25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • എല്ലാ ഊരുകളിലും ഇന്റര്‍നെറ്റ് 
കണക്ടിവിറ്റി : മുഖ്യമന്ത്രി
Kerala

എല്ലാ ഊരുകളിലും ഇന്റര്‍നെറ്റ് 
കണക്ടിവിറ്റി : മുഖ്യമന്ത്രി

ഡിജിറ്റൽ പഠനത്തിന്‌ സൗകര്യമൊരുക്കാൻ വർഷാവസാനത്തോടെ എല്ലാ ആദിവാസി ഊരുകളിലും ഇന്റർനെറ്റ് കണക്ടിവിറ്റി എത്തിക്കുന്ന പ്രവർത്തനം പുരോഗമിക്കുകയാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പട്ടികജാതി–-വർഗ, പിന്നാക്കവിഭാഗ വികസനവകുപ്പ്‌ സംഘടിപ്പിച്ച സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ സംസ്ഥാന ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

കണക്ടിവിറ്റി ഇല്ലാത്ത 1284 ഊരുകളിൽ 1083 ഇടത്ത്‌ ഇന്റർനെറ്റ് എത്തിച്ചു. ഇടമലക്കുടിയിൽ കണക്ടിവിറ്റി ഉറപ്പുവരുത്താൻ 4.31 കോടി രൂപ ചെലവഴിച്ചു. എല്ലാ പട്ടികവർഗകുടുംബങ്ങൾക്കും അടിസ്ഥാനരേഖകൾ നൽകാനും അവ സുരക്ഷിതമായി ഡിജിറ്റൈസ് ചെയ്യാനുമായി ആവിഷ്കരിച്ച എബിസിഡി എന്ന പദ്ധതി ജില്ലകളിൽ പൂർത്തിയായിവരുന്നു. എക്‌സൈസ് ഗാർഡുമാരായി 100 പട്ടികവർഗക്കാരെ നിയമിക്കാനുള്ള നടപടി പുരോഗമിക്കുന്നു.

രണ്ടരലക്ഷത്തിലേറെ വരുമാനമുള്ള കുടുംബങ്ങളിലെ പട്ടികജാതി–-വർഗ വിദ്യാർഥികൾക്ക് കേന്ദ്രസർക്കാർ പോസ്റ്റ് മെട്രിക് സ്‌കോളർഷിപ് നിഷേധിച്ചപ്പോൾ ബജറ്റിൽ അധികതുക വകയിരുത്തി വരുമാനഭേദമില്ലാതെ എല്ലാ പട്ടികജാതി–-വർഗ വിദ്യാർഥികൾക്കും സ്‌കോളർഷിപ് നൽകാനാണ് സംസ്ഥാന സർക്കാർ തീരുമാനിച്ചത്.

ഒന്നുമുതൽ എട്ടുവരെ ക്ലാസുകളിലെ പിന്നാക്കവിഭാഗ വിദ്യാർഥികൾക്ക് നൽകിയിരുന്ന സ്‌കോളർഷിപ്പും കേന്ദ്രം നിർത്തലാക്കി. അവർക്കുള്ള തുകയും ബജറ്റിൽ വകയിരുത്തി സ്‌കോളർഷിപ് പുനഃസ്ഥാപിക്കാനാണ് സംസ്ഥാനം ശ്രമിക്കുന്നത്‌. ഇതിന് അപേക്ഷിക്കാനുള്ള പോർട്ടലിനാണ്‌ തുടക്കമായത്.

പട്ടിക, പിന്നാക്ക വിഭാഗങ്ങൾ പല സംസ്ഥാനങ്ങളിലും അക്രമങ്ങൾക്കും പീഡനങ്ങൾക്കും വിധേയരാകുമ്പോൾ കേരളം അവർക്ക് സുരക്ഷിത ഇടം ഉറപ്പുവരുത്തുകയാണ്‌. കേരളം ആർജിച്ച നേട്ടങ്ങൾ അട്ടിമറിക്കാനുള്ള പ്രവണത പലയിടത്തും തലപൊക്കുന്നുണ്ട്. അവ മുളയിലേ നുള്ളാൻ കേരളസമൂഹം ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related posts

സപ്ലൈകോയുടെ സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകൾ പ്രയാണം തുടങ്ങി

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്ന് 1899 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor

കാവ്യ മാധവനെ വീട്ടിലെത്തി ചോദ്യം ചെയ്യുന്നതാണ് ഉചിതമെന്ന് ക്രൈംബ്രാഞ്ചിന് നിയമോപദേശം

Aswathi Kottiyoor
WordPress Image Lightbox