23.4 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • കോടികൾ കുടിശ്ശിക, കമ്പനികൾ മരുന്ന് വിതരണം നിർത്തി; മെഡിക്കൽ കോളജിൽ രോഗികൾ വലയും
Uncategorized

കോടികൾ കുടിശ്ശിക, കമ്പനികൾ മരുന്ന് വിതരണം നിർത്തി; മെഡിക്കൽ കോളജിൽ രോഗികൾ വലയും

കോഴിക്കോട്: കുടിശ്ശികയായ 75 കോടിയോളം രൂപ കിട്ടാത്തതിനെത്തുടർന്ന് മരുന്നുവിതരണക്കാർ മെഡിക്കൽ കോളേജ് ആശുപത്രിക്കുള്ള മരുന്നുനൽകൽ നിർത്തി. ജീവൻരക്ഷാമരുന്നുകൾ, ശസ്ത്രക്രിയാ ഉപകരണങ്ങൾ, ഫ്ളൂയിഡുകൾ എന്നിവയുടെ വിതരണമാണ് നിർത്തിയത്. രണ്ടുദിവസത്തിനകം മെഡിക്കൽ കോളേജ് എച്ച്.ഡി.എസ്. ഫാർമസിയിൽ ബാക്കിയുള്ള മരുന്നുകൾ തീരുമെന്ന് അധികൃതർ പറഞ്ഞു. ഇതോടെ രോഗികൾ വലയും.

കാൻസർ മരുന്നുകളും മറ്റും ഇന്ത്യയിൽതന്നെ ഏറ്റവും വിലകുറച്ച് കിട്ടുന്ന ആശുപത്രികളിലൊന്നാണ് കോഴിക്കോട് മെഡിക്കൽ കോളേജ്. 8000 രൂപയ്ക്ക് കിട്ടേണ്ട കാൻസർ മരുന്നുകൾ 30,000 രൂപകൊടുത്ത് പുറത്തുനിന്ന് വാങ്ങേണ്ട സ്ഥിതിയിലാവും രോഗികൾ.മെഡിക്കൽ കോളേജിലെത്തുന്ന പാവപ്പെട്ട രോഗികൾക്ക് ഈ തുക താങ്ങാനാവില്ല. ഇതോടെ പലരുടെയും ചികിത്സമുടങ്ങുന്ന അവസ്ഥയുണ്ടാകും.

യൂറോളജി, നെഫ്രോളജി, ഓർത്തോ വിഭാഗങ്ങൾക്കുവേണ്ട വിവിധ ഉപകരണങ്ങളുടെ വിതരണവും നിലച്ചു. ഇതിനെത്തുടർന്ന് ഓർത്തോവിഭാഗത്തിൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി നടക്കേണ്ട പത്തോളം വലിയ ശസ്ത്രക്രിയകൾ റദ്ദാക്കിയതായാണ് അറിയുന്നത്. മുട്ട്, ഇടുപ്പ് മാറ്റിവെക്കൽ ശസ്ത്രക്രിയകളും മറ്റുമാണ് ആവശ്യമായ ഉപകരണങ്ങൾ ലഭിക്കാത്തതിനെത്തുടർന്ന് നിർത്തിവെച്ചത്.

ആഴ്ചയിൽ ഏഴ് മുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയകളും നാല് ഇടുപ്പ് മാറ്റിവെക്കൽ ശസ്ത്രക്രിയകളും 20 ആർത്രോസ്കോപ്പി ശസ്ത്രക്രിയകളും നാല് ഹൃദയവാൽവ് മാറ്റിവെക്കൽ ശസ്ത്രക്രിയകളും അഞ്ച് ബൈപ്പാസ് ശസ്ത്രക്രിയകളുമാണ് മെഡിക്കൽ കോളേജിൽ നടക്കുന്നത്. കൂടാതെ ഒട്ടേറെ മറ്റ് ശസ്ത്രക്രിയകളും കാൻസർ ശസ്ത്രക്രിയകളും നടക്കുന്നുണ്ട്. ഉപകരണവിതരണം നിർത്തിയത് തിങ്കളാഴ്ചമുതൽ ഇതിനെയെല്ലാം ബാധിച്ചുതുടങ്ങും.

ഏകദേശം എഴുപത്തഞ്ചോളം വിതരണക്കാരാണ് മെഡിക്കൽ കോളേജിലേക്ക് മരുന്ന് വിതരണം നടത്തുന്നത്. കുടിശ്ശിക കിട്ടാതായതോടെ ചില വിതരണക്കാർ മുമ്പ് തന്നെ വിതരണം നിർത്തിയിരുന്നു. സംഘടനകളുടെ നേതൃത്വത്തിൽ തീരുമാനമെടുത്ത് ശനിയാഴ്ച മുതലാണ് ഒന്നിച്ച് വിതരണം നിർത്തിയത്.

ഡിസംബർവരെയുള്ള കുടിശ്ശിക മാർച്ച് 31-നകം ലഭിക്കുമെന്ന ഉറപ്പ് ലഭിച്ചാൽ മാത്രമേ മരുന്നുവിതരണം പുനരാരംഭിക്കൂവെന്ന് ഓൾകേരള കെമിസ്റ്റ് ആൻഡ് ഡ്രഗിസ്റ്റ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. ഇക്കാര്യമാവശ്യപ്പെട്ട് ആരോഗ്യമന്ത്രി, കളക്ടർ, പ്രിൻസിപ്പൽ, സൂപ്രണ്ട് എന്നിവർക്ക് സംഘടനകൾ കത്ത് നൽകിയിരുന്നു. എന്നാൽ അധികൃതരുടെ ഭാഗത്തുനിന്ന് പ്രതികരണമൊന്നും ഉണ്ടാവാത്തതിനാലാണ് മരുന്നുവിതരണം നിർത്തിയതെന്നും ഭാരവാഹികൾ പറഞ്ഞു. പണം അടയ്ക്കാൻ കൂടിയാൽ 21 ദിവസമാണ് വൻ മരുന്നുകമ്പനികൾ വിതരണക്കാർക്ക് നൽകുന്നത്. പലരും കടം വാങ്ങിയും ലോണെടുത്തും മറ്റുമാണ് കമ്പനികൾക്ക് പണം നൽകുന്നത്. രണ്ട് വിതരണക്കാർ ഇപ്പോൾ ജപ്തിയുടെ വക്കിലാണെന്നും ഭാരവാഹികൾ പറഞ്ഞു. ഇനിയും കുടിശ്ശിക ലഭിച്ചില്ലെങ്കിൽ കമ്പനികൾ വിതരണക്കാർക്ക് മരുന്ന് നൽകുന്നത് നിർത്തും. ഇതോടെ സ്വകാര്യമേഖലയിലുൾപ്പെടെയുള്ള മരുന്ന് വിതരണവും സ്തംഭിക്കുമെന്നും ഇവർ പറഞ്ഞു.

ഹൃദ്രോഗചികിത്സയുടെ ഭാഗമായ പേസ്‌മേക്കർ, സ്റ്റെന്റ്, ബലൂൺ, വാൽവ് തുടങ്ങിയ എല്ലാ ഉപകരണങ്ങളുടെയും വിതരണം മാർച്ച് 31-ന് പൂർണമായി നിർത്തുമെന്ന് ചേംബർ ഓഫ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് ഓഫ് മെഡിക്കൽ ഇംപ്ലാന്റ്‌സ് ആൻഡ് ഡിസ്പോസിബിൾസ് ഭാരവാഹികളും വ്യക്തമാക്കി.

Related posts

ഇടമലയാർ കനാൽ അഴിമതി: 44 പ്രതികൾക്ക് 3 വർഷം തടവും 2 ലക്ഷം വീതം പിഴയും; വിധിച്ച് തൃശ്ശൂർ വിജിലൻസ് കോടതി

Aswathi Kottiyoor

ചുങ്കക്കുന്ന് ഗവൺമെന്റ് യുപി സ്കൂളിൽ പഠനോത്സവം സംഘടിപ്പിച്ചു

Aswathi Kottiyoor

ചക്കരക്കല്ലിൽ കോണ്‍ഗ്രസ് ഓഫീസിന് നേരെ ബോംബേറ്

Aswathi Kottiyoor
WordPress Image Lightbox