24.7 C
Iritty, IN
July 2, 2024
  • Home
  • Uncategorized
  • ‘സത്യന്റെ കൊലപാതകം പാര്‍ട്ടി ആലോചിച്ച് നടത്തിയത്’; സിപിഐഎമ്മിനെ വെട്ടിലാക്കി നേതാവിന്റെ കത്ത്
Uncategorized

‘സത്യന്റെ കൊലപാതകം പാര്‍ട്ടി ആലോചിച്ച് നടത്തിയത്’; സിപിഐഎമ്മിനെ വെട്ടിലാക്കി നേതാവിന്റെ കത്ത്

ആലപ്പുഴ: വിഭാഗീയ പോര് രൂക്ഷമാകുന്നതിനിടെ ആലപ്പുഴയിലെ സിപിഐഎമ്മിനെ കുഴപ്പത്തിലാക്കി ജില്ലാ പഞ്ചായത്ത് അംഗത്തിന്റെ കത്ത്. ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്ന സത്യന്റെ കൊലപാതകം പാര്‍ട്ടി ആലോചിച്ച് നടത്തിയതാണെന്ന ജില്ലാ പഞ്ചായത്തംഗം ബിപിന്‍ സി ബാബുവിന്റെ കത്തിലെ പരാമര്‍ശമാണ് തിരഞ്ഞെടുപ്പ് കാലത്ത് ജില്ലയിലെ സിപിഐഎമ്മിനെ വെട്ടിലാക്കിയത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് അയച്ച കത്തിലാണ് ഗുരുതരമായ വെളിപ്പെടുത്തലുളളത്.

സിപിഐഎം കായംകുളം ഏരിയാ കമ്മിറ്റിയിലെ മുന്‍ അംഗവും ജില്ലാ പഞ്ചായത്തംഗവുമായ ബിപിന്‍ സി ബാബു, മാര്‍ച്ച് 26നാണ് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് കത്ത് അയച്ചത്. ജില്ലാ പഞ്ചായത്ത് ലെറ്റര്‍ പാഡില്‍ ബിപിന്‍ സി ബാബു ഒപ്പിട്ട് അയച്ചിരിക്കുന്ന കത്തിലാണ് സിപിഐഎമ്മിനെ വീണ്ടും അക്രമ രാഷ്ട്രീയത്തിന്റെ പഴികേള്‍പ്പിക്കുന്ന ഗുരുതര വെളിപ്പെടുത്തലുളളത്. പാര്‍ട്ടിയിലെ പ്രവര്‍ത്തന പാരമ്പര്യവും മറ്റും പറയുന്ന ഭാഗത്താണ് പരാമര്‍ശം.

പാര്‍ട്ടി ആലോചിച്ച് നടത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്ന സത്യന്റെ കൊലക്കേസില്‍ നിരപരാധിയായിരുന്ന തന്നെ പ്രതിയാക്കിയതിനെ തുടര്‍ന്ന് 19-ാം വയസില്‍ 65 ദിവസം താന്‍ ജയില്‍വാസം അനുഭവിച്ചിട്ടുണ്ടെന്ന് കത്തില്‍ പറയുന്നു. ഈ പരാമര്‍ശത്തിന് മുമ്പോ പിമ്പോ സത്യന്‍വധക്കേസ് സംബന്ധിച്ച് കത്തില്‍ മറ്റു പരാമര്‍ശങ്ങളില്ല. സിപിഐഎം ജില്ലാ സെക്രട്ടേറിയേറ്റംഗം കെ എച്ച് ബാബുജാന്‍ വ്യക്തിപരമായി ഒതുക്കാന്‍ ശ്രമിക്കുന്നുവെന്നും കുടുംബപ്രശ്‌നം ആളിക്കത്തിക്കാന്‍ ശ്രമിക്കുന്നു എന്നും പരാതിപ്പെടുന്ന കത്തിലാണ് സത്യന്റെ കൊലപാതകം പാര്‍ട്ടി ആലോചിച്ച് നടത്തിയതാണെന്ന ഗുരുതരമായ വെളിപ്പെടുത്തല്‍ കടന്നുവന്നിരിക്കുന്നത്.

ഭാര്യയുടെ പരാതിയില്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ബിപിനെ അടുത്തിടെ പാര്‍ട്ടി ബ്രാഞ്ചിലേക്ക് തിരകെ എടുത്തിരുന്നു. ഏരിയ സെന്ററില്‍ പ്രവര്‍ത്തിച്ച തന്നെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിയത് ബാബുജാന്റെ ഇടപെടലാണ് എന്നാണ് കത്തിലെ പരാതി. ബിപിന്‍ സി ബാബു ബിജെപിയുമായി ചര്‍ച്ച നടത്തിയതിന്റെ ഭാഗമാണ് കത്തിലെ ആരോപണം എന്നാണ് സിപിഐഎമ്മിലെ എതിര്‍ വിഭാഗത്തിന്റെ ആക്ഷേപം. എന്നാല്‍ ബിജെപിയിലേക്ക് പോകാന്‍ താല്‍പര്യമില്ലന്ന് ബിപിന്‍ സി ബാബുവിന്റെ കത്തില്‍ പറയുന്നുണ്ട്.

Related posts

ചാലക്കുടി സ്വദേശിയായ മലയാളി യുവതി കാനഡയിലെ വീട്ടിൽ മരിച്ച നിലയിൽ, ഭ‍ര്‍ത്താവിനെ കാണാനില്ല

ഗ്രൂപ്പ് സി പരീക്ഷയ്ക്കെത്തിയ ഉദ്യോഗാർത്ഥിനികളുടെ താലി അഴിച്ചുവപ്പിച്ചു, കർണാടകയില്‍ പ്രതിഷേധം

Aswathi Kottiyoor

എട്ടു വയസ്സുകാരി നേരിട്ടത് ക്രൂരപീഡനം, പുറത്തറിഞ്ഞത് സ്കൂൾ അധികൃതർ വഴി; യുവാവ് അറസ്റ്റില്‍

Aswathi Kottiyoor
WordPress Image Lightbox