27.1 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • അഭിനയത്തിന്റെ സൗകുമാര്യം; സുകുമാരിയുടെ 11-ാം ചരമവാർഷികം
Uncategorized

അഭിനയത്തിന്റെ സൗകുമാര്യം; സുകുമാരിയുടെ 11-ാം ചരമവാർഷികം

അരനൂറ്റാണ്ടിലേറെ വെള്ളിത്തിരയിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച നൃത്ത- സംഗീതവേദികളിലും തിളങ്ങിയ നടി സുകുമാരി. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ബംഗാളി, ഹിന്ദി എന്നീ ഭാഷകളിലായി 2500-ലേറെ ചിത്രങ്ങളിൽ അഭിനയിച്ചു. വളരെ ചെറുപ്പത്തിൽ സിനിമയിലെത്തിയ സുകുമാരി കൈകാര്യം ചെയ്ത വേഷങ്ങളെല്ലാം പക്വത നിറഞ്ഞ… മുതിർന്ന കഥാപാത്രങ്ങളായിരുന്നു.
1940 ഒക്ടോബര്‍ 6ന് തമിഴ്നാട്ടിലെ നാഗര്‍കോവില്‍ മാധവന്‍ നായരുടേയും സത്യഭാമയുടേയും മകളായി ജനിച്ചു. തിരുവിതാംകൂർ സഹോദരിമാരായ ലളിത, പദ്മിനി, രാഗിണിമാരുടെ അടുത്ത ബന്ധുവായ സുകുമാരി ഭരതനാട്യവും കഥകളിയും കേരള നടനവും ഉൾപ്പെടെയുള്ള നൃത്തരൂപങ്ങളിൽ ബാല്യത്തിൽ തന്നെ പ്രാവീണ്യം നേടി. ആദ്യം നൃത്തം പഠിച്ചത് ഗുരു ഗോപിനാഥിന്റെ കീഴിൽ ആയിരുന്നു. സംഗീതത്തിലും തൽപരയായിരുന്നു. ഏഴാം വയസ്സു മുതൽ തിരുവിതാംകൂർ സഹോദരിമാരുടെ ഡാൻസേഴ്സ് ഓഫ് ഇന്ത്യ എന്ന ട്രൂപ്പിന്റെ ഭാഗമായി ഇന്ത്യയിലുടനീളവും സിലോൺ, സിംഗപ്പൂർ, മലേഷ്യ തുടങ്ങിയ വിദേശ രാജ്യങ്ങളിലും നൃത്ത പരിപാടികൾ അവതരിപ്പിച്ചു. 10-ാം വയസ്സില്‍ ഒരു ഇരവ് എന്ന തമിഴ് ചിത്രത്തിലെ ഗാനരംഗത്തിലൂടെ ആദ്യമായി സിനിമയില്‍ എത്തി. നടി പത്മിനിക്കൊപ്പം ഷൂട്ടിംഗ് കാണാനെത്തിയ സുകുമാരിയെ സംവിധായകന്‍ നീലകണ്ഠന്‍ അഭിനയിക്കാന്‍ ക്ഷണിക്കുകയായിരുന്നു. നൃത്തത്തോടൊപ്പം നാടകങ്ങളിലും സുകുമാരി സജീവമാകാന്‍ തുടങ്ങി. വൈ.ജി. പാര്‍ഥസാരഥിയുടെ പെറ്റാല്‍ താന്‍ പിള്ളയാണ് ആദ്യമായി അഭിനയിച്ച നാടകം. ചോ രാമസ്വാമിയായിരുന്നു നായകന്‍. ചോ രാമസ്വാമിയുടെ നാടകസംഘത്തില്‍ 4000-ത്തിലധികം വേദികളില്‍ അഭിനയിച്ചു. തുഗ്ലക് എന്ന നാടകം 1500-ലധികം സ്റ്റേജുകളിലാണ് കളിച്ചത്. സത്യനും രാഗിണിയും അഭിനയിച്ച ‘തസ്‌ക്കരവീരനാ’ണ് സുകുമാരിയുടെ ആദ്യ എന്ന മലയാള ചിത്രം. ഈ സിനിമയിലെ വില്ലനായിരുന്ന കൊട്ടാരക്കര ശ്രീധരന്‍നായരുടെ ജോഡിയായാണ് സുകുമാരി അഭിനയിച്ചത്. ശ്രീധരന്‍ നായരുടെ ഭാര്യയായി അഭിനയിക്കേണ്ട നടി എത്താത്തതിനാല്‍ നൃത്ത സംഘത്തിലംഗമായ സുകുമാരിക്ക് അവസരം ലഭിക്കുകയായിരുന്നു. ചെറുപ്പത്തിലെ സിനിമയില്‍ വന്നെങ്കിലും സുകുമാരി അഭിനയിച്ച റോളുകള്‍ പലതും മുതിര്‍ന്നവരുടെതായിരുന്നു. ശാരദയും ഷീലയും ജയഭാരതിയുമൊക്കെ കത്തിനില്‍ക്കുന്ന സമയത്ത് നായികയായും മകളായും അമ്മയായും ഏഷണിക്കാരിയായ അമ്മായിയമ്മയായും മറ്റുമുള്ള വേഷങ്ങളിലാണ് ഏറെ തിളങ്ങിയത്. നാടൻ-മോഡേണ്‍ വേഷങ്ങൾ തഴക്കത്തോടെയും വഴക്കത്തോടെയും ഒരുപോലെ കൈകാര്യം ചെയ്യുന്ന സുകുമാരി പിന്നീട് ഹാസ്യ വേഷങ്ങളിലും തിളങ്ങി. തമിഴിൽ എം.ജി.ആർ, ജയലളിത, ശിവാജി ഗണേശൻ എന്നിവരോടൊപ്പവും തെലുങ്കിൽ എൻ.ടി. ആറിനൊപ്പവും നിരവധി സിനിമകളിൽ വേഷമിട്ടു. ആദ്യകാല ബ്ലാക് & വൈറ്റ് ചിത്രങ്ങളിലും പിന്നീട് പുതിയ ചിത്രങ്ങളായ ചേട്ടത്തി, കുസൃതി കുട്ടൻ, കുഞ്ഞാലി മരക്കാർ, തച്ചോളി ഒതേനൻ, യക്ഷി, കരിനിഴൽ എന്നിവയിലെയും പിൽക്കാലത്ത് പ്രിയദർശൻ ചിത്രങ്ങളായ പൂച്ചക്കൊരു മൂക്കുത്തി, ഓടരുതമ്മാവാ ആളറിയാം, ബോയിംഗ് ബോയിംഗ്, വന്ദനം തുടങ്ങിയ ചിത്രങ്ങളിലെ ഹാസ്യ വേഷങ്ങളും വളരെ ശ്രദ്ധേയമായി. അക്കാലത്ത് ബാലചന്ദ്ര മേനോൻ അടൂർ ഗോപാലകൃഷ്ണൻ എന്നിവരുടെ ചിത്രങ്ങളിലും ശ്രദ്ധേയയായ
സുകുമാരിയുടെ ജോഡിയായി കൂടുതല്‍ (മുപ്പതിലേറെ ചിത്രങ്ങള്‍) സിനിമകളിലഭിനയിച്ചത് അടൂര്‍ ഭാസിയാണ്. എസ്.പി പിള്ള, ബഹദൂര്‍, ശങ്കരാടി, തിക്കുറുശ്ശി എന്നിവര്‍ പത്തിലേറെ സിനിമകളില്‍ സുകുമാരിയുടെ നായകന്മാരായി. സത്യന്‍, പ്രേംനസീര്‍, മധു എന്നിവരുടെ ജോഡിയായും അമ്മയായും അഭിനയിച്ചിട്ടുണ്ട്. നെടുമുടി വേണു, ഭരത് ഗോപി, തിലകന്‍ എന്നിവരുടെ ജോഡിയായും അവരെത്തി. നൃത്തം, നാടകം, സിനിമ എന്നിവയ്ക്ക് പുറമെ സംഗീതത്തിലും സുകുമാരി തത്പരയായിരുന്നു. കേട്ടുപഠിച്ച സംഗീതമായിരുന്നു അവരുടേത്. പ്രശസ്ത സംഗീതജ്ഞ വസന്തകുമാരിയുടെയും രാഗിണിയുടെയും സഹവാസം സുകുമാരിക്ക് സംഗീതത്തില്‍ അവഗാഹം നേടിക്കൊടുത്തു. സിനിമയില്‍ പാടിയിട്ടില്ലെങ്കിലും സുകുമാരി ചില കച്ചേരികള്‍ നടത്തിയിട്ടുണ്ട്. 19-ാം വയസ്സില്‍ മഹാരാഷ്ട്രക്കാരനായ സംവിധായകന്‍ ഭീംസിങ്ങിനെ വിവാഹം കഴിച്ചു. അദ്ദേഹം സംവിധാനം ചെയ്ത രാജറാണിയിലും ‘പാശമല’രിലും സുകുമാരി അഭിനയിച്ചിരുന്നു. ആ പരിചയമാണ് വിവാഹത്തിലെത്തിയത്. സുകുമാരിക്ക് 30 വയസ്സുള്ളപ്പോള്‍ അദ്ദേഹം അന്തരിച്ചു.
ചട്ടക്കാരി, അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍, സസ്‌നേഹം, പൂച്ചക്കൊരു മൂക്കുത്തി, മിഴികള്‍ സാക്ഷി തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ അവിസ്മരണീയങ്ങളായ വേഷങ്ങള്‍ ചെയ്ത സുകുമാരിക്ക് പത്മശ്രീ അടക്കം നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 2010-ല്‍ നമ്മ ഗ്രാമം എന്ന ചിത്രത്തിലൂടെ മികച്ച സഹനടിക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ചു.

1974, 79, 83, 85 വര്‍ഷങ്ങളില്‍ സഹനടിക്കുള്ള സംസ്ഥാന പുരസ്‌കാരം നേടി. ഫിലിം ഫാന്‍സ് അസോസിയേഷന്റെ അവാര്‍ഡുകള്‍ 1967, 74, 80, 81 വര്‍ഷങ്ങളില്‍ ലഭിച്ചു. കലൈ സെല്‍വം (1990), കലൈമാമണി (1991), മദ്രാസ് ഫിലിം ഫാന്‍സ് അസോസിയേഷന്‍ അവാര്‍ഡ് (1971, 1974), പ്രചോദനം അവാര്‍ഡ് (1997), മാതൃഭൂമി അവാര്‍ഡ് (2008), കലാകൈരളി അവാര്‍ഡ് തുടങ്ങി വിവിധ പുരസ്‌കാരങ്ങള്‍ ലഭിച്ചു. 2003-ല്‍ പത്മശ്രീയും. 2012-ല്‍ അഭിനയിച്ച 3 ജി ആണ് അവസാന ചിത്രം.
2013 ഫെബ്രുവരി 27 ന് ചെന്നൈയിലെ സ്വവസതിയിലെ പൂജാ മുറിയിൽ നിലവിളക്ക് കൊളുത്താൻ ശ്രമിക്കുമ്പോൾ പടർന്നു പിടിച്ച തീയിൽ സുകുമാരിയുടെ കൈകളിലും ശരീരത്തിലും പൊള്ളലേറ്റിരുന്നു. ഒടുവിൽ 2013 മാർച്ച് 26ന് ഹൃദയാഘാതം മൂലം മരണം സംഭവിക്കുകയായിരുന്നു.
Saji Abhiramam

Related posts

ഇ ശ്രം രജിസ്‌ട്രേഷൻ ക്യാമ്പ്

Aswathi Kottiyoor

കേന്ദ്രത്തിന്റെ വീഴ്‌ച‌, രേഖകൾ പുറത്ത്‌.

Aswathi Kottiyoor

ട്രെയിൻ ആക്രമണം: പ്രതി പിടിയിൽ

Aswathi Kottiyoor
WordPress Image Lightbox