21.6 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • ഗതാഗത നിയമങ്ങൾ പാഠ്യ പദ്ധതിയുടെ ഭാഗമാക്കുമെന്ന് മന്ത്രി പി രാജീവ്‌
Uncategorized

ഗതാഗത നിയമങ്ങൾ പാഠ്യ പദ്ധതിയുടെ ഭാഗമാക്കുമെന്ന് മന്ത്രി പി രാജീവ്‌

കൊച്ചി: റോഡ് സുരക്ഷാ സന്ദേശം വിദ്യാര്‍ത്ഥികളിലേക്ക് എത്തിക്കുന്നതിന് ഗതാഗത നിയമങ്ങള്‍ പാഠ്യ പദ്ധതിയുടെ ഭാഗമാക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലാണെ മന്ത്രി പി രാജീവ്. റോഡ് സുരക്ഷാ വര്‍ഷാചരണത്തിന്റെയും ബോധവല്‍ക്കരണ പരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ച വടംവലി മത്സരത്തിന്റെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. റോഡ് സുരക്ഷാ സന്ദേശം കൂടുതല്‍ പേരിലേക്ക് എത്തിക്കാന്‍ ഇത്തരമൊരു ഉദ്യമം സംഘടിപ്പിച്ചത് മാതൃകാപരമായ കാര്യമാണ്.

സംസ്ഥാനത്ത് എഐ ക്യാമറകള്‍ സ്ഥാപിച്ചപ്പോള്‍ വ്യാപകമായ ആക്ഷേപങ്ങളാണ് ഉയര്‍ന്നത്. എന്നാല്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ കൊണ്ട് അതിന്റെ ഗുണഫലം അനുഭവിക്കാന്‍ കഴിഞ്ഞു. സംസ്ഥാനത്തിന്റെ ഈ മാതൃക പഠിക്കാന്‍ ഇതിനകം നാല് സംസ്ഥാനങ്ങളാണ് വന്നതെന്നും പി രാജീവ് പറഞ്ഞു.

നല്ലൊരു റോഡ് സംസ്‌കാരം വളര്‍ത്തിയെടുക്കേണ്ടത് വളരെ പ്രധാനമായ കാര്യമാണെന്ന് ചടങ്ങില്‍ പങ്കെടുത്ത നടന്‍ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. ജീവിതകാലം മുഴുവന്‍ റോഡ് സുരക്ഷാ സന്ദേശങ്ങള്‍ മുതല്‍ക്കൂട്ട് ആകും. റോഡ് സുരക്ഷാ നിയമങ്ങള്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കുന്നത് ഏറെ ഉപകാരം ചെയ്യുമെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

വാഹനാപകടങ്ങള്‍ പരമാവധി കുറയ്ക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. കഴിഞ്ഞ മൂന്നുമാസത്തിനുള്ളില്‍ സംസ്ഥാനത്ത് വാഹനാപകടമരണങ്ങളില്‍ കാര്യമായ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് പ്രതിദിനം 12 പേരായിരുന്നു വാഹനാപകടങ്ങളില്‍ മരിച്ചിരുന്നത് എങ്കില്‍ ഇപ്പോഴത് അഞ്ചുവരെയായി. എ.ഐ ക്യാമറ ഉള്‍പ്പടെ സ്ഥാപിച്ച് റോഡ് സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കിയതിന്റെ ഫലം കൂടിയാണിത്.

സംസ്ഥാനത്ത് നടക്കുന്ന ഇരുചക്ര വാഹന അപകടങ്ങളില്‍ പെടുന്നതും മരണങ്ങള്‍ സംഭവിക്കുന്നതും അധികവും ചെറുപ്പക്കാര്‍ക്കാണ്. ഈ സാഹചര്യത്തിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് വ്യാപകമായ ബോധവല്‍ക്കരണ പരിപാടികള്‍ നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. അതിന്റെ ഭാഗമായി വടംവലി മത്സര സംഘടിപ്പിച്ചതിന് പിന്നില്‍ ഒരു പ്രത്യേക ഉദ്ദേശം കൂടി ഉണ്ട്.

റോഡുകളിലെ വടംവലി ഒഴിവാക്കുക എന്നതാണ് ഇതുകൊണ്ട് നല്‍കുന്ന സന്ദേശമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് പ്രതിവര്‍ഷം ഏകദേശം 4000 പേരാണ് വാഹനാപകടങ്ങളില്‍ മരണപ്പെടുന്നത്. ഇത് നാലിലൊന്നായി കുറയ്ക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. വാഹനാപകടങ്ങളുടെ കാര്യത്തില്‍ ഇന്ത്യയില്‍ നാലാം സ്ഥാനമാണ് കേരളത്തിന് ഇപ്പോള്‍ ഉള്ളത്. ഈ സ്ഥാനം ഏറ്റവും പിന്നിലേക്ക് കൊണ്ടുവരുക എന്ന ലക്ഷ്യമാണ് മുന്നിലുള്ളത്.

സര്‍ക്കാരും ഉദ്യോഗസ്ഥരും മാത്രം വിചാരിച്ചാല്‍ ഇത് ലക്ഷ്യപ്രാപ്തിയില്‍ എത്തുകയില്ല. പൊതുജനങ്ങളുടെ കാര്യമായ സഹായവും സഹകരണവും ആവശ്യമാണ്. ഓരോരുത്തരും തങ്ങളുടെ കൂടി ഉത്തരവാദിത്തമാണ് റോഡ് സുരക്ഷ എന്ന നിലയില്‍ വേണം പ്രവര്‍ത്തിക്കാന്‍. ജനങ്ങളില്‍ നിന്ന് പണം പിരിച്ചെടുക്കുകയല്ല റോഡ് സുരക്ഷാ നിയമങ്ങള്‍ ശക്തമാക്കുന്നതിലൂടെ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. നിരത്തുകളിലെ അപകടങ്ങള്‍ പരമാവധി കുറയ്ക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

Related posts

പ്രണയാഭ്യർഥന നിരസിച്ചു; നെയ്യാറ്റിൻകര സ്റ്റാൻഡിൽ വീണ്ടും പെൺകുട്ടിക്ക് മർദനം.*

Aswathi Kottiyoor

ആഡംബര വീട്ടിലെ രഹസ്യ അറയിൽ 200 കുപ്പികൾ, 12 ബ്രാൻഡുകൾ, ഡ്രൈ ഡേ കച്ചവടം പൊടിപൂരം, ‘വരുമാനം’ ഒരു ലക്ഷം രൂപ

Aswathi Kottiyoor

ആശുപത്രി നിക്ഷേപ തട്ടിപ്പ്; ഉടമയെ അന്വേഷിച്ചെത്തിയ യുവതിയെയും മകനെയും ഗേറ്റിനുള്ളിൽ പൂട്ടിയിട്ടതായി പരാതി

Aswathi Kottiyoor
WordPress Image Lightbox