ചണ്ഡിഗഡ്: പ്രവാസിയെ ലഹരിമരുന്ന് കേസിൽ കുടുക്കി തട്ടിയത് ലക്ഷങ്ങൾ. പൊലീസ് ഉദ്യോഗസ്ഥനും സഹായിയായ സ്ത്രീയും അറസ്റ്റിൽ. ചണ്ഡിഗഡ് പൊലീസിലെ കോൺസ്റ്റബിളാണ് 79കാരനായ പ്രവാസിയുടെ കാറിൽ മയക്കുമരുന്ന് വച്ച് പണം തട്ടിയത്. അമേരിക്കയിൽ താമസിക്കുന്ന ജസ്പപാൽ സിംഗ് ചീമ എന്ന 79കാരന്റെ പരാതിയിൽ പൊലീസുകാരൻ ചണ്ഡിഗഡിൽ അറസ്റ്റിലായത്.
മൊഹാലിയിലെ സെക്ടർ 68ൽ ജസ്പാ സിംഗ് ചീമയ്ക്ക് വീടുണ്ട്. അമേരിക്കയിലേക്ക് മടങ്ങുന്നതിന് മുന്നോടിയായി ജൂലൈ 18ന് സുഹൃത്തിനൊപ്പം സാധനങ്ങൾ വാങ്ങാൻ പുറത്തിറങ്ങിയപ്പോഴാണ് സംഭവങ്ങളുടെ തുടക്കം. ജസ്പപാൽ സിംഗ് ചീമ ഷോപ്പിംഗ് കഴിഞ്ഞ് തിരികെ എത്തുമ്പോഴാണ് ബൽവിന്ദർ സിംഗ് എന്ന പൊലീസുകാരൻ മറ്റൊരാൾക്കൊപ്പം വീട്ടിലെത്തിയത്. മൊഹാലിയിലെ സെക്ടർ 17ലെ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ് എന്ന് ഇയാൾ വ്യക്തമാക്കി. പിന്നാലെ ജസ്പപാൽ സിംഗ് ചീമയുടെ കാർ പരിശോധിക്കണമെന്ന് ഉദ്യോഗസ്ഥൻ വിശദമാക്കി.
ജസ്പപാൽ സിംഗ് ചീമ കാർ തുറന്നതിന് പിന്നാലെ ഉദ്യോഗസ്ഥൻ കാർ പരിശോധിക്കാനും ഒപ്പമുണ്ടായിരുന്നയാൾ വീഡിയോ ചിത്രീകരിക്കാനും തുടങ്ങി. അൽപനേരത്തിനുള്ളിൽ മയക്കുമരുന്നാണ് എന്ന അവകാശവാദത്തോടെ ഒരു പോളിത്തീൻ കവർ ഉദ്യോഗസ്ഥൻ കാറിൽ നിന്ന് എടുത്ത് കാണിച്ചു. പിന്നാലെ തന്നെ ജാമ്യം കിട്ടണമെങ്കിൽ പണം നൽകണമെന്ന് ഉദ്യോഗസ്ഥൻ വിശദമാക്കുകയായിരുന്നു. എഫ്ഐ ആർ രജിസ്റ്റർ ചെയ്യാതിരിക്കണമെങ്കിൽ ഏഴ് ലക്ഷം രൂപ നൽകണമെന്നാണ് പൊലീസ് ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടത്.