വെയർ ഹൗസുകളിൽ നിന്നും ഔട്ട് ലെറ്റുകളിലേക്ക് മദ്യം മാറ്റുമ്പോള്‍ ബെവ്ക്കോ സർക്കാരിന് നൽകേണ്ട നികുതിയാണ് ഗ്യാലനേജ് ഫീസ്. നിലവിൽ ലിറ്ററിന് 5 പൈസയാണ് നൽകിയിരുന്നത്. പുതിയ സാമ്പത്തിക വർഷം മുതൽ അത് പത്തു രൂപയായി ഉയരും. 300 കോടിയുടെ നഷ്ടം ഇതുവഴി ബെവ്ക്കോയ്ക്ക് ഉണ്ടാകുമെന്നാണ് എംഡി യോഗേഷ് ഗുപ്ത സർക്കാരിനെ അറിയിച്ചത്.
പല ഔട്ട് ലെറ്റുകളും അടയ്ക്കേണ്ടിവരുകയും ജനപ്രിയ ബ്രാന്റുകൾ ഷോപ്പുകളിൽ എത്താതിരിക്കുകയും ചെയ്തപ്പോൾ ബെവ്ക്കോ ഒരു ഘട്ടത്തില്‍ നഷ്ടത്തിലേക്ക് പോയിരുന്നു. മൂന്ന് സാമ്പത്തിക വർഷം നഷ്ടത്തിൽ പോയിരുന്ന ബെവ്ക്കോ 2022-23 സാമ്പത്തിക വർഷമാണ് ലാഭത്തിലേക്ക് എത്തിയത്. 124 കോടി രൂപയായിരുന്ന ബെവ്‌കോയുടെ ആ സാമ്പത്തിക വർഷത്തെ ലാഭം. ഇക്കഴിഞ്ഞ സാമ്പത്തിക വർഷം പ്രതീക്ഷിക്കുന്നതാകട്ടെ 269 കോടി ലാഭമാണ്. ഒരു സാമ്പത്തിക വർഷം 1.25 കോടിരൂപയാണ് ഗാലനേജ് ഫീസായി ബെവ്ക്കോ നൽകുന്നത്. ഈ സ്ഥാനത്ത് പുതിയ നിരക്ക് വരുന്നതോടെ 300 കോടിയുടെ നഷ്ടമുണ്ടാകും. കോർപ്പറേഷൻ കനത്ത നഷ്ടത്തിലേക്ക് കൂപ്പു കുത്തുമെന്നാണ് ബെവ്ക്കോ സർക്കാരിന് അറിയിച്ചിരിക്കുന്നത്.