അംഗീകൃതമല്ലാത്ത 72 ലോൺ ആപ്പുകൾ നീക്കംചെയ്യാൻ പൊലീസ് നടപടി ആരംഭിച്ചു. പണം കൈമാറിയ ആപ്പുകളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനും നടപടി സ്വീകരിക്കുന്നുണ്ട്. നിരവധി ആളുകൾ ലോൺ ആപ്പ് തട്ടിപ്പിനു ഇരയാകുന്നെങ്കിലും ആത്മഹത്യകൾ റിപ്പോർട്ട് ചെയ്തതോടെയാണു പരാതിക്കാരുടെ എണ്ണവും വർധിച്ചത്.
വായ്‌പാ ആപ്പ് തട്ടിപ്പുകൾ അറിയിക്കാൻ കഴിഞ്ഞ ദിവസം 94 97 98 09 00 എന്ന നമ്പർ പൊലീസ് നൽകിയിരുന്നു. ഇതുവഴി മുന്നൂറോളം പേർ പരാതി അറിയിച്ചു. ഇതിൽ അഞ്ചു സംഭവങ്ങൾ തുടർനടപടിക്കായി കൈമാറി. മറ്റുള്ള പ്രതികരണങ്ങൾ പരിശോധിച്ചുവരികയാണ്.
24 മണിക്കൂറും പ്രവർത്തിക്കുന്നതാണ് പുതിയ സംവിധാനം. ടെക്‌സ്റ്റ്, ഫോട്ടോ, വീഡിയോ, വോയിസ് എന്നിവയായി പരാതി നൽകാം. നേരിട്ടുവിളിച്ച് സംസാരിക്കാനാകില്ല. ആവശ്യമുള്ളപക്ഷം പരാതിക്കാരെ പൊലീസ് തിരിച്ചുവിളിച്ച് വിവരങ്ങൾ ശേഖരിക്കും. തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനം കേന്ദ്രീകരിച്ചാണ് പുതിയ സംവിധാനം പ്രവർത്തിക്കുക.
സാമ്പത്തികകുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള സൈബർ പോലീസിന്റെ ഹെൽപ് ലൈൻ ആയ 1930ലും ഏതു സമയവും വിളിച്ച് പരാതി നൽകാവുന്നതാണ്. അംഗീകൃതമല്ലാത്ത ലോൺ ആപ്പിന് എതിരെ പൊലീസിന്റെ പ്രചാരണവും ആരംഭിച്ചിട്ടുണ്ട്.