എട്ട് കോച്ചുകളുള്ള വന്ദേഭാരതിന് ഉഡുപ്പി, കാര്‍വാര്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പുകളുണ്ട്. മംഗളൂരുവില്‍ നിന്ന് രാവിലെ 8.30ന് സര്‍വീസ് തുടങ്ങി 1.15ന് ഗോവയിലെത്തും. തിരിച്ച് ഗോവയില്‍ നിന്ന് വൈകിട്ട് 6.10ന് തുടങ്ങി രാത്രി 10.45ന് മംഗളൂരുവിലെത്തുന്ന രീതിയിലാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നതെന്ന് റെയില്‍വെ അറിയിച്ചു.
അതേസമയം, പൊങ്കല്‍ തിരക്കുകള്‍ പരിഗണിച്ച് ചെന്നൈ എഗ്മൂറിനും നാഗര്‍കോവിലിനും ഇടയില്‍ വന്ദേഭാരത് സ്‌പെഷ്യല്‍ സര്‍വീസ് നടത്തുമെന്ന് റെയില്‍വെ അറിയിച്ചു. ജനുവരി നാല്, 11, 18, 25 തീയതികളില്‍ എഗ്മൂറില്‍ നിന്നു പുലര്‍ച്ചെ 5.15ന് സര്‍വീസ് ആരംഭിക്കുന്ന ട്രെയിന്‍ ഉച്ചയ്ക്ക് 2.10ന് നാഗര്‍കോവില്‍ എത്തും. തിരിച്ചുള്ള സര്‍വീസ് ഇതേ ദിവസങ്ങളില്‍ ഉച്ചയ്ക്ക് 2.50ന് നാഗര്‍കോവിലില്‍ നിന്നു പുറപ്പെട്ട് രാത്രി 11.45ന് എഗ്മൂറില്‍ എത്തും. താംബരം, വിഴുപുരം, തിരുച്ചിറപ്പള്ളി, ഡിണ്ടിഗല്‍, മധുര, വിരുദുനഗര്‍, തിരുനെല്‍വേലി എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകുമെന്ന് റെയില്‍വെ അറിയിച്ചു. ഏഴ് ചെയര്‍കാറുകളും ഒരു എക്‌സിക്യൂട്ടീവ് ചെയര്‍ കാറും ട്രെയിനിലുണ്ടാകും. ടിക്കറ്റ് റിസര്‍വേഷന്‍ ആരംഭിച്ചെന്നും റെയില്‍വെ വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു.