23.3 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • വീണ്ടും വന്യജീവി ആക്രമണം; വീടിന് സമീപം വിറക് ശേഖരിക്കുകയായിരുന്ന യുവതിയെ ആക്രമിച്ച് കാട്ടുപന്നി
Uncategorized

വീണ്ടും വന്യജീവി ആക്രമണം; വീടിന് സമീപം വിറക് ശേഖരിക്കുകയായിരുന്ന യുവതിയെ ആക്രമിച്ച് കാട്ടുപന്നി

കോഴിക്കോട്: വന്യജീവികളുടെ ആക്രമണം അനുദിനം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനിടെ കോഴിക്കോട് വീണ്ടും കാട്ടുപന്നി ആക്രമണം. വീടിന് സമീപത്ത് വിറക് ശേഖരിക്കുകയായിരുന്ന യുവതിയാണ് ഇത്തവണ ആക്രമണത്തിന് ഇരയായത്. മുക്കം നഗരസഭയിലെ നെല്ലിക്കാപ്പൊയിലില്‍ കല്ലുരുട്ടി കുടുക്കില്‍ ബിനുവിന്റെ ഭാര്യ മനീഷക്കാണ് (30) കാട്ടുപന്നിയുടെ ആക്രമണത്തില്‍ കാലില്‍ സാരമായി പരുക്കേറ്റത്. വലതു കാലില്‍ മൂന്നിടത്ത് പൊട്ടലേറ്റ മനീഷയെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ വൈകീട്ട് അഞ്ചോടെയാണ് സംഭവം. വീടിന് മുകളിലുള്ള പറമ്പില്‍ വിറക് ശേഖരിക്കുന്നതിനിടെ ഓടിയെത്തിയ കാട്ടുപന്നി മനീഷയെ കുത്തുകയായിരുന്നു. കുത്തിന്റെ ആഘാതത്തില്‍ മനീഷ താഴ്ചയിലേക്ക് വീഴുകയായിരുന്നു. ഈ വീഴ്ചയിലാണ് കാലിന് സാരമായി പരുക്കേറ്റത്. മനീഷയെ ഇടിച്ചിട്ട കാട്ടുപന്നി വീടിന് സമീപത്ത് വസ്ത്രങ്ങള്‍ അലക്കുകയായിരുന്ന ബിനുവിന്റെ അമ്മയുടെ തൊട്ടടുത്ത് കൂടിയാണ് ഓടി മറഞ്ഞത്. ബഹളം കേട്ട് ബിനു എത്തിയപ്പോള്‍ മനീഷ താഴെ വീണു കിടക്കുന്നതാണ് കണ്ടത്. ഉടന്‍ സമീപത്തെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പ്രദേശത്തെ ജനങ്ങള്‍ രാത്രി കാലങ്ങളില്‍ പന്നിയെ കണ്ടതായി പറയാറുണ്ടെങ്കിലും പകല്‍ സമയത്ത് ഇത്തരമൊരു ആക്രമണം നാട്ടില്‍ ആദ്യമായാണെന്ന് ബിനു പറയുന്നു.

അതേസമയം, ഇന്നലെ കേളകം അടക്കാത്തോട് നിന്ന് മയക്കുവെടി വച്ച് പിടികൂടിയ കടുവ ചത്തു. കടുവയെ കണ്ണവം ഫോറസ്റ്റ് റേഞ്ച് ഓഫീസില്‍ എത്തിച്ചപ്പോഴേ ക്ഷീണിതനായിരുന്നു. മുഖത്തും നെഞ്ചിലും മുറിവുകള്‍ ഉണ്ടായിരുന്നു. പഴുപ്പോട് കൂടിയ വ്രണങ്ങളായിരുന്നു ശരീരത്തില്‍ ഉണ്ടായിരുന്നത്. കടുവയ്ക്ക് അനീമിയ ഉണ്ടായിരുന്നതായും പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയെന്ന് വനംവകുപ്പ് അറിയിച്ചു. അവശനായ കടുവയെ തുടര്‍ ചികിത്സയ്ക്കായി വന്യജീവി സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റാനായിരുന്നു തീരുമാനം. ഇതിനിടയിലാണ് ചത്തത്. ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ മാര്‍ഗനിര്‍ദ്ദേശപ്രകാരം ഇന്ന് പോസ്റ്റുമോര്‍ട്ടം നടത്തുമെന്ന് വനംവകുപ്പ് അറിയിച്ചു.

Related posts

മുഴക്കുന്ന് ഗ്രാമപഞ്ചായത്തിൽ വയോജനങ്ങൾക്കായുള്ള കട്ടിൽ വിതരണം ചെയ്തു.

Aswathi Kottiyoor

അതിശക്തമായ മഴ തുടരുന്നു, വയനാട്ടിൽ അഡ്വഞ്ചര്‍ പാര്‍ക്കുകളും ട്രക്കിങ്ങും നിരോധിച്ചു

Aswathi Kottiyoor

കുസാറ്റ് ദുരന്തം: ‘പൊലീ‌സ് അന്വേഷണം തുടരുന്നതല്ലേ നല്ലത്? റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്തോ?’; ഹൈക്കോടതി

Aswathi Kottiyoor
WordPress Image Lightbox