27.1 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • ‘ലീഗിന്റെ വോട്ട് വേണം, പതാക പാടില്ല’; കോണ്‍ഗ്രസിന്റേത് ഭീരുത്വമെന്ന് മുഖ്യമന്ത്രി
Uncategorized

‘ലീഗിന്റെ വോട്ട് വേണം, പതാക പാടില്ല’; കോണ്‍ഗ്രസിന്റേത് ഭീരുത്വമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സ്വന്തം പാര്‍ട്ടിപതാക ഉയര്‍ത്താന്‍ കഴിവില്ലാത്ത പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയില്‍ കോണ്‍ഗ്രസിന്‍റെ പതാക എവിടെയും കണ്ടില്ല. വിവാദം കാരണമാണ് പതാക ഒഴിവാക്കിയതെന്നാണ് വാര്‍ത്ത. ഇത് ഭീരുത്വമല്ലേ എന്നും പിണറായി ചോദിച്ചു. സ്വന്തം പാര്‍ട്ടി പതാക ഉയര്‍ത്താനുള്ള ആര്‍ജ്ജവം ഇല്ലാത്തത് എന്തുകൊണ്ടാണ്? ഇന്നത്തെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ആ പതാകയുടെ ചരിത്രം അറിയില്ല. നിര്‍ണായക ഘട്ടത്തില്‍ ബിജെപിയെ ഭയന്ന് പതാക ഒളിപ്പിക്കുന്നുവെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. ലീഗിന്റെ വോട്ട് വേണം, പക്ഷേ അവരുടെ പതാക പാടില്ലെന്ന നിലപാടാണ് കോണ്‍ഗ്രസിന്‍റേതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

‘രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നത് കോൺഗ്രസ് സ്ഥാനാർത്ഥിയായിട്ടാണ്. അദ്ദേഹം ആ പാർട്ടിയുടെ ദേശീയ നേതാവുമാണ്. നിരവധി കോൺഗ്രസ് നേതാക്കൾ ഇന്നലെ വയനാട്ടിൽ എത്തിയിട്ടും എന്തുകൊണ്ട് കോൺഗ്രസ് പതാക അവർ ഉയർത്തിയില്ല. കഴിഞ്ഞ തവണ വിവാദം ഉണ്ടായത് കൊണ്ടാണ് മുസ്ലിം ലീഗിന്റെയും കോൺഗ്രസിന്റെയും പതാക ഒഴിവാക്കിയതെന്നാണ് ഒരു മാധ്യമം റിപ്പോർട്ട് ചെയ്തത്. പതാക ഒഴിവാക്കിയത് ഭീരുത്വം കാരണമാണ്. മുസ്ലിം ലീഗിന്റെ പതാക ഉയർത്താതിരിക്കാൻ സ്വന്തം പാർട്ടിയുടെ പതാകയ്ക്ക് പോലും അയിത്തം കൽപ്പിക്കുന്ന അവസ്ഥയിലേക്ക് കോൺഗ്രസ് എത്തി.’- മുഖ്യമന്ത്രി പറഞ്ഞു.

രാജ്യസഭയില്‍ ഭൂരിപക്ഷം ലഭിച്ചാല്‍ ഭരണഘടനാ ഭേദഗതി ചെയ്യുമെന്നാണ് ബിജെപി നിലപാട്. ത്രിവര്‍ണ പതാക കോണ്‍ഗ്രസ് ഉപേക്ഷിക്കണമെന്ന സംഘപരിവാര്‍ ആവശ്യത്തിന് വഴങ്ങുകയാണോ? സ്വന്തം അസ്തിത്വം പണയം വെക്കുകയാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് അനുകൂലമാണ് ജനവികാരം. അത് ഏതെങ്കിലും പ്രദേശത്ത് ഒതുങ്ങി നില്‍ക്കുന്നതല്ല. ജനങ്ങള്‍ എല്‍ഡിഎഫില്‍ പ്രതീക്ഷ അര്‍പ്പിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആലപ്പുഴക്കാര്‍ക്ക് നല്ല രാഷ്ട്രീയ പ്രബുദ്ധതയുണ്ട്. കെ സി വേണുഗോപാല്‍ കരകയറില്ല. ബിജെപിക്ക് രാജ്യസഭാ സീറ്റ് എണ്ണം വര്‍ധിപ്പിക്കാനുള്ള കരാര്‍ സംഘടനാ സെക്രട്ടറി എടുത്തു. സംഘപരിവാറിന് മുന്നില്‍ കോണ്‍ഗ്രസ് സ്വയം മറന്ന് നില്‍ക്കുന്നുവെന്നും പിണറായി ആരോപിച്ചു.

യുഡിഎഫിന് എസ്ഡിപിഐ പിന്തുണ പ്രഖ്യാപിച്ച വിഷയത്തിന് പിന്നില്‍ ഡീല്‍ നടന്നിട്ടുണ്ടെന്നും അദ്ദേഹം വിമര്‍ശിച്ചു. കെപിസിസി പ്രസിഡന്റ് പിന്തുണ അംഗീകരിക്കുന്നു. ഇക്കാര്യത്തില്‍ ലീഗ് അഭിപ്രായം പറഞ്ഞിട്ടില്ല. ലീഗും കോണ്‍ഗ്രസും ചേര്‍ന്നാണ് തീരുമാനം എടുത്തത്.

സിപിഐഎമ്മിന് രഹസ്യ അക്കൗണ്ടില്ല. അതിന്റെ ആവശ്യമില്ല. തങ്ങള്‍ കള്ളപ്പണം സ്വീകരിക്കില്ല. എല്ലാം സുതാര്യമാണ്. ജനങ്ങള്‍ തരുന്ന കാശ് എത്രയെന്ന് അറിയാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്. എല്ലാ കാലത്തും ജനങ്ങള്‍ അകമഴിഞ്ഞ് സഹായിക്കാറുണ്ട്. ഞങ്ങളുടെ പാര്‍ട്ടിക്കാര്‍ അല്ലാത്തവരും സഹായിക്കാറുണ്ട്. ചോദിക്കുന്നതിനേക്കാള്‍ കൂടുതല്‍ പണം ജനം നല്‍കാറുണ്ട്. ആരോപണങ്ങള്‍ക്ക് ഒരു അടിസ്ഥാനവുമില്ല. കരുവന്നൂരില്‍ ഇഡി അന്വേഷണം ബോധപൂര്‍വ്വമാണെന്നും പിണറായി വിജയന്‍ പ്രതികരിച്ചു.

Related posts

ബംഗാളിൽ തൃണമൂൽ കോണ്ഗ്രസിന് വൻ മുന്നേറ്റം: ബിജെപിയും കോണ്‍ഗ്രസും ഏറെ പിന്നില്‍

Aswathi Kottiyoor

കൊടി നീക്കിയ വനം വകുപ്പ് ഉദ്യോഗസ്ഥന്റെ കൈവെട്ടും; പരസ്യമായി ഭീഷണി മുഴക്കി സിപിഎം നേതാവ്

Aswathi Kottiyoor

മണിക്കൂറുകൾക്കിടെ കേരളത്തിൽ മുങ്ങി മരിച്ചത് 6 കുട്ടികൾ; കായംകുളത്തിനും തൃശൂരിനും പിന്നാലെ മലപ്പുറത്തും കണ്ണീർ

Aswathi Kottiyoor
WordPress Image Lightbox