23.2 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • ടെൻഡര്‍ നടപടികളിലേക്ക് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്: രണ്ടാം ഘട്ടം രണ്ട് വര്‍ഷത്തിൽ പൂര്‍ത്തിയാക്കാൻ ശ്രമം
Uncategorized

ടെൻഡര്‍ നടപടികളിലേക്ക് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്: രണ്ടാം ഘട്ടം രണ്ട് വര്‍ഷത്തിൽ പൂര്‍ത്തിയാക്കാൻ ശ്രമം

കൊച്ചി: ടെൻഡർ നടപടികൾ വേഗത്തിലാക്കി രണ്ടു വർഷത്തിനുള്ളിൽ കൊച്ചി മെട്രോ രണ്ടാം ഘട്ട നിർമാണം പൂർത്തിയാക്കാൻ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്. കലൂർ മുതൽ ഇൻഫോപാർക് വരെ ഉള്ള പാതയുടെ മുന്നൊരുക്ക പ്രവർത്തനങ്ങൾ ഇടവേളക്ക് ശേഷം വീണ്ടും സജീവമായി. ഇതിനിടെ ചെമ്പുമുക്ക് സ്റ്റേഷൻ സ്ഥലമേറ്റെടുപ്പിൽ വ്യക്തത വേണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ രംഗത്തെത്തി. ആദ്യഘട്ടത്തിൽ സ്റ്റേഷനുകളുടെ എണ്ണം കുറച്ചും ഗോ ലൈറ്റ് മാതൃകയിലും സ്റ്റേഷൻ നിർമ്മിക്കണമെന്നാണ്‌ ഉയരുന്ന നിർദേശം.

സംസ്ഥാന ബജറ്റിൽ മെട്രോ രണ്ടാം ഘട്ടം പിങ്ക് ലൈനിനായി അനുവദിച്ചത് 239 കോടി രൂപയാണ്. റോഡ് വീതികൂട്ടലും സ്റ്റേഷനുകളുടെ എൻട്രി എക്സിറ്റ് പോയിന്‍റുകളുടെ പൈലിംഗ് ജോലികളും ടെൻഡർ നടപടികളും തുടരുകയാണ്. കലൂർ മുതൽ പാലാരിവട്ടം വരെയുള്ള സ്ഥലമേറ്റെടുപ്പിനും വേഗം കൂടി. മെട്രോ റെയിൽ പ്രധാന നിർമ്മാണത്തിന്‍റെ ടെണ്ടർ നടപടികൾക്കും തുടക്കമായി. 11.2 കിലോമീറ്ററിൽ 11 സ്റ്റേഷനുകളാണ് രണ്ടാം ഘട്ടത്തിൽ ഉണ്ടാവുക. ചെമ്പുമുക്ക്, പടമുഗൾ സ്റ്റേഷൻ സ്ഥലമേറ്റെടുപ്പിലാണ് ആശയക്കുഴപ്പം. അടുത്തിടെ പുതുക്കിപണിത സെന്‍റ് മൈക്കിൾസ് പള്ളിയുടെ മുറ്റത്തോട് ചേർന്നാണ് നിർദ്ദിഷ്ട സ്റ്റേഷൻ. എന്നാൽ ഈ സ്ഥലം ഏറ്റെടുത്താൽ പള്ളിക്കെട്ടിടത്തിന്‍റെ ഫയർ എൻഒസി അടക്കം നഷ്ടമാകുന്ന സാഹചര്യം ഉയർത്തിയാണ് പ്രദേശവാസികളുടെ എതിർപ്പ്. സ്റ്റേഷന് വേണ്ടി പള്ളിയുടെ തൊട്ടടുത്തുള്ള കെട്ടിടവും വീടുകളും വിട്ട് നൽകാൻ ഉടമകൾ തയ്യാറെങ്കിലും ഈ നിർദ്ദേശത്തോട് കെഎംആര്‍എൽ പ്രതികരിക്കുന്നില്ലെന്നാണ് പരാതി.

ആദ്യഘട്ടത്തിൽ സ്റ്റേഷനുകളുടെ എണ്ണം കുറയ്ക്കുന്നത് കെഎംആർഎൽ പരിഗണിക്കണമെന്നാണ് ഉയരുന്ന മറ്റൊരു നിർദ്ദേശം. ചിലവ് കുറച്ച് വേഗത്തിൽ നിർമ്മാണം പൂർത്തിയാക്കാമെന്നതാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. ഗോ ലൈറ്റ് മാതൃകയിൽ സ്റ്റേഷൻ നിർമ്മാണം പരിഗണിക്കുന്നതായി കെഎംആർഎൽ നേരത്തെ വ്യക്തമാക്കിയിരുന്നു. ഒന്നാം ഘട്ട സ്റ്റേഷനുകളുടെ വാണിജ്യ ഉപയോഗം എത്ര ഫലം കണ്ടു എന്ന് വിലയിരുത്തിയാകണം രൂപരേഖ അന്തിമമാക്കേണ്ടത്. അതിന് ശേഷമേ വിദേശവായ്പ ലഭ്യമാക്കാനാവൂ.

Related posts

വയനാട്ടിലെ മാവോയിസ്റ്റ് ആക്രമണം: പോലീസ് 20 മാവോയിസ്റ്റുകളുടെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു

Aswathi Kottiyoor

രാഷ്ട്രപതിക്കായി ഗവർണർ വിരുന്ന് നടത്തി

Aswathi Kottiyoor

കാലാവസ്ഥാ വിഭാഗം അറിയിപ്പ്, അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടും; രാത്രിയോടെ മഴ ശക്തമാകും; ഓറഞ്ച് അല‍ര്‍ട്ട്

Aswathi Kottiyoor
WordPress Image Lightbox