26.8 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • തോക്കും ലാത്തിയുമായി പൊലീസ്, അമ്പും വില്ലും വടികളുമായി സമരക്കാർ, മുത്തങ്ങയിലെ നരനായാട്ടിന് 21 വയസ്.
Uncategorized

തോക്കും ലാത്തിയുമായി പൊലീസ്, അമ്പും വില്ലും വടികളുമായി സമരക്കാർ, മുത്തങ്ങയിലെ നരനായാട്ടിന് 21 വയസ്.

സുല്‍ത്താന്‍ ബത്തേരി: ഒരു തുണ്ട് ഭൂമിക്കായി ആദിവാസി ഗോത്രങ്ങള്‍ സംഘടിച്ച സമാനതകളില്ലാത്ത മുത്തങ്ങയിലെ സമരത്തിന് 21 വയസ്. സമരവും അതിനെ തുടര്‍ന്നുണ്ടായ പൊലീസ് നരനായാട്ടുമെല്ലാം ചരിത്രത്തിലിടം നേടി. എന്നാല്‍ സമരം നടന്ന് രണ്ട് ദശാബ്ദം പിന്നിടുമ്പോഴും വയനാട്ടില്‍ ഇനിയും ഭൂസമരങ്ങള്‍ അവസാനിച്ചിട്ടില്ല. 2003 ഫെബ്രുവരി 19-നായിരുന്നു മുത്തങ്ങയില്‍ കേരളം അന്നേവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള സമരത്തിന് സാക്ഷ്യം വഹിച്ചത്. 2002 ഡിസംബറിലാണ് ഗോത്രമഹാസഭ നേതാക്കളായ എം. ഗീതാനന്ദന്‍, സി.കെ. ജാനു, അശോകന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പ്രധാനമായും പണിയ, അടിയ, കാട്ടുനായ്ക്ക ഗോത്രങ്ങളിലുള്‍പ്പെട്ടവര്‍ വയനാട് വന്യജീവിസങ്കേതത്തില്‍ പ്രവേശിച്ച് ഭൂസമരം തുടങ്ങിയത്.

825-ഓളം കുടുംബങ്ങളാണ് ഐതിഹാസിക സമരത്തില്‍ പങ്കെടുത്തത്. ഭൂരഹിതരായി ജീവിക്കേണ്ടി വരികയും എന്നാല്‍ അര്‍ഹതപ്പെട്ട ഭൂമി വന്‍കിട തോട്ടം ഉടമകളും മറ്റും വൈവശം വെക്കുന്നതുമൊക്കെ ചൂണ്ടിക്കാട്ടിയായിരുന്നു ഗോത്രസമൂഹത്തിന്റെ സമരം. ഒരടിപോലും പിന്നോട്ടില്ലാതെ ശക്തമായ പ്രതിഷേധം തുടരവെ വനഭൂമിയില്‍ നിന്ന് പുറത്തുപോകണമെന്ന് അധികൃതര്‍ സമരക്കാരെ അറിയിച്ചെങ്കിലും ജാനുവും ഗാതാനന്ദനുമടക്കമുള്ള നേതാക്കള്‍ പോലീസ് നിര്‍ദ്ദേശം നിരാകരിച്ചു. പോരാട്ടത്തില്‍നിന്ന് ഒരിഞ്ചുപോലും പുറകോട്ടുപോകാന്‍ സമരക്കാര്‍ തയ്യാറായില്ല. തുടര്‍ന്ന് 2003 ഫെബ്രുവരി 19-ന് രാവിലെ എട്ട് മണിയോടെ പൊലീസും വനപാലകരും സമരഭൂമി വളഞ്ഞു.

വയനാടോ കേരളമോ അന്ന് വരെ കണ്ടിട്ടില്ലാത്ത വലിയ അതിക്രമങ്ങളാണ് സമരഭൂമിയില്‍ പൊലീസ് നടത്തിയത്. ആദിവാസികളെ ആക്രമിക്കാന്‍ വലിയൊരു വിഭാഗം പ്രദേശവാസികളുടെയും രാഷ്ട്രീയ നേതാക്കളുടെയുമൊക്കെ പിന്തുണ പൊലീസിന് ലഭിച്ചതോടെ കുടിലുകളടക്കം പൊളിച്ചുനീക്കാന്‍ തുടങ്ങി. പൊലീസ് അതിക്രമം അതിരുവിട്ടതോടെ അമ്പും വില്ലും വടികളുമായി

ചെറുത്തുനില്‍പ്പിനായി സമരക്കാരും ശ്രമം തുടങ്ങി. ആദിവാസികളെ തോക്കും ലാത്തിയുമായി പൊലീസ് സേന നേരിട്ടു. മൃഗീയ നരനായാട്ടായിരുന്നു പിന്നീട് നടന്നത്. പൊലീസിന്റെ വെടിവെപ്പില്‍ ജോഗി എന്ന ആദിവാസി യുവാവ് കൊല്ലപ്പെട്ടു. സമരക്കാര്‍ ബന്ദിയാക്കിയ പൊലീസുദ്യോഗസ്ഥന്‍ വിനോദും സംഘര്‍ഷത്തിനിടയില്‍ കൊല്ലപ്പെട്ടു. സമരത്തിന്റെ ഭാഗമായി കെട്ടിയുയര്‍ത്തിയ കുടിലുകളും അതിനുള്ളിലെ ഭക്ഷണസാധനങ്ങളും പാത്രങ്ങളുമെല്ലാം പൊലീസും വനപാലകരും അഗ്‌നിക്കിരയാക്കി.

ഒളിവില്‍പോയ നേതാക്കള്‍ക്കായി പൊലീസ് ആദിവാസി ഊരുകള്‍ അരിച്ചുപെറുക്കി. രണ്ടുദിവസങ്ങള്‍ക്ക് ശേഷം എം. ഗീതാനന്ദനും സി.കെ. ജാനുവും പൊലീസ് പിടിയിലായി. അതിക്രൂരമായ മര്‍ദനമാണ് ഇരുവരും പൊലീസ് കസ്റ്റഡിയില്‍ നേരിട്ടത്. എങ്കില്‍പോലും മുത്തങ്ങസമരം ആദിവാസികള്‍ക്ക് തങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടാന്‍ വലിയ പ്രചോദനം നല്‍കിയ സംഭവമായിരുന്നു. അതേസമയം 21 വര്‍ഷം പിന്നിടുമ്പോഴും ജില്ലയിലെ ആദിവാസി ഭൂമിപ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാന്‍ സര്‍ക്കാരുകള്‍ ആരും ഇതുവരെ ശ്രമിച്ചിട്ടില്ല. പുല്‍പ്പള്ളിക്കടുത്ത ഇരുളത്തും പൂതാടി പഞ്ചായത്തിലുള്‍പ്പെട്ട മരിയനാടുമെല്ലാം നൂറുകണക്കിന് ഗോത്രകുടുംബങ്ങളും ഇന്നും കുടില്‍കെട്ടി സമരം തുടരുകയാണ്.

തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ വയനാട്ടിലെ ഭൂപ്രശ്‌നം പരിഹരിക്കുമെന്നും സമരങ്ങള്‍ തീര്‍പ്പാക്കുമെന്നും എല്‍.ഡി.എഫ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ആദിവാസികള്‍ കൂടുതല്‍ ഭൂരഹിതരായി മാറുന്ന കാഴ്ചയാണ് ജില്ലയിലെങ്ങുമുള്ളത്. 10 സെന്റ് ഭൂമിയില്‍ 11 വീടുകള്‍ പോലുമുള്ള കോളനികള്‍ വയനാട്ടിലുണ്ട്. ഇതിനെല്ലാം പുറമെ വനഗ്രാമങ്ങളില്‍ കഴിയുന്ന ഗോത്ര കുടുംബങ്ങള്‍ കൂടുതല്‍ അരക്ഷിത അവസ്ഥയിലേക്ക് എടുത്തെറിയപ്പെട്ടുവെന്നതും വസ്തുതയാണ്.

Related posts

‘ഇനി കറങ്ങാൻ പോകരുത്, നേരത്തേയും വാണിംഗ് തന്നതാണ്’; യോഗത്തിനിടെ പരാതി പരിശോധിക്കാനിറങ്ങിയ ഉദ്യോഗസ്ഥനെ ശാസിച്ച് ഗണേഷ് കുമാര്‍

Aswathi Kottiyoor

ഭാര്യയെ ഒരു നോക്ക് കാണാനാകാതെ വിട, നമ്പി രാജേഷിന് യാത്രാമൊഴിയേകി കുടുംബം

Aswathi Kottiyoor

റബ്ബർ ടാപ്പിംഗിന് പോയ കർഷകനെ മാൻ കൂട്ടം ഇടിച്ചു വീഴ്ത്തി.

Aswathi Kottiyoor
WordPress Image Lightbox