27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • വിദ്യാര്‍ഥിനിക്ക് പാമ്പ് കടിയേറ്റ സ്‌കൂളിൻ്റെ കെട്ടിടനിര്‍മാണം: പണി പൂര്‍ത്തികരിച്ചിട്ടും തുറന്നുനൽകുന്നില്ല; കുട്ടികളുടെ ഗതികേട് തുടരുന്നു
Uncategorized

വിദ്യാര്‍ഥിനിക്ക് പാമ്പ് കടിയേറ്റ സ്‌കൂളിൻ്റെ കെട്ടിടനിര്‍മാണം: പണി പൂര്‍ത്തികരിച്ചിട്ടും തുറന്നുനൽകുന്നില്ല; കുട്ടികളുടെ ഗതികേട് തുടരുന്നു

സര്‍വ്വജന സ്‌കൂളിലെ കുട്ടികള്‍ പഠിക്കുന്നത് ചോര്‍ന്നൊലിക്കുന്ന ക്ലാസ് മുറികളില്‍ തന്നെ. പുതിയ കെട്ടിടനിര്‍മാണം പൂര്‍ത്തിയായിട്ടും തുറന്നുനൽകാത്തതിൽ ശക്തമായ പ്രതിഷേധമുയരുന്നു. 2019 നവംബറിലാണ് സ്‌കൂളിലെ അഞ്ചാംക്ലാസ് വിദ്യാര്‍ഥിനി ഷഹല ഷെറിന്‍ പാമ്പ് കടിയേറ്റ് മരിച്ചത്.കഴിഞ്ഞ ജൂലൈ മാസത്തില്‍ ഉദ്ഘാടനം തീരുമാനിച്ചിരുന്നെങ്കിലും കാലാവസ്ഥ പ്രതികൂലമായതിനെത്തുടർന്ന് മാറ്റിവെക്കുകയായിരുന്നു. അന്ന് മാറ്റിവെച്ച ഉദ്ഘാടനം ഇപ്പോഴും നടത്താന്‍ കഴിയാത്തതിനാല്‍ കെട്ടിടം തുറന്നുകൊടുക്കേണ്ടതില്ലെന്ന് നഗരസഭ തീരുമാനിക്കുകയായിരുന്നു. മന്ത്രിമാരുടെയും മറ്റു ജനപ്രതിനിധികളുടെയും സൗകര്യം നോക്കി ഉദ്ഘാടനം നീട്ടിക്കൊണ്ടുപോകുകയാണെന്ന ആക്ഷേപമാണ് ഉയരുന്നത്. നിലവില്‍ സമീപത്തെ വിഎച്ച്എസ്‌സി സ്‌കൂളിലെ ലാബിലും മറ്റു താത്ക്കാലിക കെട്ടിടങ്ങളിലുമായാണ് അഞ്ചുമുതല്‍ എട്ട് വരെയുള്ള ക്ലാസ്മുറികള്‍ പ്രവര്‍ത്തിക്കുന്നത്. ഇവയൊന്നാകെ പുതിയ കെട്ടിടത്തിലേക്ക് മാറ്റാനായിരുന്നു പദ്ധതി. മികച്ച സൗകര്യങ്ങളോടെയുള്ള മൂന്നുനില കെട്ടിടമാണ് പ്രവൃത്തി പൂര്‍ത്തിയായി മഴയും വെയിലുമേറ്റ് കിടക്കുന്നത്.

മൂന്നുകോടി രൂപയുടെ കെട്ടിട നിര്‍മാണം കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ഇഴഞ്ഞുനീങ്ങുകയായിരുന്നു. ഇതോടെ സര്‍ക്കാര്‍ നേരിട്ട് രണ്ടുകോടി രൂപയും വിദ്യാഭ്യാസ വകുപ്പ് രണ്ടുകോടി രൂപയും കിഫ്ബി വഴി ഒരുകോടി രൂപയും അനുവദിച്ച് ആധുനിക രീതിയില്‍ തന്നെ കെട്ടിടനിര്‍മാണം പൂര്‍ത്തിയാക്കി. നാല് നിലകളാണ് ആദ്യം ഉദ്ദേശിച്ചിരുന്നതെങ്കിലും പ്രധാന ഫില്ലറുകളുടെ ഉറപ്പില്ലായ്മ കാരണം നാലാംനില എടുത്തില്ല. നാലാംനില പണിയാനായി അനുവദിച്ച തുക കെട്ടിടത്തിന്റെ ചുറ്റുവട്ടം ഭംഗിയാക്കുന്നതിനും മറ്റും ഉപയോഗിക്കുകയാണ്.ലിഫ്റ്റ് സ്ഥാപിക്കാനുള്ള സൗകര്യം കെട്ടിടത്തില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ലിഫ്റ്റ് സജ്ജമായാല്‍ ജില്ലയില്‍ തന്നെ ഇത്തരം സംവിധാനമുള്ള ആദ്യ സ്‌കൂള്‍ ആയി സര്‍വ്വജന മാറും. ബത്തേരി നഗരസഭ പതിനേഴ് ലക്ഷം രൂപയാണ് ലിഫ്റ്റ് സ്ഥാപിക്കുന്നതിലേക്ക് ചെലവഴിച്ചിട്ടുള്ളത്. 2019 നവംബറില്‍ സ്‌കൂളിലെ അഞ്ചാംക്ലാസ് വിദ്യാര്‍ഥിനിയായിരുന്ന ഷഹല ഷെറിന്‍ ക്ലാസ് മുറിയില്‍ പാമ്പ് കടിയേറ്റ് മരണത്തിന് കീഴടങ്ങിയതിനെ തുടര്‍ന്നാണ് പുതിയ കെട്ടിടം സ്ഥാപിക്കാണ് തീരുമാനിച്ചത്. എന്നാല്‍ എല്ലാ പ്രവൃത്തികളും പൂര്‍ത്തിയായി തുറന്നുനല്‍കാന്‍ അധികൃതര്‍ കാണിക്കുന്ന അലംഭാവം വിമര്‍ശനത്തിനിടയാക്കുകയാണ്.

Related posts

പയ്യാമ്പലത്ത് പാപ്പാഞ്ഞി മാതൃകയിൽ ഗവർണറുടെ കോലം കത്തിച്ചു, എസ്എഫ്ഐ നേതാക്കള്‍ക്കെതിരെ കലാപശ്രമത്തിന് കേസ്

Aswathi Kottiyoor

കരള്‍ ദാനം ചെയ്യാനൊരുങ്ങി സഹോദരി; ശസ്ത്രക്രിയയ്ക്ക് തൊട്ടുമുന്‍പ് യുവതിയുടെ മരണം

Aswathi Kottiyoor

ലീഗിന്റെ മൂന്നാം സീറ്റ്; തീരുമാനം കേരള നേതാക്കൾ എടുക്കണം; ഹൈക്കമാൻഡ് ‍ഇടപെടില്ല

Aswathi Kottiyoor
WordPress Image Lightbox