കോഴിക്കോട്: തെരുവ് നായകളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുമ്പോഴും കോഴിക്കോട് ജില്ലയില്‍ കൂടുതല്‍ വന്ധ്യംകരണ കേന്ദ്രങ്ങള്‍(എ.ബി.സി സെന്റര്‍) ആരംഭിക്കുമെന്ന ജില്ലാപഞ്ചായത്തിന്റെ പ്രഖ്യാപനം അനന്തമായി നീളുന്നു. നിലവില്‍ കോര്‍പറേഷന്‍ പരിധിയിലും ജില്ലാ പഞ്ചായത്തിന്റെ സെന്ററായ പനങ്ങാട് പഞ്ചായത്തിലേതുമടക്കം രണ്ട് എ.ബി.സി സെന്ററുകളാണ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്. ഈ രണ്ട് സെന്ററുകളിലുമായി ശരാശരി 25ല്‍ താഴെ നായകളെയാണ് ഒരു ദിവസം ശസ്ത്രക്രിയക്ക് വിധേയമാക്കുന്നത്. തെരുവ് നായകളുടെ പ്രജനനം കാര്യക്ഷമമായി നിയന്ത്രിക്കണമെങ്കില്‍ ഈ എണ്ണം അപര്യാപ്തമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.
ഒരു തെരുവ് നായയെ പിടികൂടി ശസ്ത്രക്രിയ നടത്തി ആരോഗ്യം ഉറപ്പുവരുത്തി പ്രതിരോധ മരുന്നുകള്‍ നല്‍കിയ ശേഷമാണ് തിരികേ വിടുന്നത്. ഇതിനായി ആയിരക്കണക്കിന് രൂപയുടെ ചെലവ് വഹിക്കേണ്ടി വരും. കെട്ടിടവും ജീവനക്കാരുടെ ശമ്പളവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഉള്‍പ്പെടെ ലക്ഷക്കണക്കിന് രൂപയാണ് ഓരോ മാസവും ഇതിനായി ചെലവഴിക്കേണ്ടി വരിക. പ്രതിസന്ധികള്‍ ഏറെയുണ്ടെങ്കിലും തെരുവ് നായ ശല്യം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കൂടുതല്‍ എ.ബി.സി സെന്ററുകള്‍ യാഥാര്‍ത്ഥ്യമാകുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് നാട്ടുകാരുള്ളത്.