രാജ്യത്ത് ആദ്യമായി തൊഴിലുറപ്പുതൊഴിലാളികൾക്ക് ക്ഷേമനിധി ഏർപ്പെടുത്തിയ കേരളത്തിന്റെ പദ്ധതി കേന്ദ്ര ബിജെപി സർക്കാരിന്റെ പേരിലാക്കി സംഘപരിവാർ പ്രചാരണം.
മെയ് 15നു പാലക്കാട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്‌ത പദ്ധതിയാണ് തൊഴിലുറപ്പുപദ്ധതി തന്നെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന കേന്ദ്ര സർക്കാരിന്റെ പേരിലാക്കി സമൂഹമാധ്യമങ്ങളിൽ സംഘപരിവാർ പ്രചാരണം നടത്തുന്നത്. 60 തികഞ്ഞ തൊഴിലുറപ്പുതൊഴിലാളികൾക്ക് പെൻഷൻ, 20,000 രൂപവരെ കുടുംബത്തിന് മരണാനന്തരസഹായം. 10 വർഷം അംശാദായം അടച്ചയാൾ മരിച്ചാൽ കുടുംബ പെൻഷൻ, ജോലി ചെയ്യാൻ കഴിയാതെവന്നാൽ അടച്ച പണം പലിശ സഹിതവും, അവശതാ പെൻഷനും 7500 രൂപ പ്രസവ ആനുകൂല്യം, ചികിത്സാച്ചെലവായി 10,000 രൂപ വീതം
വനിതാ അംഗങ്ങളുടെയും പ്രായപൂർത്തിയായ മക്കളുടെയും വിവാഹച്ചെലവിന് 5000 രൂപ എന്നിവയാണ് സംസ്ഥാന സർക്കാർ രാജ്യത്ത് ആദ്യമായി തൊഴിലുറപ്പുതൊഴിലാളികൾക്ക് പ്രഖ്യാപിച്ചത്.
ഇതുസംബന്ധിച്ച് ഉദ്‌ഘാടനവാർത്തയടക്കം എല്ലാ മാധ്യമങ്ങളും പ്രസിദ്ധീകരിച്ചതുമാണ്. മാതൃഭൂമി പത്രത്തിൽ വന്ന വാർത്തയുടെ കൂടെ പ്രധാനമന്ത്രിയുടെ ചിത്രംകൂടി ചേർത്ത്, ഇതെല്ലാം കേന്ദ്ര സർക്കാർ കൊടുക്കുന്നതാണെന്ന വ്യാപക പ്രചാരണമാണ് സംഘപരിവാർ കേന്ദ്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ നടത്തിയത്.
‘‘സ്വന്തമായി ഒന്നും ചെയ്യുകയുമില്ല, വല്ലവരും ചെയ്യുന്നത് സ്വന്തം പേരിലാക്കുകയും ചെയ്യും. സ്വാതന്ത്ര്യസമരകാലംമുതൽ ഈ അടിച്ചുമാറ്റൽ നടന്നുകൊണ്ടിരിക്കുകയാണല്ലോ’’–- തദ്ദേശ മന്ത്രി എം ബി രാജേഷ് സംഘപരിവാറിന്റെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള പ്രചാരണത്തിനെതിരെ ഫെയ്‌സ്‌ബുക്കിൽ കുറിച്ചു.