24.1 C
Iritty, IN
May 17, 2024
  • Home
  • Uncategorized
  • ആനയെകൊണ്ട് പൊറുതിമുട്ടി, പിന്നാലെ കാട്ടുപോത്തും; മൂന്നാർ ടൗണിൽ ഭീഷണിയായി വിലസി, പിന്നാലെ കാടുകയറി
Uncategorized

ആനയെകൊണ്ട് പൊറുതിമുട്ടി, പിന്നാലെ കാട്ടുപോത്തും; മൂന്നാർ ടൗണിൽ ഭീഷണിയായി വിലസി, പിന്നാലെ കാടുകയറി

മൂന്നാർ: മൂന്നാറിൽ വീണ്ടും വന്യജീവി സാന്നിധ്യം. കാട്ടാനയ്ക്കു പിന്നാലെ നഗരത്തിൽ ഭീഷണി ഉയർത്തി കാട്ടുപോത്തും ഇറങ്ങി. കഴിഞ്ഞ ദിവസം രാത്രിയാണ് നാട്ടുകാർക്ക് ഭീഷണി ഉയർത്തി മൂന്നാർ ടൗണിൽ കാട്ടുപോത്ത് ഇറങ്ങിയത്. കൊച്ചി – ധനുഷ്കോടി ദേശീയ പാതയിൽ പഴയ മൂന്നാർ എസ്.എൻ ജംഗ്ഷനു സമീപം എത്തിയ കാട്ടുപോത്ത് ഒരു കിലോമീറ്ററോളം റോഡിലൂടെ സഞ്ചരിച്ച് മൂന്നാർ ടൗണിലെത്തി. ഏറെ നേരം ജനങ്ങൾക്ക് ആശങ്കയുയർത്തിയ പോത്ത് നടയാർ റോഡിലൂടെ കാടു കയറിയതോടെയാണ് ഭീതിയൊഴിഞ്ഞത്.

രണ്ടു ദിവസങ്ങൾക്കു മുമ്പ് ജനവാസ മേഖലയായ അന്തോണിയാർ കോളനിയിലും കാട്ടുപോത്ത് എത്തിയിരുന്നു. കഴിഞ്ഞ ദിവസം മൂന്നാർ – ദേവികുളം റോഡിലും കാട്ടുപോത്ത് പ്രത്യക്ഷപ്പെട്ടിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി മൂന്നാർ ടൗണിലെ വന്യ ജീവി സാന്നിധ്യം വലിയ രീതിയിലാണ് ജനങ്ങളിൽ ഭീതി പടർത്തുന്നത്. ദിവസങ്ങൾക്കു മുമ്പ് മൂന്നാർ ആർ. ഒ ജംഗ്ഷനിൽ എസ്.ബി.ഐ ബാങ്ക് കെട്ടിടത്തിനു സമീപം കാട്ടാന ഇറങ്ങിയിരുന്നു.

ഒറ്റക്കൊമ്പൻ എന്ന് വിളിപ്പേരുള്ള കാട്ടാനയാണ് ഇറങ്ങിയത്. മൂന്നാർ എസ്ബിഐ ബാങ്കിന് സമീപം എത്തിയ ആന നിർത്തിയിട്ടിരുന്ന കാർ തകർത്തു. വിനോദസഞ്ചാരികൾ ചായ കുടിച്ചു നിൽക്കുമ്പോഴായിരുന്നു ആനയുടെ വരവ്. നാട്ടുകാർ ബഹളം വച്ചതോടെ ആന പിന്തിരിഞ്ഞോടി. പിന്നീട് വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി ആനയെ കാടുകയറ്റി. മൂന്നാർ ടൗണിൽ വന്യ ജീവി സാന്നിധ്യം കടുത്ത ഭീഷണി ഉയർത്തുന്ന സാഹചര്യത്തിലും ആവശ്യമായ നടപടികൾ സ്വീകരിക്കാത്തതിന് വനം വകുപ്പിന് എതിരെ ശക്തമായ പ്രതിഷേധവും ഉയരുന്നുണ്ട്.

Related posts

വണ്ടിപ്പെരിയാർ കേസ്; വിധിക്കെതിരെ അപ്പീൽ നൽകാനുള്ള കത്ത് നാളെ കൈമാറും

Aswathi Kottiyoor

വളാഞ്ചേരിയിൽ ബസ് മരത്തിലിടിച്ച് 15 ഓളം പേർക്ക് പരിക്ക്

Aswathi Kottiyoor

മലക്കപ്പാറയിൽ വീണ്ടും കാട്ടാന ആക്രമണം; കാലിന് ഗുരുതര പരിക്കേറ്റ യുവാവ് ചികിത്സയില്‍

Aswathi Kottiyoor
WordPress Image Lightbox