23.6 C
Iritty, IN
July 6, 2024
  • Home
  • Uncategorized
  • ഐസിയുവിനുള്ളിലെ പീഡനം: അതിജീവിതയ്ക്ക് നീതി ഉറപ്പാക്കും, കോടതി വിധിയനുസരിച്ച് തുടര്‍ നടപടിയെന്ന് മന്ത്രി
Uncategorized

ഐസിയുവിനുള്ളിലെ പീഡനം: അതിജീവിതയ്ക്ക് നീതി ഉറപ്പാക്കും, കോടതി വിധിയനുസരിച്ച് തുടര്‍ നടപടിയെന്ന് മന്ത്രി

കോഴിക്കോട് മെഡിക്കല്‍ കോളേജിൽ ഐസിയുവിനുള്ളിൽ രോഗി ലൈംഗിക പീഡനത്തിന് ഇരയായ സംഭവത്തില്‍ അതിജീവിതയ്ക്ക് നീതി ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിച്ച സീനിയര്‍ നഴ്സിംഗ് ഓഫീസര്‍ ഉള്‍പ്പെടെയുള്ളരുടെ കാര്യത്തില്‍ കോടതിയുടെ തീര്‍പ്പനുസരിച്ച് തീരുമാനമെടുക്കും. അതിജീവിത ഉന്നയിച്ച ആവശ്യം ഗൗരവമായി ഉള്‍ക്കൊണ്ടാണ് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ തലത്തില്‍ സര്‍ക്കാര്‍ അന്വേഷണം നടത്തിയതെന്ന് മന്ത്രി വ്യക്തമാക്കി.

അന്വേഷണ റിപ്പോര്‍ട്ടില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയവര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. ചട്ടപ്രകാരമുള്ള തുടര്‍ നടപടികള്‍ നടക്കുകയാണ്. ഇതടക്കമുള്ള കാര്യങ്ങള്‍ കോടതിയെ അറിയിക്കും. കോടതി തീര്‍പ്പനുസരിച്ച് തീരുമാനമെടുക്കും. സമാനമായ രീതിയില്‍ വരുന്ന കുറ്റക്കാര്‍ക്ക് രക്ഷപ്പെടാനുള്ള തെറ്റായ കീഴ് വഴക്കം സൃഷ്ടിക്കാതിരിക്കാന്‍ കോടതിയുടെ നിര്‍ദേശം അനുസരിച്ചുള്ള തീരുമാനമാണ് അഭികാമ്യം. ഐസിയുവിലെ സംഭവം ശ്രദ്ധയില്‍പ്പെട്ടയുടനെ അന്വേഷണത്തിന് നിര്‍ദേശം നല്‍കിയതാണ്. സര്‍വീസില്‍ നിന്നും മാറ്റി നിര്‍ത്തുന്നതുള്‍പ്പെടെയുള്ള ശക്തമായ നടപടി പ്രതിയ്ക്കെതിരെ സ്വീകരിച്ചു. പ്രിന്‍സിപ്പല്‍ തലത്തില്‍ നടന്ന അന്വേഷണത്തില്‍ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയവരെ സസ്പെന്‍ഡ് ചെയ്തിരുന്നു.

അങ്ങനെ സസ്പെന്‍ഡ് ചെയ്യപ്പെട്ടവരെ മെഡിക്കല്‍ കോളേജ് തലത്തില്‍ തിരിച്ചെടുക്കാന്‍ തീരുമാനിച്ചതിനെതിരെ അതിജീവിത പരാതിപ്പെട്ടു. തിരിച്ചെടുത്ത നടപടി പിന്‍വലിക്കാന്‍ മന്ത്രി മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. അതിജീവിത മന്ത്രിയെ കണ്ട് കൂടുതല്‍ കാര്യങ്ങള്‍ പറഞ്ഞു. അതിനെ തുടര്‍ന്ന്, കൂടുതല്‍ വിശദമായ അന്വേഷണം നടത്താന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. 8 പേര്‍ വീഴ്ച വരുത്തിയതായി ഈ അന്വേഷണത്തില്‍ കണ്ടെത്തി. സീനിയര്‍ നഴ്സിംഗ് ഓഫീസര്‍ കര്‍ത്തവ്യ നിര്‍വഹണത്തില്‍ വീഴ്ച വരുത്തിയെന്നാണ് കണ്ടെത്തിയത്. അതിന്റെ വെളിച്ചത്തിലാണ് നടപടിയെടുത്തത്. അതിജീവിതയ്ക്ക് നീതി ലഭ്യമാക്കുക എന്നത് മാത്രമാണ് ഇതില്‍ കണക്കിലെടുത്തത്. ആരുടേയും മുഖം നോക്കിയല്ല നടപടിയെന്നും മന്ത്രി വ്യക്തമാക്കി.

Related posts

കോഴിക്കോട് ലൈറ്റ് മെട്രോ വീണ്ടും സജീവമാകുന്നു; കെഎംആര്‍എല്ലിന്റെ നേതൃത്വത്തിൽ മൊബിലിറ്റി പ്ലാൻ തയ്യാറാക്കും

Aswathi Kottiyoor

കുതിച്ചുയർന്ന് പിഎസ്എൽവി സി 55; ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിച്ചു

Aswathi Kottiyoor

കണ്ണൂർ കോടിയേരിയിൽ വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു

Aswathi Kottiyoor
WordPress Image Lightbox