വലത് ഭാഗത്തെ കൈകാലുകള്‍ക്ക് തളർച്ച നേരിട്ട രീതിയിലാണ് മിഥുനെ ആശുപത്രിയിൽ എത്തിച്ചതെന്ന് പ്രസ്താവനയിൽ പറയുന്നു. നിലവിൽ ആവശ്യമായ ചികിൽസ നൽകുന്നുണ്ടെന്നും. അദ്ദേഹം ഡോക്ടർമാരുടെ സംഘത്തിൻ്റെ നിരീക്ഷണത്തിലാണ്.
ദേശീയ അവാർഡ് ജേതാവായ നടൻ ശ്രീ മിഥുൻ ചക്രബര്‍ത്തിയെ (73) കൊൽക്കത്തയിലെ അപ്പോളോ മൾട്ടിസ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിലെ എമർജൻസി ഡിപ്പാർട്ട്‌മെൻ്റിൽ ശനിയാഴ്ച രാവിലെ 9.40 ഓടെ വലത് മുകളിലും താഴെയുമുള്ള കൈകാലുകൾക്ക് ബലക്കുറവുണ്ടെന്ന പരാതിയുമായി കൊണ്ടുവന്നത്.
ആവശ്യമായ പരിശോധനകളും മസ്തിഷ്കത്തിൻ്റെ എംആർഐ ഉൾപ്പെടെയുള്ള റേഡിയോളജി പരിശോധനകളും നടത്തി.മസ്തിഷ്കത്തിന് ഒരു അസ്കിമിക് സെറിബ്രോവാസ്കുലർ ആക്സിഡൻ്റ് (സ്ട്രോക്ക്) സംഭവിച്ചതായി കണ്ടെത്തി.ഇപ്പോൾ, അദ്ദേഹം പൂർണ്ണ ബോധത്തില്‍ തന്നെയാണ് ഉള്ളത്.ഭക്ഷണത്തോടും മരുന്നിനോടും പ്രതികരിക്കുന്നുണ്ട്.കൂടുതല്‍ നിരീക്ഷണം ആവശ്യമാണ്. ഒരു ന്യൂറോ ഫിസിഷ്യൻ, കാർഡിയോളജിസ്റ്റ്, ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് എന്നിവരുൾപ്പെടെയുള്ള ഡോക്ടർമാരുടെ ഒരു സംഘമാണ് അദ്ദേഹത്തെ നോക്കുന്നത് – ആശുപത്രി പത്ര കുറിപ്പില്‍ പറയുന്നു.
1976 മുതൽ ഇന്ത്യന്‍ ചലച്ചിത്രമേഖലയില്‍ സജീവമാണ് മിഥുന്‍ ചക്രബര്‍ത്തി.ദേശീയ അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.കഴിഞ്ഞ ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് മിഥുന്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. അമിത് ഷാ വീട്ടിലെത്തി സന്ദര്‍ശിച്ചതിന് പിന്നാലെയാണ് മിഥുന്‍ ചക്രബര്‍ത്തി ബിജെപിയില്‍ ചേര്‍ന്നത്.
നിരവധി സൂപ്പർ ഹിറ്റ് സിനിമകൾ ഇദ്ദേഹത്തിന്‍റെതായി ഉണ്ടെങ്കിലും ഡിസ്കോ ഡാൻസർ, ജംഗ്, പ്രേം പ്രതിഗ്യ, പ്യാർ ജുക്താ നഹിൻ, മർദ് തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് മിഥുൻ ചക്രബർത്തി അറിയപ്പെടുന്നത്. ഈ വർഷത്തെ പത്മഭൂഷൺ പുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തിയിരുന്നു.