• Home
  • Kerala
  • ഹാപ്പി ഓണം ; അതിദരിദ്രരില്ലാത്ത കേരളം , ആദ്യഘട്ടമായി
Kerala

ഹാപ്പി ഓണം ; അതിദരിദ്രരില്ലാത്ത കേരളം , ആദ്യഘട്ടമായി

വ്യാജവാർത്തകൾകൊണ്ട്‌ പുകമറ സൃഷ്ടിക്കാൻ മാധ്യമങ്ങളും പ്രതിപക്ഷവും ശ്രമിക്കുമ്പോഴും ജനങ്ങൾക്ക്‌ കൊടുത്ത വാഗ്ദാനങ്ങൾ ഒന്നൊന്നായി നിറവേറ്റി എൽഡിഎഫ്‌ സർക്കാർ മുന്നോട്ട്‌. മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച ‘അതിദരിദ്രരില്ലാത്ത കേരളം’ എന്ന മാതൃകാപദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയായി.

സർക്കാർ ദത്തെടുത്ത 64,006 കുടുംബത്തിൽ ഏറ്റവും അടിയന്തര സഹായം ആവശ്യമായവർക്ക്‌ അതെത്തിക്കുന്ന ഘട്ടമാണ്‌ പൂർത്തിയായത്‌. നാലായിരത്തോളം കുടുംബങ്ങളിൽ ആഹാരമെത്തിക്കാൻ സംവിധാനമായി. ആഹാരം തനിച്ച്‌ കഴിക്കാൻ ശേഷിയില്ലാത്തവർക്ക്‌ സഹായികളെയും ഏർപ്പെടുത്തി. അടിയന്തര ആരോഗ്യ പരിശോധന നടത്തി ചികിത്സയും മരുന്നും ഉറപ്പാക്കി. തുടർപരിശോധനയും ചികിത്സയും മരുന്നും തൊട്ടടുത്തുള്ള സർക്കാർ ആരോഗ്യ കേന്ദ്രത്തിൽനിന്ന്‌ നൽകുന്നതിനും സംവിധാനമൊരുക്കി. അയ്യായിരം പേർക്ക്‌ റേഷൻ കാർഡ്‌ നൽകി. ആധാർ, വോട്ടർ ഐഡി, റേഷൻ കാർഡ്‌ എന്നീ അടിസ്ഥാന രേഖകൾ എല്ലാവർക്കും ഉറപ്പുവരുത്തുമെന്ന്‌ പദ്ധതിയുടെ ഭാഗമായി പ്രഖ്യാപിച്ചിരുന്നു. ആഹാരം, ആരോഗ്യം, അവകാശരേഖ എന്നിവ ഉറപ്പുവരുത്തലാണ്‌ ഈ വർഷം നവംബറിനുള്ളിൽ പൂർത്തിയാക്കാൻ തീരുമാനിച്ചിരുന്നത്‌. എല്ലാവർക്കും വരുമാനവും വാസസ്ഥലവും കൂടി ഉറപ്പുവരുത്തി 2025 കേരള പിറവിക്ക്‌ പദ്ധതി പൂർത്തീകരിക്കാനാണ്‌ ലക്ഷ്യമിടുന്നത്‌.

5 ലക്ഷത്തിലെത്തി ഓണക്കിറ്റ്‌ വിതരണം
മഞ്ഞകാർഡുകാർക്കും ക്ഷേമസ്ഥാപനങ്ങൾക്കുമുള്ള സംസ്ഥാന സർക്കാരിന്റെ ഓണക്കിറ്റിന്റെ വിതരണം അഞ്ചുലക്ഷത്തിലേക്ക്‌. ഉത്രാടദിനത്തിൽമാത്രം രണ്ടരലക്ഷത്തോളം കിറ്റുകൾ വിതരണംചെയ്‌തു. റേഷൻ കടകൾ രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെ പ്രവർത്തിച്ചു. മൊത്തം 5,87,691 മഞ്ഞകാർഡുകാർക്കാണ്‌ കിറ്റ്‌ അനുവദിച്ചിരുന്നത്‌. ഇതിൽ 4,95,634 കിറ്റുകൾ വിതരണം ചെയ്‌തു. വിതരണം ചെയ്യേണ്ട ബാക്കി കിറ്റുകളിൽ 37,000 എണ്ണവും കോട്ടയം ജില്ലയിലാണ്‌. ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാർക്കായി 20,000 കിറ്റുകളും വിതരണം ചെയ്‌തു. കിറ്റ്‌ വാങ്ങാൻ കഴിയാത്തവർക്ക്‌ വെള്ളിയാഴ്‌ച റേഷൻ കടകളിലെത്തി കൈപ്പറ്റാൻ അവസരമുണ്ടെന്ന്‌ ഭക്ഷ്യമന്ത്രി ജി ആർ അനിൽ പറഞ്ഞു.

കൂടുതൽ ചെലവഴിച്ചു, ആനുകൂല്യം നൽകി
സമൂഹത്തിലെ എല്ലാ ജനവിഭാഗങ്ങൾക്കും ധനസഹായമെത്തുന്നവിധത്തിലാണ്‌ ഇക്കുറി ഓണക്കാലത്ത്‌ സർക്കാർ ധനവിനിയോഗം നടത്തിയത്‌. ഓണത്തിനായി 18, 000 കോടി രൂപയാണ്‌ സർക്കാർ ജനങ്ങളിലേക്ക്‌ എത്തിച്ചത്‌. സർക്കാർ ജീവനക്കാർക്കും കണ്ടിൻജൻസി ഉൾപ്പെടെ എല്ലാവർക്കും ആനുകൂല്യമെത്തിച്ചു. 60 ലക്ഷം പേർക്ക്‌ രണ്ടുമാസത്തെ ക്ഷേമപെൻഷൻ ഒന്നിച്ച്‌ നൽകി. കൈത്തറി, കയർ, മത്സ്യം, ഖാദി, ബീഡി, ഈറ്റ–-പനമ്പ്‌ തുടങ്ങി പരമ്പരാഗത മേഖലയിലും ഓണം സമൃദ്ധമാക്കാൻ പണമെത്തിച്ചു. ലോട്ടറി, തൊഴിലുറപ്പ്‌, 60 കഴിഞ്ഞ പട്ടികവർഗക്കാർ തുടങ്ങി ഓണം ആനുകൂല്യം കൂടുതൽ മേഖലയിലേക്ക്‌ വ്യാപിപ്പിച്ചു. 3100 ഓണച്ചന്ത വഴിയും വിലക്കയറ്റം പിടിച്ചുനിർത്തി. സിക്കിൾസെൽ അനീമിയ രോഗികൾക്കും ഈവർഷം ആദ്യമായി ഓണക്കിറ്റ്‌ നൽകി

Related posts

കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങൾ; മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു

Aswathi Kottiyoor

നെൽകർഷകർക്ക് ഓണത്തിന് കുമ്പിളിൽ കഞ്ഞി; 400 കോടി വായ്പ കിട്ടിയേക്കില്ല

Aswathi Kottiyoor

ഇന്ന് മെട്രോയിൽ ഒരുമണിക്കൂർ സൗജന്യയാത്ര

Aswathi Kottiyoor
WordPress Image Lightbox