25.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • ഹൃദയരാഗങ്ങളുടെ കവി; ശതാഭിഷേക നിറവില്‍ ശ്രീകുമാരന്‍ തമ്പി
Uncategorized

ഹൃദയരാഗങ്ങളുടെ കവി; ശതാഭിഷേക നിറവില്‍ ശ്രീകുമാരന്‍ തമ്പി

ഹൃദയരാഗങ്ങളുടെ കവി എന്നറിയപ്പെടുന്ന ശ്രീകുമാരൻ തമ്പിക്ക് ഇന്ന് ശതാഭിഷേകം. പ്രണയവും വിരഹവും നിറഞ്ഞ ഗാനങ്ങൾക്കൊപ്പം ദാർശനികത തുളുമ്പുന്ന നിരവധി പാട്ടുകളാണ് ശ്രീകുമാരൻതമ്പി നമുക്ക് സമ്മാനിച്ചത്. സുഖത്തിലും ദുഖത്തിലും നമ്മൾ ശ്രീകുമാരൻതമ്പിയുടെ വരികളെ കൂട്ടുപിടിച്ചു. ജീവിതയാഥാർത്ഥ്യങ്ങൾക്കു മുന്നിൽ പകച്ചു നിന്നപ്പോൾ, പ്രിയപ്പെട്ടവർ അകന്നുപോയപ്പോൾ കയ്പ്പേറിയ അനുഭവങ്ങൾക്കുമുന്നിൽ ഇടറിവീണപ്പോൾ ആ വരികൾ കൂട്ടായി.

ആത്മാവിൽ വസന്തം വിടർത്തുന്ന ഭാവനയും ആതിരനക്ഷത്രമായി മാറുന്ന ആശകളും …..ഒറ്റനിമിഷം കൊണ്ട് തകർന്നടിയുന്നതും സുഖവും ദുഖവും നിഴലും നിലാവും പോലെ മാറി മാറി വരുന്നതും പാട്ടിലൂടെ നമ്മൾ അനുഭവിച്ചു.

1940 മാര്‍ച്ച് 16 ന് ആലപ്പുഴ ജില്ലയിലെ ഹരിപ്പാട്ട് ജനിച്ച അദ്ദേഹം പില്‍ക്കാലത്ത് ഗാനരചയിതാവ് എന്നതിന് പുറമെ സംവിധായകൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ്, സംഗീത സംവിധായകൻ, ടെലിവിഷൻ സീരിയല്‍ നിർമ്മാതാവ് എന്നീ നിലകളിലും ശോഭിച്ചു. മലയാളി എക്കാലവും ഓര്‍ത്തിരിക്കുന്ന എണ്ണമറ്റ ഗാനങ്ങള്‍ സംഭാവന ചെയ്തിട്ടുള്ള അദ്ദേഹം മൂവായിരത്തിലേറെ പാട്ടുകള്‍ക്ക് വരികള്‍ എഴുതിയിട്ടുണ്ട്.

പി സുബ്രഹ്‍മണ്യം നിര്‍മ്മിച്ച് സംവിധാനം ചെയ്ത് 1966 ല്‍ പുറത്തെത്തിയ കാട്ടുമല്ലിക എന്ന ചിത്രത്തില്‍ ഗാനരചയിതാവായാണ് അദ്ദേഹത്തിന്‍റെ സിനിമാ അരങ്ങേറ്റം. തൊട്ടു പിറ്റേവര്‍ഷം ഇറങ്ങിയ ചിത്രമേള എന്ന സിനിമയിലെ പാട്ടുകള്‍ മുന്നോട്ടുള്ള സിനിമാജീവിതത്തില്‍ വഴിത്തിരിവായി.

പ്രേം നസീറിനെ നായകനാക്കി, സ്വന്തമായി നിര്‍മ്മിച്ച് 1974 ല്‍ പുറത്തെത്തിയ ചന്ദ്രകാന്തം എന്ന സിനിമയിലൂടെയാണ് സംവിധായകനായുള്ള ശ്രീകുമാരന്‍ തമ്പിയുടെ അരങ്ങേറ്റം. മുപ്പതോളം സിനിമകള്‍ സംവിധാനം ചെയ്ത അദ്ദേഹം എണ്‍പതിലേറെ സിനിമകള്‍ക്ക് തിരക്കഥയും സംഭാഷണവും ഒരുക്കി. 26 സിനിമകള്‍ നിര്‍മ്മിച്ചു.

മലയാള സിനിമയുടെ ചരിത്രത്തിനൊപ്പം നടന്ന പ്രതിഭയ്ക്ക് ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള ജെ സി ഡാനിയേല്‍ പുരസ്കാരമടക്കം ലഭിച്ചു. ജീവിതം ഒരു പെന്‍ഡുലം എന്ന ആത്മകഥയ്ക്ക് കഴിഞ്ഞ തവണത്തെ വയലാര്‍ പുരസ്കാരം ലഭിച്ചു.

Related posts

ജമ്മു കശ്മീരിൽ 3 യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; കുടുംബാംഗങ്ങൾക്ക് ധനസഹായം നൽകുമെന്ന് അധികൃതർ

Aswathi Kottiyoor

സ്വർണവില സർവ്വകാല റെക്കോർഡിൽ തുടരുന്നു; ഉരുകി ഉപഭോക്താക്കൾ

Aswathi Kottiyoor

അലിഗഡ് മാറ്റി ‘ഹരിഗഡ്’ ആക്കണം; യുപിയില്‍ വീണ്ടും പേരുമാറ്റ നീക്കം; പ്രമേയം പാസായി

Aswathi Kottiyoor
WordPress Image Lightbox