24.4 C
Iritty, IN
July 3, 2024
  • Home
  • Uncategorized
  • നടക്കുന്നത് ചില്ലറ തട്ടിപ്പല്ല; പുലർച്ചെ ഒന്നര മണിക്കൂർ പരിശോധന, 347 വാഹനങ്ങൾ, 1.36 കോടിയുടെ ക്രമക്കേട് !
Uncategorized

നടക്കുന്നത് ചില്ലറ തട്ടിപ്പല്ല; പുലർച്ചെ ഒന്നര മണിക്കൂർ പരിശോധന, 347 വാഹനങ്ങൾ, 1.36 കോടിയുടെ ക്രമക്കേട് !

തിരുവനന്തപുരം: അമിതഭാരം കയറ്റിവരുന്ന വാഹനങ്ങളെ പരിശോധിച്ച് പിടികൂടുന്നതിനായി വീണ്ടും ‘ഓപ്പറേഷൻ ഓവര്‍ലോഡ്’ പരിശോധനയിൽ കണ്ടെത്തിയത് വൻ ക്രമക്കേട്. ആറാം തീയതി ഒന്നര മണിക്കൂർ നടത്തിയ പരിശോധനയിൽ മാത്രം കണ്ടെത്തിയത് 1 കോടി 36 ലക്ഷം രൂപയുടെ ക്രമക്കേടുകകൾ. ക്വാറി ഉല്പന്നങ്ങള്‍ കടത്തുന്ന വാഹനങ്ങളിലെ നികുതി വെട്ടിപ്പ് കണ്ടെത്താന്‍ വിജിലന്‍സിന്‍റെ നേതൃത്വത്തിലാണ് സംസ്ഥാന വ്യാപകമായി ‘ഓപ്പറേഷന്‍ ഓവര്‍ലോഡ്’ പരിശോധന നടത്തിയത്. ആറാം തീയതി പുലര്‍ച്ചേ 6.30 മുതല്‍ ഒന്നര മണിക്കൂറില്‍ 347 വാഹനങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് 1.36 കോടിയുടെ ക്രമക്കേട് കണ്ടെത്തിയത്.

സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമായി 65 സ്ഥലങ്ങളിലായിരുന്നു പരിശോധന. സംസ്ഥാനമൊട്ടാകെ പരിശോധന നടത്തിയ വാഹനങ്ങളില്‍ 92 ശതമാനം വാഹനങ്ങളും അമിത ഭാരം കയറ്റിയ നിലയിലും, 30 ശതമാനം വാഹനങ്ങള്‍ പാസ്സില്ലാത്ത നിലയിലും, 12 ശതമാനം വാഹനങ്ങള്‍ അധിക ബോഡി ഉയര്‍ത്തി വാഹനങ്ങള്‍ രൂപമാറ്റം വരുത്തിയ നിലയിലുമാണെന്ന് കണ്ട് വിജിലന്‍സ് പിടികൂടി. 347 വാഹനങ്ങള്‍ പരിശോധിച്ചതില്‍ 319 എണ്ണവും അമിത ഭാരം കയറ്റിയ നിലയിലാണെന്നും ഇവയില്‍ 107 വാഹനങ്ങള്‍ പാസ്സില്ലാത്ത നിലയിലും 42 വാഹനങ്ങള്‍ രൂപമാറ്റം വരുത്തി അധികമായി ബോഡി ഉയര്‍ത്തിയ നിലയിലുമാണെന്നും വിജിലന്‍സ് കണ്ടെത്തി.
വിജിലന്‍സ് പിടികൂടിയ വാഹനങ്ങളില്‍ നിന്നും മോട്ടോര്‍ വാഹന, മൈനിംഗ് ആന്റ് ജിയോളജി, ജി.എസ്.ടി എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ ഒരു കോടി 36 ലക്ഷത്തില്‍ പരം (1,36,53,270/-) രൂപ പിഴ ഈടാക്കി. അമിത ഭാരം കയറ്റിയതായി വിജിലന്‍സ് കണ്ടെത്തിയ 319 വാഹനങ്ങളില്‍ നിന്നായി മോട്ടോര്‍ വാഹന വകുപ്പ് 65,46,113/- രൂപയും, റോയല്‍റ്റി ഇനത്തില്‍ വെട്ടിപ്പ് നടത്തിയതിന് മൈനിംഗ് ആന്റ് ജിയോളജി വകുപ്പ് 63,94,543/- രൂപയും, ജി.എസ്.ടി വെട്ടിപ്പ് നടത്തിയതിന് 7,12,614/- രൂപയുമാണ് പിഴ ഈടാക്കിയത്.

തിരുവനന്തപുരം ജില്ലയില്‍ 11,20,792/- രൂപയും, കൊല്ലം ജില്ലയില്‍ 4,90,979/- രൂപയും, പത്തനംതിട്ട ജില്ലയില്‍ 3,97,562/- രൂപയും, കോട്ടയം ജില്ലയില്‍ 9,67,240/- രൂപയും, ആലപ്പുഴ ജില്ലയില്‍ 11,82,271/- രൂപയും, ഇടുക്കി ജില്ലയില്‍ 9,73,651/- രൂപയും, എറണാകുളം ജില്ലയില്‍ 5,94,450/- രൂപയും, തൃശ്ശൂര്‍ ജില്ലയില്‍ 15,60,348/ രൂപയും, പാലക്കാട് ജില്ലയില്‍ 19,05,704/- രൂപയും, കോഴിക്കോട് ജില്ലയില്‍ 5,26,922/- രൂപയും, മലപ്പുറം ജില്ലയില്‍ 10,39,438/- രൂപയും, വയനാട് ജില്ലയില്‍ 7,34,900/- രൂപയും, കണ്ണൂര്‍ ജില്ലയില്‍ 17,61,451/- രൂപയും, കാസറഗോഡ് ജില്ലയില്‍ 3,97,562/- രൂപയും ഉള്‍പ്പടെ ആകെ 1,36,53,270/- രൂപയുടെ ഫൈന്‍ കണ്ടെത്തി.

പെര്‍മിറ്റിനു വിരുദ്ധമായി രൂപമാറ്റം വരുത്തിയും അധികഭാരം കയറ്റിയും സഞ്ചരിക്കുന്ന വാഹനങ്ങള്‍ മോട്ടോര്‍ വാഹനവകുപ്പിലെയും മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പിലെയും ജി.എസ്.ടി വകുപ്പിലേയും ചില ഉദ്ദ്യോഗസ്ഥര്‍ പരിശോധിക്കുന്നില്ലയെന്നും വിജിലന്‍സിന് രഹസ്യ വിവരം ലഭിച്ചിരുന്നു. കൂടാതെ സംസ്ഥാന വ്യാപകമായി ടിപ്പറുകളിലും, ട്രക്കുകളിലും, ലോറികളിലും അമിത അളവില്‍ പെര്‍മിറ്റിന് വിരുദ്ധമായും, അധിക ബോഡി ഘടിപ്പിച്ച് വാഹനങ്ങളില്‍ രൂപമാറ്റം വരുത്തിയും, അമിത ഭാരം കയറ്റി നികുതി വെട്ടിപ്പ് നടത്തുന്നതിലേക്ക് ചില ക്വാറി ഉടമകള്‍ കൂട്ടുനില്‍ക്കുന്നതായും, മറ്റു ചില ക്വാറി ഉടമകള്‍ മൈനിംഗ് ആന്റ് ജിയോളജി വകുപ്പിന്റെ പാസ്സില്ലാത്തവര്‍ക്കും ക്വാറി ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തുന്നതായും, പാസ്സുമായി വരുന്നവര്‍ക്ക് പാസ്സില്‍ പറഞ്ഞതിനേക്കാള്‍ കൂടുതല്‍ അളവില്‍ ക്വാറി ഉല്‍പ്പന്നങ്ങള്‍ നല്‍കുന്നതായും, അതുവഴി ജി.എസ്.ടി ഇനത്തിലും, റോയല്‍റ്റി ഇനത്തിലും സര്‍ക്കാരിന് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം ദിനംപ്രതി സംഭവിക്കുന്നതായുമുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു വിജിലന്‍സ് പരിശോധന.

ചില ക്വാറി ഉടമകള്‍ മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പ് അനുവദിച്ചിട്ടുള്ള പാസ്സുകള്‍ക്ക് വിരുദ്ധമായി അമിതമായി ലോഡ് കയറ്റി വിടുന്നതായും, പാസ്സ് അനുവദിക്കാത്ത വാഹനങ്ങള്‍ക്കും ഉല്പന്നങ്ങള്‍ നല്‍കുന്നതായും ഒരു പാസ് ഉപയോഗിച്ച് നിരവധി ലോഡുകള്‍ നെല്‍കുന്നതായും തത്ഫലമായി ഓരോ ലോഡിനും ജി.എസ്.ടി ഇനത്തിലും റോയല്‍റ്റി ഇനത്തിലും സര്‍ക്കാര്‍ ഖജനാവിന് ലഭിയ്‌ക്കേണ്ട വന്‍തുക ദിനംപ്രതി നഷ്ടമാകുന്നതായും വിജിലന്‍സിന് വിവരം ലഭിച്ചിട്ടുണ്ട്.

തിരുവനന്തപുരം-7, എറണാകുളം, മലപ്പുറം, തൃശ്ശൂര്‍ ജില്ലകളില്‍ 6 വീതവും, കൊല്ലം, ഇടുക്കി, പാലക്കാട് എന്നീ ജില്ലകളില്‍ 5 വീതവും കോട്ടയം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ് എന്നീ ജില്ലകളില്‍ 4 വീതവും പത്തനംതിട്ട, ആലപ്പുഴ, വയനാട് എന്നീ ജില്ലകളില്‍ 3 വീതവും ആകെ 65 സ്ഥലങ്ങളിലാണ് ആറാം തീയതി ഒരേ സമയം മിന്നല്‍ പരിശോധന നടത്തിയത്. മിന്നല്‍ പരിശോധനയില്‍ കണ്ടെത്തിയ ക്രമേേക്കാടുകളെ പറ്റി അപാകതകളെപ്പറ്റി വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കുമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ടി. കെ. വിനോദ്കുമാര്‍ ഐ പി എസ് അറിയിച്ചു.

Related posts

അമ്മയുപേക്ഷിച്ചാലും സര്‍ക്കാര്‍ തണലൊരുക്കും; അമ്മ ബക്കറ്റില്‍ ഉപേക്ഷിച്ച കുഞ്ഞ് പുതുജീവിതത്തിലേക്ക്

Aswathi Kottiyoor

മനുഷ്യക്കടത്ത്; ഒമാനിൽ രണ്ട് വിദേശികൾ പിടിയിൽ

Aswathi Kottiyoor

മൺവിള മുരളി വധക്കേസ്; ജാമ്യമെടുത്ത് സൗദിയിലേക്ക് മുങ്ങിയ പ്രതിയെ കേരളത്തിലെത്തിച്ചു

Aswathi Kottiyoor
WordPress Image Lightbox