കേരളപ്പിറവിയോടനുബന്ധിച്ച് സംസ്ഥാന സർക്കാർ തലസ്ഥാനത്തു നടത്തുന്ന കേരളീയം പരിപാടിക്കും ഓരോ നിയമസഭാ മണ്ഡലത്തിലും മുഖ്യമന്ത്രിയും മന്ത്രിമാരും എത്തുന്ന ‘ജനസദസ്സി’നുമായി വേണ്ടി വരുന്ന ചെലവ് 200 കോടിയിലേറെ രൂപ. 5 ലക്ഷം രൂപയിൽ കൂടുതലുള്ള ചെലവുകൾക്ക് ധനവകുപ്പ് ട്രഷറി നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും കേരളീയത്തിനും ജനസദസ്സിനും നിയന്ത്രണം ബാധകമല്ല.പരിപാടികൾക്കു പണം അനുവദിച്ചുള്ള ഉത്തരവ് അടുത്തയാഴ്ച ഇറക്കും. ചെലവു കുറയ്ക്കാനായി കേരളീയം പരിപാടിക്ക് പരമാവധി സ്പോൺസർമാരെ കണ്ടെത്താൻ നിർദേശം നൽകി. വകുപ്പുകൾ സ്വന്തം ഫണ്ടിൽ നിന്നു പണമെടുത്തു ചെലവാക്കാനും ആവശ്യപ്പെട്ടു. സ്വകാര്യ സ്ഥാപനങ്ങൾ ഏതാനും വർഷങ്ങളായി സംഘടിപ്പിക്കുന്ന ഫെസ്റ്റിവലുകളെ മാതൃകയാക്കിയാണ് കേരളീയം ഒരുക്കുന്നത്
5 ദിവസങ്ങളിലായി 25 സംവാദ പരിപാടികളാണ് കേരളീയത്തിൽ അരങ്ങേറുക. കഴിഞ്ഞ വർഷത്തെപ്പോലെ പുസ്തകോത്സവം നിയമസഭാ വളപ്പിൽ തന്നെ നടക്കും. നവംബർ 18 മുതൽ ഡിസംബർ 24 വരെ 140 മണ്ഡലങ്ങളിലായി നടക്കുന്ന ‘ജനസദസ്സി’ൽ മുഖ്യമന്ത്രിയും മന്ത്രിമാരും അതതു മണ്ഡലങ്ങളിലെ പൗരപ്രമുഖരുമായി പ്രഭാത ഭക്ഷണം കഴിച്ച ശേഷമാകും മറ്റു പരിപാടികളിലേക്കു കടക്കുക.