ഓണക്കാലത്ത് വിപണി വില നിയന്ത്രിക്കാൻ സർക്കാർ ഇടപെടൽ ഫലപ്രദമെന്ന് കണക്കുകൾ. സപ്ലൈകോ ഓണക്കാലത്ത് നടത്തിയത് 170 കോടി രൂപയുടെ വിൽപ്പന. 19 മുതൽ 28 വരെ നടന്ന വിൽപ്പനയുടെ കണക്കാണിത്. സപ്ലൈകോ ജില്ലാ ചന്തകളിൽ ഏഴുകോടിയുടെ വിൽപ്പന നടന്നു. ഇക്കാലയളവിൽ 32 ലക്ഷം കാർഡ് ഉടമകൾ 13 ഇന അവശ്യസാധനങ്ങൾ വാങ്ങാനെത്തി. യുഡിഎഫ് പ്രചാരണങ്ങളെ അപ്രസക്തമാക്കുന്നതാണ് വിൽപ്പനയിലെ മുന്നേറ്റവും വിലക്കുറവിലുള്ള സാധനങ്ങളുടെ എണ്ണക്കൂടുതലും.
2000 പച്ചക്കറി ചന്തയിലായി വിൽപ്പന നടന്നത് 2681.42 മെട്രിക് ടൺ പച്ചക്കറി. കൃഷിവകുപ്പ് 1076.37 മെട്രിക് ടണ്ണും വിഎഫ്‌പിസികെ 233.33 മെട്രിക് ടണ്ണും ഹോട്ടികോർപ്പ് 1371 .72 മെട്രിക് ടണ്ണും വിവിധ ചന്തകളിലായി നൽകി. കർഷകരിൽനിന്ന് പൊതുവിപണിയേക്കാൾ 10 ശതമാനം അധികം വില നൽകിയാണ് പച്ചക്കറികൾ സംഭരിച്ചത്. 26,093 കർഷകർക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു. നാലുനാൾ നീണ്ട ചന്തകളിൽ 2,40,836 പേരെത്തി. 14.18 കോടിയുടെ കച്ചവടമാണ് നടന്നത്.
കൺസ്യൂമർഫെഡ് 1500 ചന്തയും സംസ്ഥാനത്ത് ഓണക്കാലത്ത് സംഘടിപ്പിച്ചു. 13 ഇന അവശ്യസാധനങ്ങളുടെ വിൽപ്പന ഇവിടെയും നടന്നിരുന്നു. പത്തുമുതൽ 40 ശതമാനംവരെ സാധനങ്ങൾക്ക് വിലക്കുറവ് നൽകി. സപ്ലൈകോ ചന്തകളോടും കൺസ്യൂമർ ചന്തകളോടും അനുബന്ധിച്ച് പച്ചക്കറികളും ലഭ്യമാക്കിയിരുന്നു. ഇത് കൂടാതെ സിപിഐ എം നേതൃത്വത്തിലുള്ള പച്ചക്കറി ചന്തകളും വിലക്കുറവിൽ സാധനങ്ങൾ നൽകി.
‘സാധനങ്ങൾക്ക്
വിലക്കുറവ്’
സാധനങ്ങൾക്ക് തീവിലയാണെന്ന പല്ലവിയുമായി ജനങ്ങളുടെ പ്രതികരണം ആരാഞ്ഞ് പച്ചക്കറിച്ചന്തകളിൽ എത്തിയ ഒരുവിഭാഗം മാധ്യമങ്ങൾക്ക് കിട്ടിയത് തിരിച്ചടി. വീട്ടമ്മാർ ഉൾപ്പെടെ വിലക്കുറവിന്റെ ഓണമെന്ന് ഒന്നിച്ചു പറഞ്ഞു. ആഴ്‌ചകൾക്കുമുമ്പ് വലിയ വിലയുണ്ടായിരുന്ന പല സാധനങ്ങൾക്കും മൂന്നിലൊന്ന് വിലമാത്രം. തക്കാളി ഉത്രാടദിനത്തിൽ ലഭിച്ചത് മുപ്പത് രൂപയ്ക്ക്. പയർവർഗങ്ങൾക്കും വില കുത്തനെ കുറഞ്ഞു. സർക്കാരിന്റെ കരുതൽ ശരിക്കും അനുഭവിച്ചറിയുകയായിരുന്നു സാധാരണ ജനങ്ങൾ