മൂന്നാറിൽ കയ്യേറ്റമൊഴിപ്പിക്കാൻ എത്തുന്ന ദൗത്യ സംഘത്തെ കാത്തിരിക്കുന്നത് നിരവധി വെല്ലുവിളികളാണ്. ഹെക്ടർ കണക്കിന് സ്ഥലമാണ് ചില കമ്പനികളും സ്വകാര്യ വ്യക്തികളും കൈയേറിയിട്ടുള്ളത്. വനഭൂമി കയ്യേറി നിർമ്മിച്ച കെട്ടിടങ്ങളും ഇതിൽ ഉൾപ്പെടുന്നു. പലതും കോടതി കയറിയ കേസ് ആയതിനാൽ ഒഴിപ്പിക്കൽ അത്ര എളുപ്പമല്ല.ചിന്നക്കൽ, രാജകുമാരി, പൂപ്പാറ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്നതാണ് ആനയിറങ്കൽ ഡാമിൻ്റെ വൃഷ്ടിപ്രദേശം. കെഎസ്ഇബിയുടെ ഉടമസ്ഥതയിലുള്ള 44.72 ഏക്കർ സ്ഥലം ഇപ്പോൾ വൻകിട കമ്പനികളുടെ കൈവശമാണ്. ടാറ്റ ടി ലിമിറ്റഡ്, ഹാരിസൺ മലയാളം ഉൾപ്പെടെ 31 കക്ഷികളാണ് കെഎസ്ഇബിയുടെ ഭൂമി അനധികൃതമായി കൈവശം വെച്ചിട്ടുള്ളത്.നേരത്തെ ഇവിടെ കെഎസ്ഇബി വക ഭൂമി എന്ന ബോർഡ് സ്ഥാപിച്ചിരുന്നെങ്കിലും ഇത് നീക്കം ചെയ്ത് കയ്യേറ്റം തുടർന്നു. ഇവിടെ സർവ്വേ നടപടികളും അതിർത്തിനിർണയവും പുരോഗമിക്കുകയാണെന്നാണ് റവന്യൂ വകുപ്പിൻ്റെ റിപ്പോർട്ട്. വ്യക്തികളുടെ കയ്യേറ്റത്തിൽ മുൻപന്തിയിൽ ഉള്ളത് വെള്ളൂക്കുന്നം കുടുംബമാണ്. ചിന്നക്കനാൽ വില്ലേജിൽ ബോബീസ് സ്കറിയ, ജിമ്മി സ്കറിയ, ജിജി സ്കറിയ സഹോദരങ്ങളുടെ മാത്രം കയ്യേറ്റ ഭൂമി 43 എക്കറാണ്.