• Home
  • Uncategorized
  • വര്‍ഷം 18 സിനിമകള്‍ വരെ! ചെറിയ ബജറ്റില്‍ വന്‍ വിജയങ്ങള്‍; ഒരു കാലത്ത് കോളിവുഡിലെ ഭരിച്ച ‘ക്യാപ്റ്റന്‍’
Uncategorized

വര്‍ഷം 18 സിനിമകള്‍ വരെ! ചെറിയ ബജറ്റില്‍ വന്‍ വിജയങ്ങള്‍; ഒരു കാലത്ത് കോളിവുഡിലെ ഭരിച്ച ‘ക്യാപ്റ്റന്‍’

തിരശ്ശീലയിലും അതിന് പുറത്തും തമിഴകം ക്യാപ്റ്റന്‍ എന്ന് അറിഞ്ഞു വിളിച്ചതാണ് വിജയകാന്തിനെ. അഴിമതിക്കെതിരെ, സത്യത്തിന് വേണ്ടി നിലകൊള്ളുന്ന, ക്ഷോഭിക്കുന്ന യുവത്വത്തിന്‍റെ പ്രതീകമായിരുന്നു ഒരുകാലത്ത് തമിഴ് സിനിമയില്‍ വിജയകാന്തെങ്കില്‍ നിര്‍മ്മാതാക്കളെ സംബന്ധിച്ച് മറ്റ് താരങ്ങളില്‍ നിന്ന് അദ്ദേഹത്തെ വേര്‍തിരിച്ച് നിര്‍ത്തുന്ന ഘടകങ്ങള്‍ ഉണ്ടായിരുന്നു. വിജയത്തിന്‍റെ നിറുകയില്‍‌ നില്‍ക്കുമ്പോഴും ഒരു സിനിമയുടെ വിജയത്തിനുവേണ്ടി എത്ര അധ്വാനിക്കാനുമുള്ള സന്നദ്ധതയായിരുന്നു അതില്‍ പ്രധാനം. തിരക്കുള്ള കാലത്ത് ഒരേ ദിവസം തുടര്‍ച്ചയായി പല ഷിഫ്റ്റുകളില്‍ അഭിനയിച്ചിട്ടുണ്ട് അദ്ദേഹം.

പല തമിഴ് സൂപ്പര്‍താരങ്ങളുടേതുംപോലെ സോഷ്യല്‍‌ ഡ്രാമകളായിരുന്നു വിജയകാന്തിന്‍റെ ഭൂരിഭാഗം ചിത്രങ്ങളും. ഗ്രാമീണ പശ്ചാത്തലത്തില്‍ നാടിന്‍റെ നന്മയ്ക്കുവേണ്ടി നിലകൊള്ളുന്ന വിജയകാന്തിന്‍റെ നായകനെ തമിഴകം വേഗത്തില്‍ ഏറ്റെടുത്തു. പൊലീസ് ഓഫീസറായി 20 ചിത്രങ്ങള്‍ക്കുമേല്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ക്യാപ്റ്റന്‍ എന്നതിന് പുറമെ പുരട്ചി കലൈഞ്ജര്‍ (വിപ്ലവകാരിയായ കലാകാരന്‍) എന്നും അവര്‍ അദ്ദേഹത്തെ വിളിച്ചു. വലിയ പ്രശസ്തിയില്‍ നിന്നിട്ടും മറ്റു ഭാഷകളില്‍ അഭിനയിച്ചിട്ടില്ലാത്ത അപൂര്‍വ്വം തമിഴ് താരങ്ങളില്‍ ഒരാളുമാണ് വിജയകാന്ത്.

നിര്‍മ്മാതാക്കളെ സംബന്ധിച്ച് കീശ ചോരാതെ ലാഭം തേടാനുള്ള സാധ്യതയായിരുന്നു വിജയകാന്ത്. ലോ ബജറ്റിലാണ് അദ്ദേഹത്തിന്‍റെ ആദ്യകാല ചിത്രങ്ങളില്‍ പലതും ഒരുങ്ങിയത്. എണ്‍പതുകളുടെ തുടക്കത്തിലാണ് കരിയറില്‍ ഏറ്റവും തിരക്കുള്ള അവസ്ഥയിലേക്ക് അദ്ദേഹം എത്തിയത്. 1984 ല്‍ മാത്രം 18 സിനിമകളാണ് അദ്ദേഹത്തിന്‍റേതായി പുറത്തെത്തിയത്. ഡേറ്റ് കൃത്യമായി പാലിക്കാന്‍ അക്കാലത്ത് ദിവസം മൂന്ന് ഷിഫ്റ്റില്‍ വരെ തുടര്‍ച്ചയായി അദ്ദേഹം അഭിനയിച്ചു. നിര്‍മ്മാതാക്കളോട് എപ്പോഴും അനുഭാവപൂര്‍ണ്ണമായ സമീപനം പുലര്‍ത്തിയ വിജയകാന്ത് പലപ്പോഴും പ്രതിഫലത്തിന്‍റെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്തു.

നാട്ടുകാര്‍ക്കുവേണ്ടി നിലകൊള്ളുന്ന, പഞ്ച് ഡയലോഗുകള്‍ പറയുന്ന, വില്ലന്മാരെ ഒറ്റയ്ക്ക് ഇടിച്ചിടുന്ന നായകന്മാരെയാണ് വിജയകാന്ത് തുടക്കത്തില്‍ അവതരിപ്പിച്ചതെങ്കിലും കരിയര്‍ മുന്നോട്ട് നീങ്ങവെ അദ്ദേഹത്തിന്‍റെ കഥാപാത്രങ്ങളിലും മാറ്റങ്ങള്‍ ഉണ്ടായി. അതിന് ഏറ്റവും വലിയ ഉദാഹരണമായിരുന്നു 1988 ല്‍ പുറത്തിറങ്ങിയ സെന്തൂര പൂവേ എന്ന ചിത്രം. പി ആര്‍ ദേവരാജിന്‍റെ സംവിധാനത്തില്‍ എത്തിയ ചിത്രത്തില്‍ ക്യാപ്റ്റന്‍ സൌന്ദരപാണ്ഡ്യന്‍ എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്. വിജയകാന്തിന് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരമാണ് ഈ ചിത്രത്തിലെ അഭിനയം സമ്മാനിച്ചത്. കരിയറിലെ 100-ാം ചിത്രം വന്‍ വിജയമാവുന്നത് കാണാന്‍ ഭാഗ്യം ലഭിച്ച താരം കൂടിയാണ് അദ്ദേഹം. ക്യാപ്റ്റന്‍ പ്രഭാകരന്‍ എന്ന ആ ചിത്രത്തിലൂടെയാണ് ക്യാപ്റ്റന്‍ എന്ന വിളിപ്പേര് അദ്ദേഹത്തിന് ലഭിച്ചത്. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട കരിയറില്‍ 150 ല്‍ ഏറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട് വിജയകാന്ത്. ഏതൊരു ജനപ്രിയ ചലച്ചിത്ര താരത്തെയും പോലെ ഓര്‍മ്മകളുടെ തിരശ്ശീലയില്‍ മരണമില്ല അദ്ദേഹത്തിനും.

Related posts

ചെലവ് 1.15 കോടി, നിർദേശങ്ങൾ 67; നടപ്പാക്കാൻ നടപടിയില്ല: സംപൂജ്യം സഭ!

Aswathi Kottiyoor

രണ്ട് ദിവസം 8 ജില്ലകളിൽ മഴ, ലക്ഷദ്വീപ് പ്രദേശത്ത് ശക്തമായ കാറ്റ്, 3 ജില്ലകളിൽ ഉഷ്ണതരംഗ സാധ്യതയെന്നും പ്രവചനം

Aswathi Kottiyoor

നാളെ പാർട്ടി പരിപാടിയിൽ പങ്കെടുക്കില്ല; ഹെലിപാഡിൽ രാഹുൽ ഗാന്ധിയെ സ്വീകരിക്കും; കെ മുരളീധരൻ

Aswathi Kottiyoor
WordPress Image Lightbox