26 C
Iritty, IN
July 6, 2024
  • Home
  • Uncategorized
  • ഇന്ന് ലോക ഭൗമദിനം; പ്സാറ്റിക്ക് മാലിന്യത്തിനെതിരെ പോരാടാം
Uncategorized

ഇന്ന് ലോക ഭൗമദിനം; പ്സാറ്റിക്ക് മാലിന്യത്തിനെതിരെ പോരാടാം

ചൂടിനെ കുറിച്ച് ഓര്‍ക്കാത്ത, ചൂടിനെ കുറിച്ച് പറയാത്ത ഒരു മണിക്കൂറ് പോലും ഇപ്പോള്‍ കടന്ന് പോകുന്നില്ലെന്ന് പറയാം. പുറത്തിറങ്ങാന്‍ ആലോചിക്കുമ്പോഴേ ‘ഹോ.. എന്തൊരു ചൂട്…’ എന്നാകും ആദ്യം പറയുക. അതെ, ഭൂമിയില്‍ ചൂട് കൂടുകയാണ്. ഭൂമിയില്‍ 1.5 ഡിഗ്രി സെല്‍ഷ്യല്‍ ചൂട് വര്‍ദ്ധിക്കുമെന്നാണ് കാലാസ്ഥാ ശാസ്ത്രജ്ഞരുടെ കണക്ക് കൂട്ടല്‍. എന്നാല്‍ മനുഷ്യന് സാധാരണയില്‍ നിന്നും അതില്‍ കൂടുതല്‍ ചൂടാണ് ഇപ്പോള്‍ അനുഭവപ്പെടുത്ത്. ഇങ്ങനെ ചൂട് കൂടിയാല്‍ ഭൂമിയുടെ ഭാവി എന്താകുമെന്ന ആശങ്കയിലാണ് ശാസ്ത്ര ലോകവും.

ചൂടാണെങ്കില്‍ കൊടും ചൂട്, മഴയാണെങ്കിലും പേമാരി… ഇങ്ങനെ പ്രവചനാതീതമായ കാലാവസ്ഥയിലൂടെയാണ് നമ്മളോരോരുത്തരും കടന്ന് പോകുന്നത്. അന്തരീക്ഷ മലിനീകരണം, പരിസ്ഥിതി മലിനീകരണം, കാലാവസ്ഥാ വ്യതിയാനം അങ്ങനെ പല കാരണങ്ങളാല്‍ ഭൂമി മാലിന്യക്കൂമ്പാരമായി മാറുന്ന കാഴ്ചയാണ് ഓരോ ദിവസവും നമ്മള്‍ കാണുന്നത്. കരയും കടലും കടന്ന് മാലിന്യം മഴയില്‍ പോലും കണ്ടെത്തി. ഭൂമിയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നും ഗവേഷകര്‍ ശേഖരിച്ച മഴ വെള്ളത്തില്‍ പ്ലാസ്റ്റിക്കിന്‍റെ നാനോ കണങ്ങള്‍ കണ്ടെത്തിയെന്ന വാര്‍ത്ത വലിയ ആശങ്കയോടെയാണ് ലോകം കേട്ടത്. അതെ, മഴവെള്ളം പോലും മലിനമായിരിക്കുന്നു. ഇത്തരമൊരു വര്‍ത്തമാനകാല സാഹചര്യത്തിലൂടെ കടന്ന പോകുമ്പോള്‍ മറ്റൊരു ഭൗമദിനം കൂടി കടന്നു വരികയാണ്. ഇത്തവണത്തെ ലോക ഭൌമദിന സന്ദേശം പ്ലാനറ്റ് വേര്‍സസ് പ്ലാസ്റ്റിക് എന്നതാണ്. കരയും കടലും കടന്ന് മഴ വെള്ളത്തെ പോലും മലിനമാക്കുന്ന പ്ലാസ്റ്റികിനെതിരെയുള്ള പടയൊരുക്കത്തിന്‍റെ സമയം അതിക്രമിച്ചെന്ന് ശാസ്ത്രജ്ഞരും പറയുന്നു.

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ 38 കോടി ടണ്‍ പ്ലാസ്റ്റിക് മാലിന്യമാണ് മനുഷ്യര്‍ ഉത്പാദിപ്പിച്ചത്. 20 -ാം നൂറ്റാണ്ടില്‍ മനുഷ്യന്‍ ഉത്പാദിപ്പിച്ച മൊത്തം പ്ലാസ്റ്റിക്കിനെക്കാള്‍ വരുമിത്. 2024 ല്‍ ആഗോളതലത്തില്‍ 22 കോടി ടണ്‍ പ്ലാസ്റ്റിക് മാലിന്യം ഉല്‍പ്പാദിപ്പിക്കുമെന്നാണ് ഏകദേശ കണക്ക്. ഇതില്‍ പതിനഞ്ച് കോടി ടണ്‍ പ്ലാസ്റ്റിക് മാലിന്യം പുനരുപയോഗത്തിലൂടെ സംസ്ക്കരിച്ചാലും 7 കോടി ടണ്ണോളം പ്ലാസ്റ്റിക് മാലിന്യം സംസ്ക്കരിക്കപ്പെടാതെ പരിസ്ഥിതിക്ക് നാശം വിതച്ച് അവശേഷിക്കും. ഇത് ഭൂമിയിലെയും കടലിലെയും ജീവജാലങ്ങള്‍ക്ക് വലിയ ദുരതമാണ് വിതയ്ക്കുക. മനുഷ്യന്‍റെ അനിയന്ത്രിതമായ പ്ലാസ്റ്റിക് ഉപയോഗം ഭൂമിക്ക് ചരമഗീതം കുറിക്കുമെന്ന് ഓര്‍മ്മിപ്പിക്കുകയാണ് ഈ ഭൗമദിനത്തിന്‍റെ ലക്ഷ്യങ്ങളിലൊന്ന്.

1970 ഏപ്രില്‍ 22 മുതല്‍ അമേരിക്കയിലാണ് ‘ഭൂമിക്കായി ഒരു ദിനം’ ആചരിച്ച് തുടങ്ങിയത്. അമേരിക്കയില്‍ നിന്നുള്ള പരിസ്ഥിതി പ്രവര്‍ത്തകനും അമേരിക്കന്‍ സെനറ്ററുമായിരുന്ന ഗെയിലോഡ് നെല്‍സണാണ് ആദ്യമായി ഭൗമദിനാചരണത്തിന് തുടക്കം കുറിച്ചത്. അമേരിക്കയില്‍ ഉത്തരാര്‍ദ്ധ ഗോളത്തില്‍ വസന്തകാലവും, ദക്ഷിണാര്‍ദ്ധ ഗോളത്തില്‍ ശരത്കാലവും തുടങ്ങുന്ന ദിവസമാണ് ഏപ്രില്‍ 22. ഈ പ്രത്യേക ദിനമാണ് ഇന്ന് ലോകമെങ്ങും ഭൌമദിനമായി ആചരിക്കുന്നത്. നല്ലൊരു നാളെയ്ക്കായ്, നല്ലൊരു ഭൂമിക്കായ് നമുക്ക് കാവലാകാം. നമ്മുക്ക് പുറകെ വരുന്ന തലമുറയ്ക്കായി ഈ ഭൂമിയെ കാത്ത് വയ്ക്കേണ്ടത് ഇന്ന് ജീവിച്ചിരിക്കുന്നവരുടെ കര്‍ത്തവ്യമാണെന്ന ബോധ്യത്തോടെ നാളേയ്ക്ക് വേണ്ടി കരുതലോടെ നീങ്ങാം.

Related posts

‘അന്ന് ആരും ഞാൻ പറഞ്ഞത് വിശ്വസിച്ചില്ല, ജീവനൊടുക്കാൻ തോന്നി’; വ്യാജ പോക്സോ പരാതി, അധ്യാപകന് ഒടുവിൽ നീതി

Aswathi Kottiyoor

മുസ്‌ലിം യൂത്ത് ലീഗ് ഫ്രീഡം മാർച്ച് നടത്തി

Aswathi Kottiyoor

മാധ്യമ പ്രവര്‍ത്തകയോട് മോശം പെരുമാറ്റം: അലന്‍സിയറിനെതിരേ വനിതാ കമ്മിഷന്‍ കേസെടുത്തു .

Aswathi Kottiyoor
WordPress Image Lightbox