ആറളം: ആറളം ഫാമിൽ രണ്ടാംഘട്ട കാട്ടാന തുരത്തൽ ദൗത്യം ആരംഭിച്ചു. ആറളം ഫാം ഒന്നാം ബ്ലോക്കിൽ നിന്നാണ് വനംവകുപ്പിന്റെ നേതൃത്വത്തിൽ കാട്ടാനകളെ വനത്തിലേക്ക് തുരത്തുന്നത്. പുനരധിവാസ മേഖല ഉൾപ്പെടെയുള്ള ജനങ്ങളോട് ജാഗ്രത പാലിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെ സ്ഥലത്ത് ക്യാമ്പ് ചെയ്ത് പ്രധാന റോഡുകൾ അടച്ചാണ് കാട്ടാനകളെ തുരത്തുന്നത്. ഡ്രോൺ ഉപയോഗിച്ച് നിരീക്ഷിച്ചതിനു ശേഷം പടക്കം പൊട്ടിച്ച് കാട്ടാനകളെ തുരത്താനാണ് തീരുമാനം. മൂന്നിലധികം കാട്ടാനകളെ വിവിധ മേഖലകളിൽനിന്നുമാണ് തുരത്തുന്നത്. ഇതിനിടയിൽ കാണുന്ന മറ്റു കാട്ടാന കൂട്ടങ്ങളെയും പുനരധിവാസ മേഖലയിലൂടെ ആറളം വന്യജീവി സങ്കേതത്തിൽ എത്തിക്കുകയും ആണ് ലക്ഷ്യം. രാവിലെ 7 മണി മുതൽ ആരംഭിച്ച ദൗത്യം മൂന്നുദിവസം നീളും.