കൊല്ലം നഗരത്തെ ലിങ്ക് റോഡിൽ വച്ച് കുട്ടിയും യുവതിയും നിന്ന് കൈ കാണിച്ചു. ഓട്ടോയിൽ കയറി യുവതി ആശ്രാമം മൈതാനത്തേക്ക് പോകണമെന്ന് ആവശ്യപ്പെട്ടു. കുട്ടി ക്ഷീണിതയായിരുന്നു. ആശ്രാമം മൈതാനത്ത് അശ്വതി ബാറിൻ്റെ മുന്നിൽ ഇവരെ ഇറക്കി. തിരികെവന്ന് 10 മിനിട്ടാവുമ്പോഴാണ് കുട്ടിയെ കിട്ടിയെന്ന വിവരം അറിഞ്ഞത്. ഈ സമയത്താണ് തട്ടിക്കൊണ്ടുപോകൽ തനിക്ക് ഓർമ വന്നത് എന്നും ഡ്രൈവർ പറഞ്ഞു. ഉടൻ പൊലീസിനെ വിവരമറിയിച്ചു.
സ്ത്രീ ധരിച്ചിരുന്നത് മഞ്ഞ നിറത്തിലുള്ള ചുരിദാർ ആയിരുന്നു എന്ന് ദൃക്സാക്ഷികളായ വിദ്യാർത്ഥിനികൾ പറഞ്ഞിരുന്നു. വെള്ള ഷോൾ തല ചുറ്റി ധരിച്ചിരുന്നു. മാസ്കും ധരിച്ചിരുന്നു. പൊക്കവും വണ്ണവുമുള്ള വെളുത്ത നിറമുള്ള സ്ത്രീയാണെന്നും ദൃക്സാക്ഷികൾ പറഞ്ഞു.
ഇന്നലെ വൈകീട്ട് 4.45നാണ് അബിഗേൽ സാറ റെജിയെന്ന ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോകുന്നത്. വെള്ള നിറത്തിലുള്ള കാറിലാണ് കുട്ടിയെ കയറ്റിക്കൊണ്ട് പോയത്. മൂത്ത മകൻ ജോനാഥനൊപ്പം ട്യൂഷന് പോകുമ്പോഴായിരുന്നു സംഭവം. തടയാൻ ശ്രമിച്ച തന്നെ വലിച്ചിഴച്ചതായി സഹോദരൻ ജോനാഥ് പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൂയപ്പള്ളി പൊലീസ് അന്വേഷണം തുടങ്ങി. ഒരു പേപ്പർ തന്ന് അമ്മയ്ക്ക് കൊടുക്കുമോ എന്ന് കാറിലുള്ളവർ പറഞ്ഞതായി സഹോദരൻ പറയുന്നു. പെൺകുട്ടിയെ കാറിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോവുകയായിരുന്നു. ആൺകുട്ടി തടുക്കാൻ ശ്രമിച്ചപ്പോൾ കാർ പെട്ടെന്ന് മുന്നോട്ടെടുക്കുകയും ആൺകുട്ടി താഴെ വീഴുകയുമായിരുന്നു.
പിന്നീട് കുട്ടിയുടെ അമ്മയെ വിളിച്ച് മോചനദ്രവ്യം ആവശ്യപ്പെടുകയായിരുന്നു. 5 ലക്ഷം രൂപ ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മയെ വിളിച്ചത് ഒരു സ്ത്രീയും പുരുഷനും ആണെന്നാണ് വിവരം. ഇവരുടെ വാഹനം കേന്ദ്രീകരിച്ച് കഴിഞ്ഞ 20 മണിക്കൂറായി അന്വേഷണം പുരോഗമിക്കവെയാണ് കുഞ്ഞിനെ എസ്.ഐ ഷബ്‌നം കണ്ടെത്തുന്നത്.