ലോക്‌സഭയില്‍ മൂന്ന് ടേം പൂര്‍ത്തിയാക്കിയ പി കരുണാകരന് പകരം 2019ല്‍ കാസര്‍കോട് ലോക്‌സഭ മണ്ഡലത്തില്‍ കെ പി സതീഷ് ചന്ദ്രനാണ് സിപിഎമ്മിനായി മത്സരിച്ചത്. അതേസമയം കോണ്‍ഗ്രസ് അതിഥിയായി രാജ്‌മോഹന്‍ ഉണ്ണിത്താനെ കാസര്‍കോടേക്ക് അയച്ചു. പ്രചാരണരംഗത്ത് തുടക്കത്തില്‍ അസ്വാരസ്യങ്ങളുണ്ടായി എങ്കിലും ഉണ്ണിത്താന്‍ അണികള്‍ക്കിടയില്‍ പ്രിയങ്കരനായ ‘ഉണ്ണിച്ച’ ആയപ്പോള്‍ കാസര്‍കോടിന്‍റെ തെരഞ്ഞെടുപ്പ് ചിത്രം മാറി. അതിഥിയായി മണ്ഡലത്തിലെത്തിയ ഉണ്ണിത്താന്‍ അതിഥിതാരമായി. ഇടത് കോട്ടയായിരുന്ന കാസര്‍കോട് ലോക്‌സഭ മണ്ഡലം കോണ്‍ഗ്രസിലേക്ക് ചാഞ്ഞു. 2019ല്‍ 80.65 എന്ന മികച്ച പോളിംഗ് രേഖപ്പെടുത്തിയ മണ്ഡലത്തില്‍ 10,91,752 വോട്ടര്‍മാര്‍ വോട്ടവകാശം വിനിയോഗിച്ചു.
സിപിഎം അടിമുടി ഉലഞ്ഞ 2019ലെ തെരഞ്ഞെടുപ്പ് ഫലത്തില്‍ കാസര്‍കോട് ലോക്‌സഭ മണ്ഡലം രാജ്‌മോഹന്‍ ഉണ്ണിത്താനിലൂടെ കോണ്‍ഗ്രസ് 40,438 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ പിടിച്ചെടുത്തു. രാജ്‌മോഹന്‍ ഉണ്ണിത്താന് 474,961 ഉം, രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട സിപിഎമ്മിന്‍റെ കെ പി സതീഷ് ചന്ദ്രന് 4,34,523 ഉം വോട്ടുകളാണ് ലഭിച്ചത്. എന്‍ഡിഎയ്ക്കായി മത്സരിച്ച ബിജെപി സ്ഥാനാര്‍ഥി രവീശ തന്ത്രി കുണ്ഠാറിന് കിട്ടിയത് 1,76,049 വോട്ടുകള്‍.