• Home
  • Iritty
  • ഒരുങ്ങുന്നു കിളിയന്തറ 
ബാങ്കിന്റെ റബർ ഷീറ്റ് ഫാക്ടറി
Iritty

ഒരുങ്ങുന്നു കിളിയന്തറ 
ബാങ്കിന്റെ റബർ ഷീറ്റ് ഫാക്ടറി

റബർ പാൽ സംഭരിച്ച്‌ മേൽത്തരം ഗ്രേഡ്‌ റബർ ഷീറ്റാക്കി കർഷകർക്ക്‌ നൽകുന്ന നൂതന സംരംഭവുമായി കിളിയന്തറ സർവീസ്‌ സഹകരണ ബാങ്ക്‌. സഹകരണരംഗത്ത്‌ ആദ്യമായാണ്‌ ഇത്തരമൊരു സംരംഭം. ബാങ്ക്‌ സമർപ്പിച്ച ഈ വേറിട്ട പദ്ധതിക്ക്‌ കേരള ബാങ്ക്‌ മുഖേന നബാർഡ്‌ രണ്ട്‌ കോടി രൂപ വായ്‌പ നൽകും. തലശേരി–- വളവുപാറ റോഡിലെ നിരങ്ങൻചിറ്റയിൽ കിളിയന്തറ ബാങ്ക്‌ വാങ്ങിയ അരയേക്കർ സ്ഥലത്താണ്‌ റബർ ഷീറ്റ്‌ നിർമാണ ഫാക്ടറി നിർമിക്കുക. വ്യാഴം വൈകിട്ട്‌ നാലിന്‌ സ്പീക്കർ എ എൻ ഷംസീർ കല്ലിടും.

റബർ പാൽ ഷീറ്റാക്കി മാറ്റുന്ന പ്രക്രിയയ്ക്ക് ഏറെ സമയവും അധ്വാനവും ആവശ്യമാണ്‌. മഴക്കാലത്ത്‌ പുതയിട്ട്‌ ടാപ്പ്‌ ചെയ്തെടുക്കുന്ന പാൽ ഷീറ്റാക്കുന്നതിന്‌ പുകപ്പുരയെ ആശ്രയിക്കേണ്ടിവരും. പുകയിടൽ കൃത്യമല്ലെങ്കിൽ ഷീറ്റ്‌ പുകഞ്ഞ്‌ നിലവാരമില്ലാത്തതാകും. റബർ കൃഷിരംഗത്തെ ഈ പ്രയാസങ്ങൾക്ക്‌ പരിഹാരമായാണ്‌ കിളിയന്തറ ബാങ്ക്‌ ഷീറ്റ്‌ നിർമാണ യൂണിറ്റ്‌ എന്ന ആശയവുമായി സഹകരണ വകുപ്പ്, റബർ ബോർഡ്, നബാർഡ്‌, കേരള ബാങ്ക്‌ എന്നിവയെ സമീപിച്ചത്‌. പിന്തുണയറിയിച്ച റബർ ബോർഡ്‌ രണ്ടു ബാങ്ക്‌ ജീവനക്കാരെ കോട്ടയത്തെ റബർ ബോർഡ്‌ ആസ്ഥാനത്ത്‌ പരിശീലനത്തിനുമയച്ചു.

നിർമാണം ഇങ്ങനെ

മിൽമ പാൽ സംഭരിക്കുന്നതുപോലെ റബർ പാൽ സംഭരിക്കലാണ്‌ ഷീറ്റ്‌ നിർമാണത്തിന്റെ ആദ്യപടി. സംഭരിച്ച പാൽ ഫാക്ടറിയിലെത്തിച്ച്‌ യന്ത്രം വഴി ഉറയൊഴിച്ച്‌ പരുവപ്പെടുത്തും. തുടർന്ന്‌ ഷീറ്റടി യന്ത്രത്തിലും ശേഷം ഉണക്കൽ യന്ത്രത്തിലും മാറ്റും. ആർഎസ്‌എസ്‌–-4 ഇനം മേൽത്തരം ഷീറ്റുകളാണ്‌ സജ്ജമാക്കുന്നത്‌. സേവന നിരക്ക് കർഷകരിൽനിന്ന്‌ ഈടാക്കും. ഷീറ്റുകൾക്ക്‌ ഉയർന്ന ഗ്രേഡിൽ വില ലഭിക്കുന്ന തരത്തിൽ ബാങ്കിന്റെ ബില്ലും ഒപ്പം നൽകും. സർക്കാരിന്റെ വിലസ്ഥിരതാ ഫണ്ട്‌ പദ്ധതിയുമായി കൂട്ടിയിണക്കി ഷീറ്റ്‌ ഉൽപ്പാദിപ്പിക്കുന്നതിനാൽ കർഷകർക്ക്‌ സർക്കാർ സഹായം ഉറപ്പാക്കാനും സംരംഭം ലക്ഷ്യമിടുന്നു.

ഒരുവർഷത്തിനകം 
യാഥാർഥ്യമാകും

ഇഡിയും പരിവാരങ്ങളും തകർക്കാൻ തക്കംപാർത്ത്‌ നീങ്ങുമ്പോഴും കേരളത്തിലെ സഹകരണമേഖല വൈവിധ്യവൽക്കരിച്ച് ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ്‌ സംസ്ഥാനത്തെ സഹകാരികൾ. വൈവിധ്യവൽക്കരണത്തിൽ എക്കാലവും മുൻപന്തിയിലുള്ള കണ്ണൂർ ജില്ലയിൽനിന്നാണ്‌ റബർ കർഷകരുടെ ജോലിഭാരം ലഘൂകരിച്ച്‌ ഉൽപ്പന്നത്തിന്‌ ന്യായവില ഉറപ്പാക്കാനുള്ള ആദ്യസംരംഭമൊരുങ്ങുന്നത്. കിളിയന്തറ റബർ ഷീറ്റ്‌ ഫാക്ടറി ഒരു വർഷത്തിനകം യാഥാർഥ്യമാക്കുമെന്ന്‌ പ്രസിഡന്റ്‌ എൻ എം രമേശൻ, സെക്രട്ടറി എൻ അശോകൻ എന്നിവർ പറഞ്ഞു.

Related posts

ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന്‍ ഇരിട്ടി മേഖല കണ്‍വെന്‍ഷന്‍

Aswathi Kottiyoor

മാങ്ങ പറിക്കുന്നതിനിടെ മാവിൽ നിന്ന് വീണ് യുവാവ് മരിച്ചു.

Aswathi Kottiyoor

ഹോമിയോ പ്രതിവാര മെഡിക്കല്‍ ക്യാമ്പിന് തുടക്കമായി

Aswathi Kottiyoor
WordPress Image Lightbox