കോടങ്ങാട് ശാന്ത, മാധവി, ബാബു, ബിന്ദു തുടങ്ങിയവരുടെ വീടുകളിൽ അയ്യായിരവും ആറായിരവും രൂപ മുതലാണ് വൈദ്യുതി ബില്ലുകൾ ലഭിച്ചത്. ഇത് അടക്കാൻ കഴിയാതിരുന്നതിനാൽ ഇവരുടെ വീടുകളിലെ വൈദ്യുതി കണക്ഷൻ വർഷങ്ങൾക്ക് മുമ്പേ വിച്ഛേദിക്കപ്പെട്ടതായി കോളനി നിവാസികൾ പറയുന്നു. ഈ കോളനിയിലെ ഇരുട്ടിലായ കുടുംബങ്ങൾക്കു 5000 രൂപക്ക് മുകളിലാണ് വൈദ്യുതി ബിൽ ലഭിച്ചത്. പഴയ കുടിശ്ശികയും സർചാർജ്ജും ചേർത്താണ് ഇവർക്ക് വൈദ്യുതി ബിൽ ലഭിക്കുന്നത്.
ഇത് വാളുമുക്ക് കോളനിയിലെ മാത്രം പ്രശ്നമല്ല. മലയോരത്തെ മിക്ക ആദിവാസി കോളനികളിലും ഇതു തന്നെയാണ് സ്ഥിതി. കേളകം, കൊട്ടിയൂർ പഞ്ചായത്തുകളിലെ വിവിധ കോളനികളിൽ നിന്നായി കേളകം വൈദ്യുതി സെക്ഷനു ലക്ഷക്കണക്കിന് രൂപ കൂടിശിഖ ബിൽ തുക പിരിഞ്ഞ് കിട്ടാനുണ്ട്. വൈദ്യുതി കണക്ഷൻ നൽകുമ്പോൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ബിൽ അടക്കാമെന്ന വാഗ്ദാനം ഇവർക്ക് നൽകിയതായും കോളനിക്കാർ പറയുന്നു. എന്നാൽ പഞ്ചായത്തുകൾ വൈദ്യുതി ബിൽ അടക്കാറില്ല.
ഇത്രയും വലിയ തുക അടക്കാൻ കഴിയില്ലെന്നും അധികാരികൾ നടപടി സ്വീകരിക്കണമെന്നുമാണ് ആദിവാസി കുടുംബങ്ങൾ പറയുന്നത്. കനത്ത മഴയിൽ തൊഴിലും നിലച്ച് പട്ടിണിയിലായ ആദിവാസികളുടെ കുടിലുകളാണ് ഇരുട്ടിലായത്. കോടങ്ങാട് മാധവിയുടെ വീട്ടിൽ രോഗിയായ മകളും പത്താം ക്ലാസുകാരി കൊച്ചുമകളും മെഴുകുതിരി വെട്ടത്തിലാണ് കഴിയുന്നത്. റേഷൻ കടയിൽനിന്നുള്ള അര ലിറ്റർ മണ്ണെണ്ണ ദിവസങ്ങൾക്കകം തീർന്നാൽ ആശ്രയം മെഴുകുതിരി മാത്രം. അത് വാങ്ങാനും പണമില്ലാത്തതിനാൽ ഇരുട്ടിലാവും. വൈദ്യുതി കണക്ഷനെങ്കിലും പുനസ്ഥാപിച്ച് കിട്ടാൻ കേഴുകയാണ് ഈ പട്ടിണി കുടുംബങ്ങൾ.