സ്ഥലപ്പേരിൽ ചോലയെന്നൊക്കെയുണ്ടെങ്കിലും വേനലായാൽ തൊണ്ട നനയ്ക്കാൻ പോലും വെള്ളമില്ലാതെ പെടാപ്പാട് പെടുകയാണ് കന്നിമാർച്ചോല അംബേദ്കർ കോളനിയിലുള്ളവർ. കടുത്ത വേനൽ ആരംഭിക്കുന്നതിന് മാസങ്ങൾക്ക് മുമ്പേ കുടിവെള്ളക്ഷാമം തുടങ്ങിയതാണ്. മലിനമായ ഒരു കിണറും തുള്ളി തുള്ളിയായി വെള്ളം ഒലിച്ചിറങ്ങുന്ന ഒരു ഓലിയുമാണ് ഏഴു പതിറ്റാണ്ടായി കന്നിമാർച്ചോലക്കാരുടെ പ്രധാന ജലസ്രോതസ്സുകൾ. വേനൽ കടുത്തതോടെ ഈ ഓലിയിൽ ഉറവ നാമമാത്രമാണുള്ളത്. ഇത് വീട്ടിലെത്തിക്കാൻ ഒരു കിലോമീറ്ററോളം നടക്കണം. പല വീടുകളിലും ചില ദിവസങ്ങളിൽ കുടിക്കാൻ പോലും വെള്ളമുണ്ടാകാറില്ല. അങ്ങനെ വരുമ്പോൾ 1300 രൂപ മുടക്കിയാണ് ഒരു ടാങ്ക് വെള്ളം വാങ്ങുന്നത്. ഒരാഴ്ച കഴിഞ്ഞാൽ ഈ കിണറിലുള്ള വെള്ളവും വറ്റും.
എല്ലാ തെരഞ്ഞെടുപ്പ് കാലത്തും കുടിവെള്ളവും റോഡും നൽകാമെന്നറിയിച്ച് സ്ഥാനാർത്ഥികള്‍ എത്തുന്നുണ്ടെങ്കിലും ഒന്നും നടപ്പാകാറില്ല. ദാഹജലം കിട്ടാതെ ദുരിതം അനുഭവിക്കുന്നവർക്ക് ഇരട്ടി പ്രഹരമാണ് റോഡുകളുടെ അവസ്ഥ. ഗതാഗത യോഗ്യമായ റോഡില്ലാത്തതിനാൽ ആശുപത്രിക്കുള്ള യാത്രയ്ക്കിടയിൽ ജീവൻ നഷ്ടപ്പെട്ടവരുമുണ്ട്.