പാലക്കാട്: പാലക്കാട് നെന്മാറയിൽ പഞ്ചായത്ത് അസിസ്റ്റൻ്റ് സെക്രട്ടറിയെ കാണാതായ സംഭവത്തിൽ വഴിത്തിരിവ്. പഞ്ചായത്ത് അസി.സ്റ്റൻ്റ് സെക്രട്ടറി സുബൈർ അലി പഞ്ചായത്തംഗത്തെ ഫോണിൽ വിളിച്ചതായാണ് പുറത്തുവരുന്ന വിവരം. പഞ്ചായത്തംഗം അമീർ ജാനെയാണ് ഫോണിൽ വിളിച്ചത്. ഇരുവരും തമ്മിലുള്ള ഫോൺ സംഭാഷണം പുറത്ത് വന്നിട്ടുണ്ട്.എല്ലാവരുടേയും മുന്നിൽ സി.പി.എം അംഗങ്ങൾ ഉച്ചത്തിൽ സംസാരിച്ചത് നാണക്കേടുണ്ടാക്കി. താനാരെയും ജാതീയമായി അധിക്ഷേപിച്ചിട്ടില്ല.നിരവധി കുടുംബ പ്രശ്നങ്ങൾക്കിടയിലാണ് ഇതുണ്ടായതെന്നും പഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറി പറയുന്നുണ്ട്. അതേസമയം, പഞ്ചായത്ത് അസി. സെക്രട്ടറിയെ കാണാനില്ലെന്ന പരാതിയിൽ നെൻമാറ പൊലീസ് കേസെടുത്തിട്ടുണ്ട്. സുബൈർ അലിക്കായി പൊലീസ് തമിഴ്നാട്ടിൽ തെരച്ചിൽ നടത്തി വരികയാണ്. നിലവിൽ സുബൈർ അലിയുടെ മൊബൈൽ ഫോൺ ഓഫ് ചെയ്ത നിലയിലാണ്. എന്നാൽ സുബൈർ അലി എവിടേക്കാണ് പോയെന്ന് അടുത്ത ബന്ധുക്കൾക്കും അറിയില്ല.ഇന്നലെ ഉച്ചയ്ക്ക് മുതലാണ് നെൻമാറ പഞ്ചായത്തിലെ അസി. സെക്രട്ടറിയായിരുന്ന സുബൈർ അലിയെ കാണാതായത്. ഓഫീസിൽ കത്തെഴുതി വെച്ചാണ് ഇദ്ദേഹം പോയത്. കൊല്ലങ്കോട് സിപിഎം ഏരിയ സെക്രട്ടറി ഭീഷണിപ്പെടുത്തിയെന്നായിരുന്നു കത്തിലെ ഉള്ളടക്കം. ഇക്കഴിഞ്ഞ 4-ാം തിയതി തന്‍റെ ക്യാബിനിലെത്തി സിപിഎം മെമ്പര്‍മാര്‍ വൈസ് പ്രസിഡന്‍റിന്‍റെ നേതൃത്വത്തില്‍ പ്രശ്നമുണ്ടായിക്കിരുന്നുവെന്ന് കത്തില്‍ പറയുന്നു. കുടുംബ പ്രശ്നങ്ങളും ഇദ്ദേഹത്തെ അലട്ടിയിരുന്നുവെന്ന് കത്തില്‍ സൂചനയുണ്ട്.