സിഡ്നി: പാമ്പുകളിൽ കാണപ്പെടുന്ന വിരയെ ആദ്യമായി ജീവനോടെ മനുഷ്യമസ്തിഷ്കത്തിൽനിന്ന് പുറത്തെടുത്തു. ഓസ്ട്രേലിയയിലെ കാൻബറ ആശുപത്രിയിൽ കഴിഞ്ഞവർഷമാണ് സംഭവം. ന്യൂ സൗത്ത് വെയ്‌ൽസിലെ അറുപത്തിനാലുകാരിയുടെ തലച്ചോറിൽനിന്നാണ് എട്ടു സെന്റിമീറ്റർ നീളമുള്ള വിരയെ കിട്ടിയത്. കംഗാരുക്കളിലും ഓസ്ട്രേലിയയിൽ കാണപ്പെടുന്ന പെരുമ്പാമ്പിനമായ കാർപെറ്റ് പൈതണിലും കാണുന്ന പരാദമാണിത്.ഒഫിഡാസ്കാരിസ് റോബേർട്സി എന്നാണ് ഇതിനു പേര്. ആദ്യമായാണ് ഒഫിഡാസ്കാരിസിനെ മനുഷ്യനിൽ കണ്ടെത്തിയതെന്ന് കാൻബറ ആശുപത്രിയിലെ സാംക്രമികരോഗ വിദഗ്‌ധൻ ഡോ. സഞ്ജയ സേനാനായകെ പറഞ്ഞു. 2021 ജനുവരിയിൽ വയറുവേദനയും വയറിളക്കവുമായാണ് സ്ത്രീ ആദ്യം ആശുപത്രിയിലെത്തിയത്. മൂന്നാഴ്ച നീണ്ട ഈ അവസ്ഥയ്ക്കുശേഷം അവർക്ക് ചുമയുണ്ടായി. രാത്രി വിയർക്കാനും തുടങ്ങി. ഇതിനു മാറ്റമുണ്ടാകാഞ്ഞതിനാൽ മൂന്നാഴ്ചയ്ക്കുശേഷം ഇവർ വീണ്ടും ആശുപത്രിയിലെത്തി. അപ്പോഴേക്കും ഓർമക്കുറവും വിഷാദവും അവരെ പിടികൂടിയിരുന്നു. പലവിധ ചികിത്സകളും നടത്തി. അക്കൂട്ടത്തിൽ തലച്ചോറിന്റെ എം.ആർ.ഐ. സ്കാനുമെടുത്തു. അപ്പോഴാണ് തലച്ചോറിന്റെ ഇടതുഭാഗത്ത് മുന്നിലായി ക്ഷതം കണ്ടത്. അതിനുള്ളിൽ നൂലുപോലുള്ള ഒരു സാധനവും കണ്ടു. ബയോപ്സിക്കായി അതു തുറന്നപ്പോഴാണ് പുളയുന്ന ചുവന്ന വിരയെ കിട്ടിയത്.2022 ജൂണിൽ ലഭിച്ച ഈ വിരയുടെ ഡി.എൻ.എ. പരിശോധിച്ചാണ് പാമ്പുകളിൽ കാണപ്പെടുന്ന പരാദമാണെന്നു മനസ്സിലാക്കിയത്. വീടിനടുത്തുനിന്ന് ഭക്ഷ്യയോഗ്യമായ ഇലകൾ ശേഖരിച്ചപ്പോഴാകാം ഈ വിരയുടെ ലാർവ സ്ത്രീയുടെ ഉള്ളിലെത്തിയതെന്നാണ് ഗവേഷകരുടെ നിഗമനം..