മഹാത്മാ ഗാന്ധിയുടെ ജന്മദിനമായ ഒക്ടോബർ 02 നമ്മൾ ഗാന്ധി ജയന്തിയായി ആഘോഷിക്കുന്നു. ഈ വർഷം മോഹൻദാസ് കരംചന്ദ് ഗാന്ധിജിയുടെ 154-ാം ജന്മവാർഷികമാണ്. ഇന്ത്യയുടെ ചരിത്രത്തിൽ അക്രമരഹിതമായ പോരാട്ടം അതായത് അഹിംസ സിദ്ധാന്തത്തെ അടയാളപ്പെടുത്തുകയും ജനങ്ങളിൽ ഒരാളായി നിന്ന് ബ്രിട്ടീഷ് ഭരണാധികാരികൾക്കെതിരായി സമരം നയിക്കുകയും ചെയ്ത വ്യക്തിയാണ് ഗാന്ധിജി. സ്വാതന്ത്ര്യ സമരത്തിൽ ഗാന്ധിജിയുടെ മഹത്തായ സ്വാധീനം തള്ളിക്കളയാനാവില്ല. സത്യം, സമാധാനം, സഹിഷ്ണുത, സാമൂഹിക നീതി എന്നിവയുടെ പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുന്ന എല്ലാവർക്കും അദ്ദേഹം പ്രചോദനമായി തുടരുന്നു. ഗാന്ധിജി നയിച്ച ചംപാരൺ സത്യാഗ്രഹം ,ഉപ്പു സത്യാഗ്രഹം ,നിസ്സഹരണ പ്രസ്ഥാനം ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം എന്നിവ ഇന്നും ഭാരത്തിൻ്റെ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ നാഴികക്കല്ലുകളാണ്.ആയുധങ്ങളും ആക്രമണവും കൈമുതലായുള്ള ബ്രിട്ടിഷ് അധികാരികൾക്ക് മുൻപിൽ അഹിംസയും പക്വമായ നിലപാടുകളും മുൻനിർത്തിക്കൊണ്ടാണ് ഗാന്ധിജി രാജ്യത്തിൻറെ പ്രധിഷേധത്തെ എല്ലായ്പ്പോഴും പ്രതിനിധാനം ചെയ്തത്. ഉറച്ച ആശയങ്ങളും മാറ്റമില്ലാത്ത നിലപാടുകളും ആക്രമണോത്സുകമല്ലാത്ത രീതിയിൽ എതിരാളികളുടെ നേർക്ക് തൊടുത്തു വിടുന്ന തന്ത്രമാണ് ഗാന്ധിജി സ്വീകരിച്ചത്. മറ്റാർക്കും ഒരു കാലത്തും അനുകരിക്കാനാവാത്ത വിധമായിരുന്നു ആ ജീവിതം. അതുകൊണ്ട് തന്നെ ഓരോ വർഷവും ഒക്ടോബർ 2 എന്നത് വിശേഷപ്പെട്ട ദിനം തന്നെയാണ് ഓരോ ഇന്ത്യക്കാരനും.ജീവിതത്തിലുടനീളം ഒരിക്കൽ പോലും വിട്ടുവീഴ്ചയില്ലാതെ പാലിച്ച അഹിംസ എന്ന തത്വം ജീവിതത്തിൻറെ സന്ദേശമായി വരും തലമുറകളിലേയ്ക്ക് പകരാനായി മാറ്റി വെച്ചുകൊണ്ടാണ് ഗാന്ധിജി ഭാരതത്തോട് വിടചൊല്ലിയത്.1869 ൽ ഒക്ടോബർ 2 ന് പോർബന്ദറിൽ ജനിച്ച മോഹൻദാസ് കരം ചന്ദ് ഗാന്ധി ഇന്ത്യയുടെ രാഷ്ട്രപിതാവ് എന്ന പദവിയിലെത്തുന്നത് വരെയുള്ള അദ്ദേഹത്തിന്റെ ജീവിത മുഹൂർത്തങ്ങൾ വിശകലനം ചെയ്യുമ്പോൾ, രാജ്യത്തെ സ്വാതന്ത്ര്യത്തിലേയ്ക്ക് നയിക്കാൻ നിയോഗിക്കപ്പെട്ടതുപോലെ, അതിനായി മാത്രം ജീവിച്ചതായി മാത്രമേ നമുക്ക് കാണാൻ കഴിയൂ. ആക്രമണവും അസഹിഷ്ണുതയുമില്ലാതെ അഹിംസാ മാർഗത്തിലൂടെയായിരുന്നു ഗാന്ധിജിയുടെ ഓരോ പ്രവൃത്തികളും എന്നതിനാൽ അഹിംസയെന്ന ഉയർന്ന ദർശനത്തിൻറെ ഏറ്റവും മികച്ച വക്താവായും രാജ്യം അദ്ദേഹത്തെ കരുതിപ്പോന്നു. അതുകൊണ്ട് തന്നെ ഗാന്ധിജി ജനിച്ച ഒക്ടോബർ 2 അഹിംസാ ദിനമായും ആചരിക്കുന്നു.