ഇരിട്ടി : നാളികേരത്തിന്റെ വിലയിടിവ് മൂലം ദുരിതം അനുഭവിക്കുന്ന കർഷകരുടെ രക്ഷയ്ക്ക് നാളികേരത്തിന് കുറഞ്ഞത് 60 രൂപ താങ്ങുവില പ്രഖ്യാപിച്ച് വില സ്ഥിരത ഉറപ്പുവരുത്തണമെന്ന് ഇരിട്ടി കോക്കനട്ട് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ വാർഷിക ജനറൽബോഡി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഇപ്പോൾ നടക്കുന്ന നാളികേര സംഭരണത്തിന്റെ ഗുണം യഥാർത്ഥ കർഷകരിലേക്ക് എത്തുന്നില്ല എന്ന് മാത്രമല്ല വിലയും തുച്ഛമാണ്. ഉൽപാദന ചെലവ് വളരെയധികം ഉയർന്നതുമൂലം ഒരുവിധത്തിലും തെങ്ങു കൃഷി ലാഭകരമല്ലാത്ത സ്ഥിതിവിശേഷമാണുള്ളത്. ഒരുപാട് കടമ്പകൾ കടന്നാൽ മാത്രമാണ് ഇപ്പോഴത്തെ തുച്ഛമായ തറവില പോലും കർഷകർക്കു ലഭിക്കുന്ന സാഹചര്യം ഉള്ളത്. ഇതിനായി നിരവധി ഓഫീസുകൾ കയറിയിറങ്ങുകയും നിരവധി സർട്ടിഫിക്കറ്റുകൾ ഹാജരാക്കുകയും ചെയ്യേണ്ട സ്ഥിതിയാണുള്ളത്. മാത്രമല്ല ഇടനിലക്കാർ കർഷകരെ ചൂഷണം ചെയ്യുകയും ചെയ്യുന്നു. ഇതിനെല്ലാം പരിഹാരമായി റബർ വില സ്ഥിരതാ ഫണ്ടിന്റെ രീതിയിൽ നാളികേര കർഷകസംഘം മുഖേന കർഷകർ ഹാജരാക്കുന്ന ബില്ല് പ്രകാരം തേങ്ങയ്ക്ക് മാർക്കറ്റ് വിലയും താങ്ങുവിലയും തമ്മിലുള്ള വ്യത്യാസം എത്രയാണോ ആ തുക അതതു കർഷകരുടെ ബാങ്ക് അക്കൗണ്ടിൽ നൽകുന്ന രീതിയിൽ നാളികേരത്തിനും വില സ്ഥിരതാ ഫണ്ട് ഏർപ്പെടുത്തി നാളികേര കർഷകരുടെ ദുരിതത്തിന് അറുതി വരുത്തണമെന്ന് കർഷകർ ആവശ്യപ്പെട്ടു
ഇരിട്ടി ഫാൽക്കൺ പ്ലാസ ഓഡിറ്റോറിയത്തിൽ നടന്ന എട്ടാമത് വാർഷിക ജനറൽബോഡി യോഗത്തിൽചെയർമാൻ കൂടത്തിൽ ശ്രീകുമാർ അധ്യക്ഷത വഹിച്ചു. ഫൗണ്ടർ ചെയർമാൻ ജോസഫ് നമ്പുടാകം ഉദ്ഘാടനം ചെയ്തു. കമ്പനിയുടെ പ്രധാന ഉൽപ്പന്നമായ ഐക്കോക്ക് വെളിച്ചെണ്ണയുടെ വിദേശത്തേയ്ക്കുള്ള ആദ്യ ഓർഡർ നൽകിയ ലോയൽ എൻറർപ്രൈസസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം .ഡി. സെബാന്റ്യനെ ചടങ്ങിൽ ആദരിച്ചു . ഡയറക്ടർമാരായ ജോസ് പൂമല, ജെയിംസ് തുരുത്തി പള്ളി, വി.കെ. ജോസഫ്, ബിജു പാമ്പയക്കൽ, റോയ് വെച്ചൂർ, കെ.സി. കാർത്ത്യായനി, പാനൂസ് ചീരമറ്റം, സോമൻ കൂടത്തിൽ ജേക്കബ് വട്ടപ്പാറ . എന്നിവർ പ്രസംഗിച്ചു. കമ്പനി സിഇഒ തോമസ് തോമസ് നന്ദി പറഞ്ഞു.
previous post