പിഎസ്സി നിയമനത്തിൽ റെക്കോർഡ് നേട്ടം കൊയ്‌ത് എൽഡിഎഫ് സർക്കാർ. 2023 സെപ്തംബർവരെയുള്ള ഒമ്പത് മാസത്തിനുള്ളിൽ 22,370 പേർക്കാണ് നിയമന ശുപാർശ നൽകിയത്. പ്രതിമാസം ശരാശരി 2600 നിയമനം. ഇനിയുള്ള മൂന്നു മാസത്തിനുള്ളിൽ 8000 നിയമനംകൂടി നടത്തി മുപ്പതിനായിരത്തിലേക്ക് എത്തും. കഴിഞ്ഞ മൂന്നു വർഷത്തേക്കാൾ കൂടുതലാണ് ഇത്. ഈ വസ്തുത മറച്ചുവച്ചാണ് വലതുപക്ഷ –- ബിജെപി മാധ്യമങ്ങൾ കള്ളക്കണക്ക് പ്രചരിപ്പിക്കുന്നത്. ഈവർഷം 15,144 നിയമനം മാത്രമേ നടന്നിട്ടുള്ളൂ എന്നാണ് വെള്ളിയാഴ്ച ഒരു പത്രം വാർത്ത നൽകിയത്. ഇത് ഉദ്യോഗാർഥികൾക്കിടയിൽ ആശങ്കയുണ്ടാക്കാൻ ലക്ഷ്യമിട്ടാണ്.
ഏഴര വർഷത്തിനിടെ 2,21,132 പേർക്കാണ് നിയമന ശുപാർശ നൽകിയത്. രണ്ടാം പിണറായി സർക്കാരിന്റെ കാലത്തുമാത്രം ഇത് 60,164 ആണ്. മറ്റു സംസ്ഥാനങ്ങളിൽ പ്രതിവർഷം പതിനായിരത്തിൽ താഴെമാത്രം നടക്കുമ്പോഴാണ് കേരളത്തിന്റെ ഈ നേട്ടം. 2011 മുതൽ 2016 വരെ യുഡിഎഫ് കാലത്ത് കെട്ടിക്കിടന്ന പല തസ്തികയിലും കുരുക്കഴിച്ച് ഒന്നാം പിണറായി സർക്കാർ നിയമനം നടത്തിയിരുന്നു. പിഎസ്‌സി റാങ്ക് ലിസ്റ്റ് നിലവിലുള്ളിടത്തു പോലും ദിവസവേതനക്കാരെ നിയമിക്കുന്ന സ്ഥിതിയും യുഡിഎഫ് കാലത്ത് ഉണ്ടായിരുന്നു. ഇത് തിരുത്തിയത് എൽഡിഎഫ് സർക്കാരാണ്.