23.6 C
Iritty, IN
July 6, 2024
  • Home
  • Uncategorized
  • ‘എല്ലാരും തിരഞ്ഞു നടക്കുമ്പോ രാത്രി മുഴുവൻ ഞാൻ കിണറ്റിൽ, ആരുമറിഞ്ഞില്ല’: 20 മണിക്കൂർ, നടുക്കം മാറാതെ എലിസബത്ത്
Uncategorized

‘എല്ലാരും തിരഞ്ഞു നടക്കുമ്പോ രാത്രി മുഴുവൻ ഞാൻ കിണറ്റിൽ, ആരുമറിഞ്ഞില്ല’: 20 മണിക്കൂർ, നടുക്കം മാറാതെ എലിസബത്ത്

പത്തനംതിട്ട: കാട്ടുപന്നി ആക്രമിക്കാൻ വന്നപ്പോൾ ജീവൻ രക്ഷിക്കാൻ ഓടുന്നതിനിടെ കിണറ്റിൽ വീണതിന്‍റെ നടുക്കം മാറാതെ എലിസബത്ത്. എലിസബത്ത് കിണറ്റിൽ വീണത് ആരും കണ്ടില്ല. വീട്ടുകാരും നാട്ടുകാരും തിരഞ്ഞുനടക്കുമ്പോള്‍ രാത്രി മുഴുവന്‍ അടുത്ത പുരയിടത്തിലെ 50 അടി താഴ്ചയുള്ള കിണറ്റില്‍ വീണുകിടക്കുകയായിരുന്നു എലിസബത്ത്. പത്തനംതിട്ട അടൂർ വയല പരുത്തിപ്പാറയിലാണ് സംഭവം.

“കാട്ടുപന്നിയെ കണ്ട് ഞാൻ മാറിനിന്നു. എന്നിട്ടും അതെന്നെ ഉപദ്രവിക്കാനായി വന്നു. ഞാൻ കിണറിന്‍റെ തിട്ടയിൽ കയറിനിന്നു. വീണ്ടും അത് എന്നെ കുത്താൻ വന്നു. കിണറിന്‍റെ മുകളിൽ കുറേ പലകകൾ ഇട്ടിരുന്നു.അതിൽ ചവിട്ടിയപ്പോൾ താഴോട്ട് പോയി. ആരും ഞാൻ വീണത് കണ്ടില്ല. വീട്ടുകാരൊക്കെ എന്നെ നോക്കിനടക്കുകയായിരുന്നു. രാത്രി മുഴുവനും പിറ്റേദിവസം നാല് മണി വരെയും ഞാൻ കിണറ്റില്‍ വീണുകിടന്നു‌. അടുത്ത് കിണറുകളുണ്ടെങ്കിൽ നോക്കണമെന്ന് പൊലീസുകാർ പറഞ്ഞതോടെയാണ് കിണറുകള്‍ കേന്ദ്രീകരിച്ച് നാട്ടുകാർ തിരച്ചിൽ തുടങ്ങിയത്. ഞാൻ കിണറ്റിൽ കിടന്ന് ആള്‍ക്കാരെ ഉറക്കെ വിളിക്കുന്നുണ്ടായിരുന്നു. വിളി കേട്ട് ഞങ്ങളുടെ മെമ്പർ വന്ന് നോക്കി. ഒരാളെങ്കിലും കണ്ടല്ലോ എന്നെനിക്ക് സമാധാനമായി. പിന്നീട് ഫയർ ഫോഴ്സ് വന്ന് രക്ഷിച്ചു”- എലിസബത്ത് പറഞ്ഞു.

ഇന്നലെ വൈകുന്നേരം നാല് മണിയോടെയാണ് എലിസബത്തിനെ കാണാതായത്. എലിസബത്ത് കാട്ടുപന്നിയെ കണ്ട് ഭയന്നോടിയതും കിണറ്റിൽ വീണതുമൊന്നും വീട്ടുകാർ അറിഞ്ഞിരുന്നില്ല. എലിസബത്ത് എവിടെ എന്ന് ഒരു രാത്രി കഴിഞ്ഞിട്ടും കണ്ടെത്താൻ വീട്ടുകാർക്കായില്ല. അപ്പോഴാണ് കിണറുകള്‍ പരിശോധിക്കാൻ പൊലീസ് പറഞ്ഞത്.ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് അടുത്ത പുരയിടത്തിലെ കിണറ്റിൽ നിന്നും കരച്ചിൽ കേട്ടതും എലിസബത്തിനെ കണ്ടെത്തിയതും.

ആഴമുള്ള കിണറ്റിൽ നിന്നും എലിസബത്തിനെ പുറത്തെത്തിക്കാൻ നാട്ടുകാർ ശ്രമിചെങ്കിലും
കഴിയാതെ വന്നതോടെയാണ് അടൂർ ഫയർ ഫോഴ്സിന്‍റെ സഹായം തേടിയത്. 50 അടിയോളം താഴ്‌ചയുള്ള കിണറ്റിലാണ് എലിസബത്ത് വീണത്. കിണറ്റിൽ അഞ്ച് അടിയോളം വെള്ളമുണ്ടായിരുന്നു. വിനോദ് കുമാറിന്‍റെ നേതൃത്വത്തിൽ അടൂർ ഫയർ ഫോഴ്സ് സ്ഥലത്തെത്തി. ഗ്രേഡ് അസിസ്റ്റന്‍റ് സ്റ്റേഷൻ ഓഫീസർ അജികുമാർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ അഭിലാഷ് എന്നിവർ കിണറ്റിലിറങ്ങി നെറ്റും കയറും ഉപയോഗിച്ച് എലിസബത്തിനെ രക്ഷപ്പെടുത്തി. ഒരു ദിവസത്തോളം കിണറ്റിൽ കിടന്ന് അവശ നിലയിലായിരുന്നു എലിസബത്ത്. അടൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണിപ്പോള്‍.

Related posts

നോട്ടയ്ക്ക് വോട്ടിടാൻ കോൺഗ്രസ് ആഹ്വാനം; പെട്ടിയിൽ വീണത് 2.18 ലക്ഷം വോട്ടുകൾ, ഒപ്പം രണ്ടാം സ്ഥാനവും

Aswathi Kottiyoor

വനത്തിനുള്ളിൽ അസ്ഥികൂടം കണ്ടെത്തി

Aswathi Kottiyoor

അരൂരിൽ വാൻ മോഷ്ടിച്ചവർ പിടിയിൽ! വണ്ടിയെടുത്തത് പക്ഷെ വിൽക്കാനോ പൊളിക്കാനോ ഒന്നുമല്ല, ചുമ്മാ ഓടിച്ച് രസിക്കാൻ

Aswathi Kottiyoor
WordPress Image Lightbox