• Home
  • Uncategorized
  • ഉപഗ്രഹചിത്രങ്ങളിലില്ലെന്ന പേരിൽ ഇടിച്ചുനിരത്തപ്പെട്ടത് 500ലേറെ വീടുകൾ, കൊടുംതണുപ്പിൽ കിടപ്പാടമില്ലാതെ ഇവർ
Uncategorized

ഉപഗ്രഹചിത്രങ്ങളിലില്ലെന്ന പേരിൽ ഇടിച്ചുനിരത്തപ്പെട്ടത് 500ലേറെ വീടുകൾ, കൊടുംതണുപ്പിൽ കിടപ്പാടമില്ലാതെ ഇവർ

ദില്ലി: കൊടുംതണുപ്പിൽ സ്വന്തമായുളളതെല്ലാം ഉപേക്ഷിച്ച് തെരുവിലേക്ക് ഇറങ്ങേണ്ടി വന്ന മനുഷ്യരുണ്ട് ദില്ലിയിൽ. സർക്കാരിന്റെ ഉപഗ്രഹചിത്രങ്ങളിലില്ലെന്ന പേരിൽ ബുൾഡോസറുകൾ ഇടിച്ചുനിരത്തിയ വീടുകളിൽ കഴിഞ്ഞവർ. പുനരധിവസിപ്പിക്കാതെ ശൈത്യകാലത്ത് കുടിയിറക്കപ്പെടരുതെന്ന സുപ്രിംകോടതി നിർദേശം നിലനിൽക്കുമ്പോഴും പുറംതളളപ്പെട്ട മനുഷ്യരാണിവര്‍.

‘ബുള്‍ഡോസറുമായി അവര്‍ വന്നു, ഞങ്ങള്‍ ഒരുപാട് കരഞ്ഞു’- രഞ്ജു എന്ന കുട്ടി പറഞ്ഞു. ഭൂപടത്തിലില്ലാത്തതിന്റെ പേരിൽ കുടിയിറക്കപ്പെട്ട കുടുംബങ്ങളിലൊന്നാണ് രഞ്ജുവിന്റേത്, ഡിസംബറിലെ തണുത്തുറഞ്ഞൊരു വൈകുന്നേരം കുഞ്ഞു കൈയ്യിൽ പുസ്കങ്ങള്‍ മാത്രമെടുത്ത് പുറത്തിറങ്ങിയതാണ്. പിന്നാലെ പൊലീസുകാരുടെ അകമ്പടിയോടെ ബുള്‍ഡോസറുകളെത്തി. സ്വന്തമെന്ന് കരുതിയ വീട് ബുള്‍ഡോസർ കൈകളിലമർന്നു. ദില്ലി – മഥുര റോഡിനോട് ചേർന്ന വളപ്പിലെ അഞ്ഞൂറിലധികം വീടുകളിന്ന് ഇഷ്ടിക കൂമ്പാരങ്ങളാണ്.

ദില്ലി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍റെ പക്കലുള്ള ഉപഗ്രഹ ചിത്രങ്ങളില്‍ 2006ന് മുന്‍പ് ഈ മനുഷ്യര്‍ ഇവിടെ വസിച്ചിരുന്നില്ല എന്ന വിചിത്രവാദമാണ് അധികാരികള്‍ ഉന്നയിക്കുന്നത്. പൊളിച്ചുമാറ്റുന്നതിന്റെ രണ്ടു ദിവസം മുൻപാണ് പലർക്കും ഒഴിഞ്ഞു പോകാനുളള നോട്ടീസ് ലഭിച്ചത്. രേഖകളുളളവരും ഇല്ലാത്തവരുമുണ്ട്, പുനരധിവാസത്തിനായി സർക്കാരിൽ പലകുറി അപേക്ഷിച്ചപ്പോഴും നിരാശയായിരുന്നു ഫലം. ശൈത്യകാലത്ത് ഒരു മനുഷ്യനെ പോലും കുടിയൊഴിപ്പിക്കരുതെന്ന സുപ്രിംകോടതി നിർദേശം നിലനിൽക്കെയായിരുന്നു ഇടിച്ചു നിരത്തൽ. എങ്ങോട്ട് പോകണമെന്നറിയാത്ത മനുഷ്യരാണ് ചുറ്റും.

‘ഞങ്ങളെ കേള്‍ക്കാന്‍ ആരുമില്ല. നിങ്ങള്‍ പറയൂ ഞങ്ങള്‍ എങ്ങോട്ട് പോകണ’മെന്ന് കണ്ണീരോടെ ഒരുകൂട്ടം മനുഷ്യര്‍. പേരറിയാത്ത മരം നൽകിയ തണലിൽ ജീവിതം തളളിനീക്കുകയാണ് സിതാരയുടെ കുടുംബം. ദാരിദ്രവും രോഗങ്ങളും മാത്രമായിരുന്നു കൂട്ട്. ഇന്ന് കൊടും തണുപ്പിനോടും പോരാടിക്കണം,മലിനീകരണ തോത് കുറഞ്ഞതോടെ കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റാൻ ലഭിച്ച ഇളവ് മറയാക്കിയാണ് കുടിയൊഴിപ്പിക്കൽ. അനധികൃത കുടിയേറ്റക്കാർക്കുളള മുന്നറിയിപ്പാണിതെന്നും അധികൃതർ ആവർത്തിക്കുന്നു. അപ്പോഴും സർക്കാരിന്റെ കണക്കുപുസ്തകങ്ങളിൽ പെട്ട് കുടിയിറക്കപ്പെട്ടവരുണ്ട് നിസാമുദ്ദീനിൽ, മെഹ്റോളിയിൽ, ആയ നഗറിൽ. ഒരു ശൈത്യകാലം കൂടി എങ്ങനെ താണ്ടുമെന്നറിയാത്തവർ.

Related posts

വി ഡി സതീശന്‍ 150 കോടി കോഴ വാങ്ങിയെന്ന ആരോപണം; ഹർജിയില്‍ ശനിയാഴ്ച വിധി പറയും

Aswathi Kottiyoor

സൂചികകളില്‍ നേട്ടത്തോടെ തുടക്കം: നിഫ്റ്റി 17,450 കടന്നു.*

Aswathi Kottiyoor

അഴിമതിയുടെ കട സുരക്ഷിതമാക്കാന്‍ കോണ്‍ഗ്രസും സിപിഐഎമ്മും ഒന്നിച്ചു; നരേന്ദ്രമോദി

Aswathi Kottiyoor
WordPress Image Lightbox