തിരുവനന്തപുരം > വിഴിഞ്ഞം തുറമുഖത്തേക്ക് ആറ് യാർഡ് ക്രെയിനുമായി രണ്ടാമത്തെ ചൈനീസ് കപ്പൽ നവംബർ 15ന് എത്തും. ഒരാഴ്‌ച കഴിഞ്ഞാകും കപ്പൽ പുറപ്പെടുക. നേരിട്ട് വിഴിഞ്ഞത്തേക്കായിരിക്കും വരിക. ഏഴുകപ്പൽ കൂടി ഇതിനു പിന്നാലെ വരും. തുറമുഖനിർമാണത്തിന്റെ ആദ്യഘട്ടത്തിൽ 32 ക്രെയിനാണ് ചൈനയിൽനിന്ന് കൊണ്ടുവരിക. മൂന്നെണ്ണം ഷെൻഹുവ 15 കപ്പലിൽ 12 ന് എത്തിച്ചിരുന്നു. ഇവ ഇറക്കുന്നതിനുള്ള നടപടി തിങ്കളാഴ്‌ച ആരംഭിച്ചു.
കപ്പലിനെ ബലാസ്‌റ്റിങ്ങിലൂടെ വാർഫിന് സമാന്തരമായി താഴ്‌ത്തും. വാർഫിൽനിന്ന് ഒന്നരമീറ്ററോളം ഉയരത്തിലാണ് കപ്പലിന്റെ ഡെക്ക്. വാർഫിന് സമാനമായി എത്തുന്ന കപ്പലിലേക്ക് താൽക്കാലിക റെയിൽപ്പാളവുമുണ്ടാക്കും.അതുവഴിയാണ് ക്രെയിനുകൾ ഇറക്കുക. 24 ന് ശേഷമായിരിക്കും ഷെൻഹുവ 15 വിഴിഞ്ഞത്തുനിന്ന് മടങ്ങുക. അതിനിടെ മൂന്നു കമ്പനികൾ വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ തീരുമാനിച്ചു. സംസാര ഗ്രൂപ്പ് വിഴിഞ്ഞത്ത് ഓഫീസ് തുറക്കും. ലോജിസ്‌റ്റിക്‌സുമായി ബന്ധപ്പെട്ടുള്ളതാണ് മറ്റ് രണ്ട് കമ്പനികൾ.