25.9 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • 18 മാസമായി ശമ്പളമില്ല; കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധവുമായി ചന്ദ്രയാൻ 3യുടെ ഭാഗങ്ങളുണ്ടാക്കിയ ജീവനക്കാർ
Uncategorized

18 മാസമായി ശമ്പളമില്ല; കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധവുമായി ചന്ദ്രയാൻ 3യുടെ ഭാഗങ്ങളുണ്ടാക്കിയ ജീവനക്കാർ

ന്യൂഡൽഹി: ചന്ദ്രനിലേക്കുള്ള ഇന്ത്യയുടെ അഭിമാനദൗത്യമായ ചന്ദ്രയാൻ-3യുടെ ഭാ​ഗങ്ങൾ ഉണ്ടാക്കിയ ജീവനക്കാർ ശമ്പളമില്ലാത്തതിനെ തുടർന്ന് പ്രതിഷേധത്തിൽ. സർക്കാർ സ്ഥാപനമായ ഹെവി എ‍ഞ്ചിനീയറിങ് കോർപറേഷൻ ലിമിറ്റഡിലെ (എച്ച്ഇസി) ജീവനക്കാരാണ് കേന്ദ്ര സർക്കാരിനെതിരെ ഡൽഹി ജന്തർ മന്ദറിൽ പ്രതിഷേധവുമായി രം​ഗത്തെത്തിയിരിക്കുന്നത്. ഒന്നര വർഷമായി ശമ്പളം കിട്ടാത്ത സാഹചര്യത്തിലാണ് പ്രതിഷേധം.

ചന്ദ്രയാൻ 3ന്‍റെ ഉൾപ്പെടെ ഐഎസ്ആർഒയുടെ വിവിധ ഉപഗ്രഹ വിക്ഷേപണ പദ്ധതികളിൽ പ്രധാന പങ്കുവഹിച്ച തങ്ങൾക്ക് 18 മാസത്തോളമായി ശമ്പളം കിട്ടുന്നില്ലെന്ന് ജീവനക്കാർ പറയുന്നു. സെപ്തംബർ 20 മുതലാണ് ജീവനക്കാർ സർക്കാരിനെതിരെ പ്രതിഷേധം ആരംഭിച്ചത്. തങ്ങളുടെ ജീവിതം ദുരിതത്തിലാണെന്ന് പ്രധാനമന്ത്രിയെ അറിയിക്കാനാണ് പ്രതിഷേധത്തിനിറങ്ങിയത് എന്ന് കമ്പനിയിലെ തൊഴിലാളി യൂണിയൻ നേതാവ് ഭവൻ സിങ് പറഞ്ഞു.

“ഞങ്ങൾ ഇവിടെ ഒത്തുകൂടിയിരിക്കുന്നത് തൊഴിലാളികൾ ഉണർന്നുവെന്ന് മോദിയെ അറിയിക്കാനാണ്. ഞങ്ങളുടെ കുട്ടികൾക്ക് കുടിക്കാൻ പാലില്ല. അവരുടെ സ്കൂളിലെ ഫീസടയ്ക്കാൻ ഞങ്ങൾക്ക് നിർവാഹമില്ല. ഞങ്ങൾക്ക് നീതി ലഭിക്കണം”- 76കാരനായ ഭവൻ സിങ് വ്യക്തമാക്കി. ചന്ദ്രയാൻ-3ന് ഫോൾഡിങ് പ്ലാറ്റ്‌ഫോമും സ്ലൈഡിങ് വാതിലുമടക്കം നിർമിച്ച കമ്പനിയാണ് എച്ച്ഇസി.

തങ്ങളുടെ തൊഴിലാളികളും സാങ്കേതിക വിദഗ്ധരും വർഷങ്ങളായി ഐഎസ്ആർഒയുടെ ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനുപയോഗിക്കുന്ന പ്ലാറ്റ്ഫോം നിർമാണത്തിനായി പ്രവർത്തിക്കുകയാണ്. മുടങ്ങിക്കിടക്കുന്ന ശമ്പളം അനുവദിക്കണമെന്ന് ആവശ്യപ്പെടുമ്പോൾ സർക്കാർ തങ്ങളെ തകർക്കാനാണ് ശ്രമിക്കുന്നത്. 2014മുതൽ ഹെവി എഞ്ചീനിയറിങ് കോർപറേഷന് അനുവദിച്ച ഫണ്ട് അവസാനിച്ചു. കമ്പനിക്ക് സർക്കാർ പണ്ട് നൽകിയിരുന്ന കരാറുകൾ ഇപ്പോൾ സ്വകാര്യ കമ്പനികൾക്ക് നൽകുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ഇതിനിടെ, കഴിഞ്ഞ ദിവസം ജാർഖണ്ഡ് മുക്തി മോർച്ച നേതാവും എം.പിയുമായ മഹുവ മാജി വിഷയം പാർലമെന്‍റിൽ ഉന്നയിച്ചെങ്കിലും ആരോപണങ്ങൾ സർക്കാർ തള്ളിയിരുന്നു. രാജ്യസഭയിലാണ് അദ്ദേഹം ജീവനക്കാരുടെ ദുരിതവും പ്രതിസന്ധിയും ഉന്നയിച്ചത്. 2014ന് മുമ്പ് കമ്പനിയുടെ സ്ഥിതി മെച്ചപ്പെട്ട നിലയിലായിരുന്നു. അതിന് ശേഷമാണ് പ്രതിസന്ധികൾ ആരംഭിച്ചതെന്നും മാജി രാജ്യസഭയിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ സഭ നേതാവ് പീയുഷ് ഗോയൽ ആരോപണങ്ങൾ തള്ളുകയായിരുന്നു.

രാജ്യത്തെ ഏറ്റവും വലിയ ഇന്‍റഗ്രേറ്റഡ് എഞ്ചിനീയറിങ് സ്ഥാപനങ്ങളിലൊന്നാണ് 1958ൽ റാഞ്ചി ആസ്ഥാനമായി സ്ഥാപിതമായ ഹെവി എഞ്ചിനീയറിങ് കോർപറേഷൻ ലിമിറ്റഡ്. ബഹിരാകാശ ഗവേഷണം, ഖനനം തുടങ്ങി വിവിധ മേഖലകളിലേക്കുള്ള ഉപകരണങ്ങൾ ഇവിടെ നിന്നാണ് നിർമിക്കപ്പെടുന്നത്.

Related posts

ഒരുമയുടെ വിരുന്ന്’ സൗഹൃദ വേദിയായി പ്രതിപക്ഷ നേതാവിൻ്റെ ഇഫ്താര്‍ വിരുന്ന്; മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്തു

Aswathi Kottiyoor

കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ വെസ്റ്റ്‌നൈല്‍ ഫീവര്‍ സ്ഥിരീകരിച്ചു

എ. മധുസൂദനൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.

Aswathi Kottiyoor
WordPress Image Lightbox