23.3 C
Iritty, IN
July 27, 2024
  • Home
  • Kerala
  • നാലുമാസം പിന്നിട്ട് മണിപ്പുർ കലാപം ; ദുരിതക്കയത്തിൽ അഭയാർഥികൾ
Kerala

നാലുമാസം പിന്നിട്ട് മണിപ്പുർ കലാപം ; ദുരിതക്കയത്തിൽ അഭയാർഥികൾ

മണിപ്പുരിൽ കലാപം പൊട്ടിപ്പുറപ്പെട്ട്‌ നാലു മാസം പൂർത്തിയാകുമ്പോഴും എഴുപതിനായിരത്തോളം പേർ സംസ്ഥാനത്തിന്‌ അകത്തും പുറത്തും അഭയാർഥികളായി തുടരുന്നു. ഇവർക്ക്‌ ആശ്വാസം പകരാൻ കേന്ദ്ര– -സംസ്ഥാന സർക്കാരുകൾക്ക്‌ കഴിഞ്ഞിട്ടില്ല. ബിജെപിയുടെ ഇരട്ട എൻജിൻ സർക്കാർ കലാപം തടയുന്നതിൽ മാത്രമല്ല, അഭയാർഥികൾക്ക്‌ സഹായം ലഭ്യമാക്കുന്നതിലും പൂർണ പരാജയമാണ്‌. മെയ്‌ത്തീകൾ ഇംഫാൽ താഴ്‌വരയിലും കുക്കികൾ പർവതമേഖലകളിലും അഭയാർഥി ക്യാമ്പുകളിലാണ്‌ കഴിയുന്നത്‌. നൂറുകണക്കിന്‌ കുക്കികൾ അയൽസംസ്ഥാനമായ മിസോറമിലും അഭയം തേടി. മിസോറമിലെ ന്യൂനപക്ഷക്കാരായ മെയ്‌ത്തീകൾ അസമിലേക്ക്‌ പ്രവഹിച്ചു. കുക്കി വിഭാഗക്കാരിൽ ഗുരുതര രോഗം ബാധിച്ചവർക്ക്‌ അടക്കം ചികിത്സാർഥം ഇംഫാലിൽ എത്താനാകുന്നില്ല. പർവതമേഖലകളിലാകട്ടെ ചെറിയ ആശുപത്രികൾ മാത്രമാണ്‌. പണം മുടക്കാൻ ശേഷിയുള്ളവർക്ക്‌ മിസോറമിലേക്കും നാഗാലാൻഡിലേക്കും ഹെലികോപ്‌റ്ററിൽ പോകാം.

പതിനായിരക്കണക്കിന്‌ കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങി. ദീർഘകാലം അടച്ചിട്ട സ്‌കൂളുകൾ തുറക്കുമെന്ന്‌ സർക്കാർ പ്രഖ്യാപിച്ചെങ്കിലും ഇംഫാലിൽ മാത്രമാണ്‌ സ്‌കൂളുകൾ തുറന്നത്‌. ഇവിടെയും അഭയാർഥി ക്യാമ്പുകളിൽ കഴിയുന്ന കുട്ടികൾക്ക്‌ പഠനം തുടരാനാകുന്നില്ല. പർവതമേഖലകളിൽ സർക്കാർ സ്‌കൂളുകൾ ഏറിയപങ്കും അഭയാർഥി ക്യാമ്പുകളാണ്‌. സ്വകാര്യസ്‌കൂളുകളിൽ കുറച്ചെണ്ണം തുറന്നെങ്കിലും കുട്ടികളില്ല. രക്ഷിതാക്കളുടെ സാമ്പത്തിക പരാധീനത തന്നെ കാരണം. അഭയാർഥി ക്യാമ്പുകളിൽ ശുചിത്വസൗകര്യങ്ങൾ പരിമിതം. പകർച്ചവ്യാധികൾക്ക്‌ സാധ്യതയേറെ.

ക്യാമ്പുകളിൽ സ്‌ത്രീകളും കുട്ടികളും രോഗികളും മാത്രമാണ്‌ സ്ഥിരമായി കാണുന്നത്‌. ചെറുപ്പക്കാരെല്ലാം ഗ്രാമങ്ങളിൽ ‘പ്രതിരോധജോലി’യിലാണ്‌. രാപകൽ കാവൽ നിൽക്കണം. അല്ലെങ്കിൽ ‘ശത്രുക്കൾ’ ഗ്രാമം കൈയേറും. ഊഴം വച്ചാണ്‌ കാവൽ. കേന്ദ്ര–- സംസ്ഥാന സേനകൾ പ്രധാന റോഡുകളിൽ മാത്രമാണുള്ളത്‌.

ഇംഫാലിൽനിന്ന്‌ കുക്കികളെ പൂർണമായി ഒഴിപ്പിച്ചു
കലാപം അവസാനിക്കാത്ത മണിപ്പുരിലെ ഇംഫാൽ താഴ്‌വരയിൽ അവശേഷിച്ചിരുന്ന കുക്കികളെക്കൂടി സംസ്ഥാന ബിജെപി സർക്കാർ നിർബന്ധപൂർവം ഒഴിപ്പിച്ചു. ഇവരെ കുക്കികൾ കൂടുതലായുള്ള കാങ്‌പോക്‌പി ജില്ലയിലേക്ക്‌ മാറ്റി. താഴ്‌വരയിൽനിന്ന്‌ കുക്കികളെ ബലംപ്രയോഗിച്ച്‌ ഒഴിപ്പിച്ച നടപടിക്കെതിരായി കുക്കി സംഘടനകൾ പ്രതിഷേധിച്ചു. എത്രയുംവേഗം പ്രത്യേക ഭരണമേഖല കുക്കികൾക്കായി ഒരുക്കാൻ സംഘടനകൾ കേന്ദ്രസർക്കാരിനോട്‌ ആവശ്യപ്പെട്ടു.

ഇംഫാൽ നഗരത്തിലെ ന്യൂ ലമ്പുലേൻ മേഖലയിൽ കഴിഞ്ഞിരുന്ന 10 കുക്കി കുടുംബത്തെയാണ്‌ നിർബന്ധപൂർവം ഒഴിപ്പിച്ചത്‌. ശനിയാഴ്‌ച പുലർച്ചെ യൂണിഫോം ധാരികളായ ഒരു സംഘമെത്തി ഇവരെ വാഹനങ്ങളിൽ കയറ്റുകയായിരുന്നു. ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശപ്രകാരമെന്ന്‌ പറഞ്ഞായിരുന്നു ഒഴിപ്പിക്കൽ. 24 പേരെ വാഹനങ്ങളിൽ കയറ്റി താഴ്‌വരയിൽനിന്ന്‌ കടത്തി.

ദശകങ്ങളായി ന്യൂ ലമ്പുലേനിൽ മുന്നൂറോളം കുക്കി കുടുംബങ്ങൾ താമസിച്ചിരുന്നു. കലാപം ആരംഭിച്ചതോടെ അവർ ഘട്ടംഘട്ടമായി പ്രദേശം വിട്ടു. വീടുകളും സ്വത്തുക്കളും മറ്റും സംരക്ഷിക്കാൻ അവിടെ തുടർന്നിരുന്ന 24 പേരെയാണ്‌ കഴിഞ്ഞ ദിവസം സർക്കാർ ഒഴിപ്പിച്ചത്‌. ഒട്ടും സാവകാശം നൽകാതെയായിരുന്നു ഒഴിപ്പിക്കലെന്ന്‌ വളന്റിയറായ പ്രിം വായ്ഫീ പറഞ്ഞു. രാത്രി ഉറങ്ങുമ്പോഴാണ്‌ പൊലീസ്‌ എത്തിയത്‌. വാതിലിൽ തുടർച്ചയായി ആഞ്ഞടിച്ചു. തുറന്നപ്പോൾ വേഗം പുറത്തിറങ്ങാൻ ആവശ്യപ്പെട്ടു. പലരെയും വലിച്ചിഴച്ചാണ്‌ വാഹനങ്ങളിൽ കയറ്റിയത്‌. ഉടുത്ത വസ്‌ത്രത്തോടെ പോരേണ്ടി വന്നു. ഒന്നും എടുക്കാൻപോലും അനുവദിച്ചില്ല–- വായ്‌ഫീ പറഞ്ഞു.

നിർബന്ധിത ഒഴിപ്പിക്കലിനെ ശക്തമായി അപലപിക്കുന്നുവെന്ന്‌ കുക്കി സംഘടനയായ കുക്കി ഇൻപി മണിപ്പുർ അറിയിച്ചു. ഇപ്പോൾ മെയ്‌ത്തീകളും കുക്കികളും പൂർണമായും വേർപിരിഞ്ഞു കഴിഞ്ഞു. ഈ വേർപിരിയലിനെ കേന്ദ്രസർക്കാർ ഇനി വേഗത്തിൽ ഭരണഘടനാപരമായി അംഗീകരിക്കണം. പ്രത്യേക ഭരണമേഖല അനുവദിക്കണം–- കുക്കികൾ ആവശ്യപ്പെട്ടു

Related posts

കോവിഡ്: അവയവമാറ്റം വേണ്ടവർ പ്രതിസന്ധിയിൽ, രാജ്യത്തു ദിവസവും 17 പേരെങ്കിലും മരിക്കുന്നു.

Aswathi Kottiyoor

ആറളം ഫാമിലെ കാട്ടാനശല്യം മുഖ്യമന്ത്രി ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചു ചേർക്കണം

Aswathi Kottiyoor

സിം​ഗ​പ്പൂ​രി​ലും നി​യ​ന്ത്ര​ണം; ഇ​ന്ത്യ​യി​ല്‍ നി​ന്നു​ള്ള​വ​ർ​ക്ക് യാ​ത്രാ വി​ല​ക്ക്

Aswathi Kottiyoor
WordPress Image Lightbox