വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ഒക്ടോബർ 15ന് ആദ്യ കപ്പൽ എത്തുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ലോകശ്രദ്ധ നേടുന്ന ദിനമായി ഒക്ടോബർ 15 മാറുമെന്നും മന്ത്രി പറഞ്ഞു. മലയാളികളുടെ ഏറ്റവും വലിയ സ്വപ്നമായിരുന്നു വിഴിഞ്ഞം തുറമുഖമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പ്രവർത്തനങ്ങൾക്കിടയിൽ തടസങ്ങളുണ്ടായെങ്കിലും അടുത്ത കാലങ്ങളിലായി കൃത്യമായ പ്രവർത്തനങ്ങൾ നടത്തിയാണ് ഇത്തരമൊരു നേട്ടത്തിലേക്ക് നാം എത്തിയത്. ലോകത്തിലെ ഏറ്റവും വലിയ കപ്പലുകൾക്കു പോലും സുഗമമായി വന്നുപോകാൻ സൗകര്യമുള്ള തുറമുഖമായിരിക്കും വിഴിഞ്ഞം. മറ്റ് തുറമുഖങ്ങളിലൊക്കെ കപ്പൽ വരാനുള്ള സൗകര്യം ഒരുക്കുന്നത് കോടിക്കണക്കിന് രൂപയുടെ ഡ്രെഡ്ജിങ് നടത്തിക്കൊണ്ടാണ്. എന്നാൽ ഇവിടെ അതിന്റെ ആവശ്യമില്ല. 20 മീറ്ററിൽ കൂടുതൽ ആഴം സ്വാഭാവികമായി തന്നെയുണ്ട് എന്നതുകൊണ്ട് ലോകത്തിലെ ഏത് കപ്പലിനും അനായാസം വന്നുപോകാൻ സാധിക്കും. അന്താരാഷ്ട്ര കപ്പൽച്ചാലിൽനിന്ന് 10 നോട്ടിക്കൽ മൈൽ അകലത്തിൽ കര ലഭിക്കുന്നു എന്ന പ്രത്യേകതയും വിഴിഞ്ഞത്തുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കേരളത്തിലേക്ക് കൂടുതൽ വിനോദസഞ്ചാരികൾ എത്തുന്നതിന് ഉൾപ്പെടെ വിഴിഞ്ഞം തുറമുഖം സഹായകമാകുമെന്നും മന്ത്രി പറഞ്ഞു. വിനോദസഞ്ചാര മേഖലയ്ക്ക് ആവശ്യമായ മറ്റ് കാര്യങ്ങൾ ഇതുവഴി വർധിക്കുകയും ചെയ്യുമെന്നും ധാരാളം പേർക്ക് തൊഴിൽ ലഭിക്കുന്ന സാഹചര്യം വിഴിഞ്ഞം തുറമുഖത്തിലൂടെ ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.