രണ്ട് സ്കൂളുകൾ, ഒരു കോളേജ്,ഒരു ആശുപത്രി,പ്രധാനപ്പെട്ട നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന നഗരത്തിന്റെ കണ്ണായ പ്രദേശമാണ് തൈക്കാട്. ഇവിടെയാകെ പൂട്ടിയിട്ടുള്ള റോഡ് പണി തുടങ്ങിയിട്ട് ആഴ്ചകളായി.പൊതുജനത്തോട് പാലിക്കേണ്ട സാമാന്യ മര്യാദ പോലും പാലിക്കാതെയാണ് റോഡ് പണി.കുത്തിപ്പൊഴിച്ച് ഇളക്കിമറിച്ച റോഡും ഒരു മുന്നറിയിപ്പ് ബോർഡ് പോലുമില്ലാതെ കുഴികളുമാണ് പ്രദേശത്താകെയുളളത്. ഓഫ് റോഡ് തോറ്റുപോകുന്ന റോഡിലൂടെ ജീവനും കയ്യിൽ പിടിച്ചാണ് യാത്ര. തൈക്കാട് എൽപി സ്കൂളിലെയും മോഡൽ സ്കൂളിലെയും കുട്ടികൾ വരുന്നതും ഈ റോഡിലൂടെയാണ്.
ഒന്നരമാസമായി തൈക്കാട് അമ്മയും കുഞ്ഞും ആശുപത്രിക്ക് മുന്നിലും വശങ്ങളിലും വലിയ കുഴികളെടുത്തിട്ടിരിക്കുകയാണ്. വണ്ടിക്ക് മാത്രമല്ല, നടന്ന് പോലും ആശുപത്രിയിലേക്ക് കയറാൻ കഴിയാത്ത സ്ഥിതി. ദിവസവും പത്ത് പേരെങ്കിലും ഈ വഴിയിൽ വണ്ടിയുമായി വീഴാറുണ്ടെന്ന് ആശുപത്രിക്ക് മുന്നിൽ കച്ചവടം ചെയ്യുന്നവർ പറയുന്നു. ദിവസവും നൂറ് കണക്കിന് ഗർഭിണികളും കുട്ടികളുമെത്തുന്ന ആശുപത്രി എന്ന പരിഗണന പോലുമില്ലാതെയാണ് ഇവിടെ വലിയ കുഴിയെടുത്തിട്ട് പണി പാതിവഴിയിലാക്കിയിട്ടിരിക്കുന്നത്.തലനാരിഴ്ക്കാണ് വലിയ ദുരന്തങ്ങൾ ഒഴിവാകുന്നതെന്നും പ്രദേശത്തുളളവർ പറയുന്നു. ആശുപത്രിക്ക് തൊട്ടപ്പുറത്തുളള മേട്ടുക്കടയിൽ മുന്നോട്ടും പിന്നോട്ടും വഴിയില്ല. വിമൻസ് കോളേജ് സിഗ്നലിനപ്പുറം തലങ്ങും വിലങ്ങും റോഡ് കുഴിച്ചിട്ടിരിക്കുന്നു.
ആകെ 1000 കോടിയുടെ സ്മാർട്ട് സിറ്റി പദ്ധതിയിൽ, 242 കോടിയാണ് സ്മാർട്ട് റോഡിനായി മാറ്റിവച്ചത്. ഈ 242 കോടിയിൽ 40 കോടിയുടെ പണിയാണ് ഇതുവരെ പൂർത്തിയാക്കിയത്.2020ൽ അനുവദിച്ച ഈ തുക ജൂണിൽ ലാപ്സാകും. അങ്ങനെ 200 കോടി നഷ്ടമാകുന്നത് തടയാനായാണ് എല്ലാ റോഡും ഒന്നിച്ച് അടച്ചിട്ടുള്ള അറ്റക്കൈ പണി. ഡകട്റ്റിംഗ്, ഡ്രെയ്നേജ് , നടപ്പാത, ടാറിംഗ്
ഇതെല്ലാം പൂർത്തിയാക്കി ഈ റോഡുകൾ സ്മാർട്ടാക്കാൻ ചുരുങ്ങിയത് ഒരുമാസത്തിലധികം വേണ്ടി വരുമെന്നാണ് സ്മാർട്ട് സിറ്റി അധികൃതർ തന്നെ സമ്മതിക്കുന്നത്. പലയിടങ്ങിലും സീവേജ് ലൈനിലെ ചോർച്ച വില്ലനായെന്നും.പക്ഷെ 2020 മുതൽ ജനം അനുഭവിക്കുന്ന ദുരിതത്തിന് ആർക്കും ഉത്തരമില്ല.