തോക്കും കത്തിയുമായി വീട്ടിലെത്തിയ കവർച്ചാസംഘം. അമ്മയും മകളും ചേർന്ന് അവരെ നേരിടുന്നു. നിലംതൊടാതെ മോഷ്ടാക്കൾ ഓടി രക്ഷപ്പെടുന്നു. ഹൈദരാബാദിൽ നടന്ന സംഭവത്തിൽ വലിയ പ്രശംസയാണ് അമ്മയും 12 ആം ക്ലാസുകാരി മകളും ഏറ്റവാങ്ങിയത്. ആയുധ ധാരികളായ കവര്‍ച്ചാസംഘത്തെ സധൈര്യം നേരിടാന്‍ കരുത്തായത് എന്താണെന്ന് വെളിപ്പെടുത്തുകയാണ് ആ വീട്ടമ്മ ഇപ്പോൾ.
കവര്‍ച്ച നടത്താന്‍ എത്തിയ രണ്ടംഗസംഘത്തെ മകള്‍ക്കൊപ്പം ചേര്‍ന്ന് അടിച്ചോടിച്ചത് വഴി വാര്‍ത്താശ്രദ്ധ നേടിയ ഹൈദരാബാദ് ബീഗംപേട്ട് സ്വദേശിനി 46കാരിയായ അമിത മഹ്നോതാണ് തന്റെ വ്യാഴാഴ്ച നടന്ന സംഭവത്തിന്റെ അനുഭവം വിശദീകരിച്ചത്. ആയോധനകലയിലെ പരിശീലനമാണ് എനിക്ക് അവരെ പ്രതിരോധിക്കാൻ ആത്മവിശ്വാസം നൽകിയത്. എങ്ങനെയാണെന്ന് പറയാൻ കഴിയുന്നില്ല, ആദ്യം പകച്ചെങ്കിലും, പിന്നെ അവരെ കൈകാര്യം ചെയ്യാൻ എനിക്ക് കഴിഞ്ഞു.
പത്ത് വർഷമായി പതിവായി ജിമ്മിൽ പോകുന്നുണ്ട്. ഒപ്പം ആയോധന കലയായ തായ്കോണ്ടോ പരിശീലനവും ഉണ്ട്. അതു തന്നെയാവാം തന്റെ അപ്പോഴത്തെ ധൈര്യത്തിന്റെ രഹസ്യം എന്നും അമിത വെളിപ്പെടുത്തുന്നു.പാഴ്സല്‍ നല്‍കാനെന്ന് പറഞ്ഞായിരുന്നു കവർച്ചാ സംഘം വീട്ടിലെത്തിയത്. സംഭവസമയം അമിതയും 12-ാം ക്ലാസുകാരി, മകള്‍ വൈഭവിയും വീട്ടുജോലിക്കാരിയായ സ്വപ്‌നയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
വീട്ടിൽ കയറിയ ഇരുവരും വിലപിടിപ്പുള്ള വസ്തുക്കള്‍ എടുത്തു നല്‍കാനും ആവശ്യപ്പെട്ടു. വീട്ടുകാര്‍ക്ക് നേരെ തോക്ക് ചൂണ്ടുകയും വീട്ടിലെ ജോലിക്കാരിയുടെ കഴുത്തില്‍ കത്തിവച്ചുമായിരുന്നു ഭീഷണി. എന്നാല്‍, മോഷണസംഘത്തെ 42കാരിയായ അമിതാ മെഹോത്തും മകളും ധീരമായി നേരിടുകയായിരുന്നു. മോഷണ സംഘത്തെ ഇവർ മര്‍ദിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇരുവരേയും ഹൈദരാബാദ് പൊലീസ് അഭിനന്ദിച്ചു. സാമൂഹിക മാധ്യമങ്ങളിലും ഇരുവർക്കും അഭിനന്ദനപ്രവാഹമാണ്.