ത് കൊട്ടിക്കലാശത്തിനിടെ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. പൊലീസ് ഇടപെട്ടാണ് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയത്. പിന്നീട് വീണ്ടും സംഘര്‍ഷമുണ്ടായി.

ചെങ്ങന്നൂരില്‍ ഉന്തും തള്ളും

ചെങ്ങന്നൂരിൽ പൊലീസും കോൺഗ്രസ്‌ പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. എം സി റോഡിൽ നിന്ന് കൊട്ടികലാശം ആഘോഷിച്ച പ്രവർത്തകാരെ റോഡിൽ നിന്ന് മാറ്റാൻ ശ്രമിച്ചതാണ് കാരണം.

കല്പറ്റയിലെ യുഡിഎഫ് കലാശക്കൊട്ടിൽ ഡിഎംകെ കൊടി

കല്പറ്റയിലെ യുഡിഎഫ് കലാശക്കൊട്ടിൽ ഡിഎംകെ കൊടി. മറ്റെല്ലാ പാർട്ടികളുടെ കൊടികളും പതിവ് പോലെ ഒഴിവാക്കിയപ്പോഴാണ് ഡിഎംകെ കൊടിയുമായി പ്രവര്‍ത്തകരെത്തിയത്.
രണ്ടു കൊടികളുമായാണ് ജാഥയിൽ പ്രാദേശിക ഡിഎംകെ പ്രവർത്തകർ എത്തിയത്.

തൊടുപുഴയിൽ സംഘര്‍ഷം

തൊടുപുഴയില്‍ നടന്ന കൊട്ടികലാശത്തില്‍ ഇടതുവലതു പ്രവര്‍ത്തകര്‍ തമ്മില്‍ നേരിയ സംഘര്‍ഷമുണ്ടായി. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന‍് കുര്യാക്കോസിനായി കോണ്ടുവന്ന മണ്ണുമാന്തിയന്ത്രം മുന്നോട്ടെടുത്തതിനെ ചോല്ലിയായിരുന്നു ആദ്യസംഘര്‍ഷം. ഇരു കൂട്ടരും തമ്മില്‍ ഉന്തും തള്ളുമുണ്ടായതോടെ പൊലീസെത്തിയാണ് ശാന്തമാക്കിയത്. പിന്നീട് കൊട്ടികലാശം സമാപിച്ചപ്പോള്‍ ഡീന് കുര്യാക്കോസിന്‍റെ പ്രചാരണ വാഹനത്തിന് മുകളില്‍ എല്‍ഡിഎഫ് പ്രവര‍്ത്തകര്‍ കൊടി നാട്ടിയതോടെ വീണ്ടും വാക്കേറ്റമുണ്ടായി. ഇരു മുന്നണികളിലെയും നേതാക്കളും പൊലീസും ചേര്‍ന്നാണ് പ്രവര്‍ത്തകരെ പിന്തരിപ്പിച്ചത്. തൊടുപുഴയില്‍ നടന്ന കൊട്ടികലാശത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസും എന്‍ഡിഎ സ്ഥാനാര്‍ത്ഥി സംഗീത വിശ്വനാഥനും പങ്കെടുത്തു.

കല്‍പ്പറ്റയിൽ സംഘര്‍ഷം

കൽപ്പറ്റയിൽ എൽഡിഎഫ് പ്രവർത്തകരും ഡിഎംകെ പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. ഡിഎംകെ പ്രവർത്തകരുടെ കൊടികൾ വലിച്ചു കീറി. പൊലീസ് ഇടപെട്ട് ഡിഎംകെ പ്രവർത്തകരെ മടക്കി അയക്കുകയായിരുന്നു. ഡിഎംകെ പ്രവർത്തകർ യുഡിഎഫിന്റെ കലാശക്കൊട്ടിൽ പങ്കെടുത്തിരുന്നു. ഇവര്‍ എൽഡിഎഫ് റാലിക്കിടയിലേക്ക് വാഹനവുമായി എത്തിയതാണ് സംഘർഷത്തിന് കാരണമായത്.

ട്വന്‍റി ട്വന്‍റി റോ‍ഡ് ഷോക്കിടെ ഉന്തും തള്ളും

എറണാകുളം കോലഞ്ചേരിയിൽ ട്വൻറി ട്വൻറിയുടെ റോഡ് ഷോ കടന്നു പോകുന്നതിനിടയിൽ ഉന്തും തള്ളും . റോഡ് ഷോയുടെ അകത്തേയ്ക്ക് കടക്കുവാൻ കോൺഗ്രസ് പ്രവർത്തകർ ശ്രമിക്കുന്നതിനിടയിലാണ് സംഘർഷ അവസ്ഥയിലേക്ക് എത്തിയത്. പൊലീസ് ഇടപെട്ടത്തോടെ പ്രവർത്തകർ പിരിഞ്ഞു പോയി. ലഹരി ഉപയോഗിച്ച് എത്തിയ കോൺഗ്രസ്‌ പ്രവർത്തകർ ആണ്‌ പ്രേശ്നങ്ങൾ ഉണ്ടാക്കിയത് എന്ന് ട്വന്‍റി ട്വന്‍റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് പറഞ്ഞു.

പത്തനംതിട്ടയിൽ സിപിഎം -ബിജെപി സംഘർഷം

പത്തനംതിട്ട ഇളമണ്ണൂരിൽ കൊട്ടിക്കലാശത്തിനിടെ സിപിഎം പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. സംഘര്‍ഷത്തില്‍ പ്രാദേശിക നേതാക്കൾക്ക് ഉൾപ്പെടെ പരിക്കേറ്റു.

Related posts

പുതിയ ക്രിമിനല്‍ നിയമങ്ങള്‍ ജൂലായ് 1 മുതല്‍ പ്രാബല്യത്തില്‍

Aswathi Kottiyoor

മുളകുപൊടിയെറിഞ്ഞു, മുഖം മുണ്ടിട്ട് മൂടി; ഓമശ്ശേരി പെട്രോൾ പമ്പിലെ സിനിമ സ്റ്റൈൽ കവ‌ർച്ചയിൽ പൊലീസ് അന്വേഷണം

Aswathi Kottiyoor

ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Aswathi Kottiyoor
WordPress Image Lightbox